Photo credit: www.facebook.com/goindigo.in 
Travel

പുര കത്തുമ്പോള്‍ വാഴ വെട്ടുന്നു; ബോയിംഗ് സമരം മുതലെടുക്കാന്‍ എ.ടി.ആര്‍

വിമാന പാര്‍ട്‌സുകളുടെ നിര്‍മ്മാണത്തിന് ഇന്ത്യയുമായി സഹകരിക്കാമെന്ന് വാഗ്ദാനം

Dhanam News Desk

30,000 ജീവനക്കാര്‍ തീകൊളുത്തിയ സമരച്ചൂളയിലാണ് ലോകത്തെ പ്രധാന വിമാന നിര്‍മ്മാണ കമ്പനിയായ അമേരിക്കയിലെ ബോയിംഗ്. നാലു ദിവസം മുമ്പ് ആരംഭിച്ച സമരം എന്ന് അവസാനിക്കുമെന്ന് പറയാനായിട്ടില്ല. ഫാക്ടറികളില്‍ ഉല്‍പ്പാദനം നിലച്ചിരിക്കുകയാണ്. വിവിധ രാജ്യങ്ങളില്‍ നിന്ന് പുതിയ വിമാനങ്ങള്‍ക്കായുള്ള ഓര്‍ഡറുകള്‍ മുടങ്ങിക്കിടക്കുന്നു. സമരം നീണ്ടാല്‍ കമ്പനിയുടെ ബിസിനസ് താളം തെറ്റുമെന്നുറപ്പ്. ഈ അവസരം മുതലെടുക്കാനാണ് യൂറോപ്പിലെ പ്രമുഖ കമ്പനിയായ  എ.ടി.ആര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ വ്യോമയാന മേഖലയില്‍ ബ്രാന്റിംഗ് നടത്താന്‍ എ.ആര്‍.ആറിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നേരിട്ട് ഇറങ്ങിയിരിക്കുകയാണ്. വ്യോമയാന രംഗത്തെ സാധ്യതകള്‍, എയര്‍ലൈന്‍ കമ്പനികളുമായി സഹകരിക്കാനുള്ള എ.ടി.ആറിന്റെ സന്നദ്ധത തുടങ്ങി ഇന്ത്യക്ക് അനുകൂലമായ പാക്കേജുമായി രംഗത്തെത്തിയിരിക്കുകയാണ് എ.ടി.ആര്‍ ചീഫ്  കമേഴ്‌സ്യല്‍ ഓഫീസറായ അലക്‌സി വിഡാല്‍. ഇന്ത്യന്‍ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐക്ക് അദ്ദേഹം നല്‍കിയ അഭിമുഖത്തില്‍ ഇന്ത്യയില്‍ കൂടുതല്‍ സഹകരണത്തിന് എ.ടി.ആര്‍ തയ്യാറാണെന്ന് വ്യക്തമാക്കി.

ഇന്ത്യക്ക് വേണം 200 വിമാനങ്ങള്‍

യൂറോപ്പിലെ പ്രമുഖ എയര്‍ക്രാഫ്റ്റ് കമ്പനികളായ എയര്‍ബസിന്റെയും ലിയാനാഡോയുടെയും സംയുക്ത സംരംഭമായ എ.ടി.ആര്‍ (ഏവിയേഷന്‍ ഡി ട്രാന്‍സ്‌പോര്‍ട്ട് റീജ്യണല്‍) നിലവില്‍ ഇന്ത്യന്‍ എയര്‍ലൈന്‍ മേഖലയില്‍ അറിയപ്പെടുന്ന ബ്രാന്റാണ്.100 രാജ്യങ്ങളിലായി 200 എയര്‍ലൈന്‍ കമ്പനികളാണ് ഇവരുടെ ഉപഭോക്താക്കള്‍. എ.ടി.ആറിന്റെ 70 വിമാനങ്ങളാണ് ഇന്ത്യയില്‍ ഉപയോഗിക്കുന്നത്. ഇന്‍ഡിഗോ, അലയന്‍സ് എയര്‍, ഫ്‌ളൈ 91 എന്നിവര്‍ എ.ടി.ആര്‍ വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. എയര്‍ ഇന്ത്യയും ആകാശ എയറും ബോയിംഗ് വിമാനങ്ങളാണ് പ്രധാനമായി ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ അടുത്ത 10 വര്‍ഷത്തിനിടെ 200 പുതിയ വിമാനങ്ങളുടെ ആവശ്യകതയുണ്ടെന്നാണ് എ.ടി.ആര്‍ കമേഴ്‌സ്യല്‍ വിഭാഗം മേധാവി ചൂണ്ടിക്കാട്ടുന്നത്. വിമാനങ്ങളുടെ പാര്‍ട്‌സുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതിനുള്ള സഹകരണ പദ്ധതി കൂടി ഇവര്‍ മുന്നോട്ടു വെക്കുന്നുണ്ട്.

300 പുതിയ റൂട്ടുകളുടെ സാധ്യത

ഇന്ത്യയില്‍ ആഭ്യന്തര സര്‍വ്വീസിന് സഹായിക്കുന്ന 300 പുതിയ റൂട്ടുകളുടെ സാധ്യതയും അലക്‌സി വിഡാല്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് ഇടത്തരം നഗരങ്ങള്‍ വളരുകയാണ്. ഇവ തമ്മിലുള്ള എയര്‍ കണക്ടിവിറ്റിക്ക്‌ സാധ്യത കൂടുതലാണ്. 750 കിലോമീറ്ററിനുള്ളിലുള്ള നഗരങ്ങള്‍ക്കിടയിലാണ് പുതിയ സാധ്യതകളുള്ളത്. നിലവില്‍ അടുത്തടുത്ത നഗരങ്ങള്‍ക്കിടയില്‍ മൂന്നു ശതമാനം മാത്രമാണ് വിമാനയാത്ര നടക്കുന്നത്. 97 ശതമാനവും കാര്‍,ബസ് അല്ലെങ്കില്‍ ട്രെയിന്‍ യാത്രകളാണ്. എയര്‍ലൈന്‍ കമ്പനികള്‍ ഉപയോഗപ്പെടുത്തേണ്ടത് ഈ സാധ്യതകളാണ്. നിലവിലുള്ള മൂന്നു ശതമാനം ഒമ്പത് ശതമാനമായി ഉയര്‍ത്താന്‍ കഴിഞ്ഞാല്‍ അത് വലിയ ബിസിനസ് കുതിപ്പുണ്ടാക്കുമെന്ന് അലക്‌സി ചൂണ്ടിക്കാട്ടുന്നു.

ബോയിംഗ് താല്‍കാലിക അടച്ചിടലില്‍

സെപ്തംബര്‍ 13 ന് ബോയിംഗ് കമ്പനിയില്‍ സാങ്കേതിക തൊഴിലാളികള്‍ ആരംഭിച്ച സമരത്തെ തുടര്‍ന്ന് കമ്പനി ഫാക്ടറികള്‍ താല്‍കാലിക അടച്ചിടലിലാണ്. സമരം മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം കുറക്കാന്‍ കമ്പനി കഴിഞ്ഞ ദിവസം കടുത്ത തീരുമാനങ്ങളെടുത്തിട്ടുണ്ട്. എക്‌സിക്യൂട്ടീവ് തസ്തികകളിലുള്ളവരുടെ യാത്രകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി. പ്രമോഷന്‍ ലഭിച്ച എക്‌സിക്യൂട്ടീവുകള്‍ക്കുള്ള ശമ്പള വര്‍ധന താല്‍കാലികമായി ഉണ്ടാകില്ലെന്ന് അറിയിച്ചിട്ടുണ്ട്. കടുത്ത വ്യാപാര പ്രതിസന്ധിയിലേക്കാണ് കമ്പനി പോകുന്നതെന്ന് ബോയിംഗ് മാനേജ്‌മെന്റ് പ്രസ്താവനയില്‍ അറിയിച്ചു. സമരം ചെയ്യുന്നവരുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച പെട്ടെന്ന് ആരംഭിക്കും. ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് മെഷിനിസ്റ്റ്‌സ് ആന്റ് എയറോസ്‌പേസ് വര്‍ക്കേഴ്‌സുമായി (ഐ.എ.എം) ബോയിംഗ് കമ്പനി ഉണ്ടാക്കാനിരുന്ന തൊഴില്‍ കരാറുമായുള്ള വിയോജിപ്പാണ് സമരത്തിന്റെ അടിസ്ഥാന കാരണം. നാലു വര്‍ഷത്തിനുള്ളില്‍ 25 ശതമാനം ശമ്പള വര്‍ധനവാണ് കമ്പനി മുന്നോട്ടുവെച്ചത്. കമ്പനിയുടെ ഉല്‍പാദന പ്ലാന്റ്, തൊഴിലാളി യൂണിയനുകള്‍ക്ക് അനുമതിയില്ലാത്ത തെക്കന്‍ കാലിഫോര്‍ണിയയിലേക്ക് മാറ്റുമെന്നും കമ്പനി അറിയിച്ചിരുന്നു. കരാറിലെ വ്യവസ്ഥകള്‍ തൊഴിലാളികള്‍ അംഗീകരിച്ചില്ല. 40 ശതമാനം ശമ്പള വര്‍ധന വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഉല്‍പാദന യൂണിറ്റ് സിയാറ്റിലില്‍ നിന്ന് മാറ്റുന്നതിനെയും അവര്‍ എതിര്‍ക്കുകയാണ്. സമരം ചെയ്യുന്ന ജീവനക്കാര്‍ കമ്പനി ഓഫീസുകള്‍ക്ക് മുന്നില്‍ പിക്കറ്റിംഗ് നടത്തുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT