Image Courtesy: keralartc.com 
Travel

ക്രിസ്മസ് സീസണ്‍: മഹാബലിപുരം മുതൽ കന്യാകുമാരി വരെ, അവധിക്കാലം മനോഹരമാക്കാന്‍ ടൂറിസം പാക്കേജുകളുമായി കെ.എസ്.ആർ.ടി.സി

ബോട്ടിംഗ്, ക്രൂയിസ് സാഹസിക യാത്രകളും ആസ്വദിക്കാം

Dhanam News Desk

ക്രിസ്മസ്-ന്യൂ ഇയര്‍ അവധിക്കാല ഉത്സവ സീസണ്‍ ആണ് ഡിസംബര്‍. അതുകൊണ്ട് തന്നെ നിരവധിയാളുകളാണ് ഈ മാസം യാത്ര പോകാന്‍ ആഗ്രഹിക്കുന്നത്. ഇവര്‍ക്കായി ബജറ്റ് ടൂറിസം ഓഫറുകളുമായി എത്തിയിരിക്കുകയാണ് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്‍ (കെ.എസ്.ആർ.ടി.സി). പത്തനംതിട്ട ജില്ലാ ബജറ്റ് ടൂറിസം സെല്ലാണ് ഡിസംബറിലെ പുതിയ പാക്കേജുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. താമസിയാതെ സംസ്ഥാനത്തെ മറ്റു ജില്ലാ ബജറ്റ് ടൂറിസം സെല്ലുകളും യാത്രകള്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

സൈലൻ്റ് വാലി, നെല്ലിയാമ്പതി, പാലക്കാട്, വയനാട്, മൂന്നാർ, മറയൂർ, കാന്തല്ലൂർ, വാഗമൺ, ഗവി തുടങ്ങിയ പ്രശസ്തമായ വിനോദസഞ്ചാര സ്ഥലങ്ങളിലേക്കുളള യാത്രകള്‍ ബജറ്റ് ടൂറിസം സെല്‍ ഒരുക്കുന്നുണ്ട്. ബോട്ടിംഗ്, ക്രൂയിസ് സാഹസിക യാത്രകള്‍ ഉള്‍പ്പെടെ ഈ പാക്കേജുകളില്‍ ആസ്വദിക്കാവുന്നതാണ്.

കൂടാതെ ക്ഷേത്രങ്ങളിലേക്കും തീർഥാടന കേന്ദ്രങ്ങളിലേക്കും ശബരിമല ഭക്തർക്ക് പ്രത്യേക യാത്രാ പാക്കേജുകളും പത്തനംതിട്ട ജില്ലാ ബജറ്റ് ടൂറിസം സെല്‍ വാഗ്ദാനം ചെയ്യുന്നു. ഈ യാത്രകള്‍ക്ക് മുൻകൂട്ടി സീറ്റുകൾ റിസർവ് ചെയ്യാം.

വേളാങ്കണ്ണി യാത്ര 

മഹാബലിപുരം, തഞ്ചാവൂർ, കന്യാകുമാരി, വേളാങ്കണ്ണി തുടങ്ങിയ മനോഹരമായ സ്ഥലങ്ങളിലേക്ക് ഉല്ലാസയാത്രകൾ ഷെഡ്യൂൾ ചെയ്യാനും അധികൃതര്‍ ഉദ്ദേശിക്കുന്നുണ്ട്. സ്കൂൾ വിദ്യാർത്ഥികൾക്കായി ചരിത്രപരമായ സ്ഥലങ്ങൾ, വ്യവസായശാലകള്‍, വിനോദ സ്ഥലങ്ങൾ എന്നിവ സന്ദർശിക്കാന്‍ സാധിക്കുന്ന പ്രത്യേക യാത്രകളും ഷെഡ്യൂൾ ചെയ്യുന്നുണ്ട്.

കേരളത്തിലെ പ്രധാന അയ്യപ്പ ക്ഷേത്രങ്ങളായ കുളത്തൂപുഴ, ആര്യങ്കാവ്, അച്ചൻകോവിൽ, പന്തളം എന്നിവടങ്ങളിലേക്കും ശിവ ക്ഷേത്രങ്ങളായ പിറവം പുരുഷമംഗലം, തിരുവല്ലം, ആഴിമല, ചെങ്കൽ എന്നിവിടങ്ങളിലേക്കും വേളാങ്കണ്ണി പള്ളി, അർത്തുങ്കൽ ബസിലിക്ക, കൃപാസനം തുടങ്ങിയ പ്രധാന ആരാധനാലയങ്ങളിലേക്കും പ്രത്യേക യാത്രകള്‍ ഒരുക്കുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT