Image : Canva 
Travel

ഈ ഓണക്കാലത്ത് 999 രൂപയ്ക്ക് 3 ജില്ലകളിലെ ജലാശയങ്ങളിലൂടെ വിനോദ യാത്ര നടത്താം

മറൈന്‍ ഡ്രൈവില്‍ നിന്ന് തുടങ്ങി കോട്ടയം പാലായ്ക്കരിയിലേക്കുള്ള ക്രൂസിന് ഞായറാഴ്ച തുടക്കം

Dhanam News Desk

999 രൂപയ്ക്ക് കേരളത്തിലെ മൂന്ന് ജില്ലകളിലെ ജലാശയങ്ങളിലൂടെ യാത്ര ചെയ്യാന്‍ അവസരമൊരുക്കുകയാണ് കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള ഷിപ്പിംഗ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍(കെ.എസ്.ഐ.എന്‍.സി). മത്സ്യഫെഡിന്റെ പാലായ്ക്കരി യൂണിറ്റുമായി സഹകരിച്ച് ഒരുക്കുന്ന ആദ്യ കായൽ യാത്ര ഞായറാഴ്ച (ആഗസ്റ്റ് 13) രാവിലെ 10 മണിക്ക് കൊച്ചി മറൈന്‍ഡ്രൈവില്‍ നിന്ന് തുടങ്ങും.

കേരളത്തിലെ മൂന്നു ജില്ലകളെ കോര്‍ത്തിണക്കി കുറഞ്ഞ ചെലവില്‍ ഒറ്റ ദിവസത്തെ യാത്ര നടത്തുന്ന ആദ്യ ക്രൂസായിരിക്കുമിതെന്ന് കെ.എസ്.ഐ.എന്‍.സി മാനേജിംഗ് ഡയറക്ടര്‍ ആര്‍.ഗിരിജ പറഞ്ഞു. പരീക്ഷണമെന്നനിലയില്‍ ആദ്യ ഘട്ടത്തില്‍ ശനിയും ഞായറും മാത്രമാണ് യാത്ര. മികച്ച പ്രതികരണം ലഭിച്ചാല്‍ എല്ലാദിവസങ്ങളിലും യാത്ര ഒരുക്കും. കൂടാതെ ഓണാവധിക്കാലത്ത് എല്ലാ ദിവസവും സേവനമുണ്ടാകുമെന്നും ഗിരിജ പറഞ്ഞു.

ഉള്‍നാടന്‍ കാഴ്ചകള്‍ കണ്ട്

എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ഉള്‍നാടന്‍ കാഴ്ചകള്‍ ആസ്വദിച്ച് ഉച്ച ഭക്ഷണവും കഴിഞ്ഞ് വൈകിട്ട് 5 ന് തിരിച്ചെത്തുന്ന രീതിയിലാണ് ബോട്ടിംഗ് ക്രമീകരിച്ചിരിക്കുന്നത്. മറൈന്‍ ഡ്രൈവിലെ കെ.എസ്.ഐ.എന്‍.സി ക്രൂസ് ടെര്‍മിനലില്‍ നിന്ന് പുറപ്പെട്ട് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, തേവര, ഇടക്കൊച്ചി, അരൂര്‍, പാണാവള്ളി, പെരുമ്പളം, പൂത്തോട്ട വഴി പാലായ്ക്കരി മത്സ്യഫെഡ് യൂണിറ്റില്‍ എത്തും. ഉച്ചഭക്ഷണവും കയാക്കിംഗ് ഉള്‍പ്പെടെയുള്ള വിനോദങ്ങളും ആസ്വദിച്ച് തിരിച്ച് കൊച്ചിയിലെത്തും. ചായ, ലഘുഭക്ഷണങ്ങള്‍, മീന്‍വിഭവങ്ങള്‍ കൂട്ടിയുള്ള ഉച്ച ഭക്ഷണം എന്നിവയും ഉള്‍പ്പെടെ ഒരാള്‍ക്ക് 999 രൂപയാണ് നിരക്ക്.

യാത്രാ വിവരങ്ങള്‍ക്കയി ഗൈഡും വിനോദ പരിപാടികളും ബോട്ടിലുണ്ടാകും. ഒരേ സമയം 80 പേര്‍ക്ക് യാത്ര ചെയ്യാവുന്ന മിഷേല്‍ ബോട്ടാണ് ഇതിനായി സജീകരിച്ചിരിക്കുന്നത്. ബുക്കിംഗിനും കൂടുതല്‍ വിവരങ്ങള്‍ക്കും 9846211143, 9744601234 എന്നീ നമ്പറുകളില്‍ വിളിക്കാം.വെബ്‌സൈറ്റിലൂടെ ബുക്കിംഗ് ഈ മാസം അവസാനം മുതല്‍ ലഭ്യമാകുമെന്നും ഗിരിജ ധനം ഓണ്‍ലൈനിനോട് പറഞ്ഞു. മറൈന്‍ ഡ്രൈവില്‍ നിന്ന് കടമക്കുടിയിലേക്കും ഞാറയ്ക്കലേക്കും കഴിഞ്ഞ വര്‍ഷം കെ.എസ്.ഐ.എന്‍.സി യാത്രകള്‍ ആരംഭിച്ചിരുന്നു.

കടല്‍ കാഴ്ചകള്‍ക്ക് ചെറുകപ്പലുകളും

കൊച്ചിയുടെ കടല്‍കാഴ്ചകളാസ്വദിക്കാന്‍ ചെറുകപ്പല്‍ യാത്രകളും കേരള ഷിപ്പിംഗ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ നടത്തുന്നുണ്ട്. ഈജിപ്തിലെ റാണിയായിരുന്ന നെഫര്‍റ്റിറ്റിയുടെ പേരിലുള്ള കപ്പലില്‍ നാല് മണിക്കൂറാണ് യാത്ര. സാഗര റാണി എന്ന ചെറുകപ്പലില്‍ രാവിലെ എട്ടു മുതല്‍ രാത്രി വരെ രണ്ടു മണിക്കൂര്‍ വീതമുള്ള കടല്‍ യാത്രാപാക്കേജുകളുമുണ്ട്.

കൂടാതെ ആദ്യ സോളാര്‍ വിനോദസഞ്ചാര നൗകയായ സൂര്യാംശുവിലും കടല്‍ യാത്രാ പാക്കേജുകളുണ്ട്. ക്രൂസ് വെസലുകള്‍ എന്നറിയപ്പെടുന്ന ഇവയും മികച്ച പ്രതികരണമാണ് നേടുന്നതെന്ന് ഗിരിജ പറഞ്ഞു.

കൊച്ചിന്‍ പോര്‍ട്രസ്റ്റിന്റെ സമുദ്രപരിധിയായ പതിനഞ്ചു കിലോമീറ്റര്‍ ദൂരം കടലിലേക്ക് സഞ്ചരിക്കാന്‍ സാഗരറാണിക്ക് അനുമതിയുണ്ട്. മണ്‍സൂണിനോടനുബന്ധിച്ചുള്ള നിരോധനം നിലനില്‍ക്കുന്നതിനാല്‍ ആഗ്‌സ്റ്റ് 30 വരെ സാഗരറാണി സര്‍വീസ് നടത്തില്ല. നെഫര്‍റ്റിറ്റിയും മൂന്നുവര്‍ഷത്തിലൊരിക്കലുള്ള അറ്റകുറ്റപണികളിലാണ്. സെപ്റ്റംബറോടെ ഇവയെല്ലാം പ്രവര്‍ത്തനസജ്ജമായി യാത്രകള്‍ ആരംഭിക്കുന്നതോടെ ഈ വര്‍ഷവും യാത്രക്കാരുടെ എണ്ണത്തില്‍ കാര്യമായി വര്‍ധനയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഗിരിജ പറഞ്ഞു.

ലാഭത്തിലേക്ക്

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ (2022-23) കെ.എസ്.ഐ.എന്‍.സി വര്‍ഷങ്ങള്‍ക്കു ശേഷം ലാഭം രേഖപ്പെടുത്തു. 29.6 കോടി രൂപയായിരുന്നു വരുമാനം. ലാഭം 1.7 കോടി രൂപയും. വിനോദ സഞ്ചാര യാത്രകള്‍ കൂടാതെ കാര്‍ഗോ ബിസിനസും ബംങ്കറിംഗ് ബിസിനസും കെ.എസ്.ഐ.എന്‍.സി നടത്തുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വരുമാനം ഈ വര്‍ഷം നേടാനാണ് കെ.എസ്.ഐ.എന്‍.സി ലക്ഷ്യമിടുന്നത്. സെപ്റ്റബര്‍ ആദ്യം മുതല്‍ മെയ് 31 വരെയാണ് ടൂറിസം സീസണ്‍. പുതിയ റൂട്ടുകളും ക്രൂസ് വെസലുകളും പൂര്‍ണമായി പ്രവര്‍ത്തനസജ്ജമാകുന്നതോടെ ലക്ഷ്യം കൈവരിക്കാനാകുമെന്ന് ഗിരിജ പ്രതീക്ഷ പ്രകടിപ്പിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT