Cochin International Airport Image courtesy: cial/fb
Travel

ഇന്ത്യയിലെ തിരക്കേറിയ വിമാന റൂട്ടുകളില്‍ കൊച്ചിക്ക് ആറാം സ്ഥാനം; കഴിഞ്ഞ മാസം സിയാലില്‍ നിന്ന് അബുദബിയിലേക്ക് പറന്നത് 248 വിമാനങ്ങള്‍

മെട്രോ നഗരമല്ലാത്ത കൊച്ചിയിലെ വിമാനത്താവളത്തില്‍ നിന്ന് തിരക്ക് വര്‍ധിച്ചത് വ്യോമയാന മേഖലയുടെ ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്

Dhanam News Desk

ഇന്ത്യയിലെ തിരക്കേറിയ വിമാന റൂട്ടുകളില്‍ ഇടം പിടിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. മെയ് മാസത്തില്‍ നിശ്ചിത റൂട്ടുകളില്‍ സര്‍വ്വീസ് നടത്തിയ വിമാനങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയുള്ള കണക്കുകളിലാണ് കൊച്ചി വിമാനത്താവളം ഇന്ത്യയില്‍ തന്നെ പ്രധാന സ്ഥാനത്ത് എത്തിയത്. രാജ്യത്തെ ഏറ്റവും തിരക്കേറിയ റൂട്ടുകളെ അടിസ്ഥാനമാക്കിയുള്ള കണക്കുകളില്‍ ചെന്നൈ വിമാനത്താവളത്തേക്കാള്‍ മുന്നിലാണ് സിയാല്‍.

ഒന്നാം സ്ഥാനത്ത് മുംബൈ-ദുബൈ

മുംബൈ-ദുബൈ റൂട്ടാണ് ഇന്ത്യയില്‍ നിന്ന് ഏറ്റവും തിരക്കുള്ളത്. കഴിഞ്ഞ മാസം ഈ റൂട്ടില്‍ 477 വിമാനങ്ങളിലായി യാത്ര ചെയ്തത് 1,19,200 പേരാണ്. ബിസിനസ്, ടൂറിസ്റ്റ്, തൊഴില്‍ ആവശ്യങ്ങള്‍ക്കായി സഞ്ചരിച്ചവരാണ് ഏറെയും. എമിറേറ്റ്‌സ്, എയര്‍ഇന്ത്യ, ഇന്‍ഡിഗോ, വിസ്താര, സ്‌പൈസ് ജെറ്റ്, ഫ്‌ളൈ ദുബൈ എന്നീ വിമാനങ്ങളാണ് മുംബൈ-ദുബൈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്നത്.

രണ്ടാം സ്ഥാനത്തുള്ള ഡല്‍ഹി-ദുബൈ റൂട്ടില്‍ 329 വിമാനങ്ങളിലായി യാത്ര ചെയ്തത് 1,02,362 പേര്‍. ദുബൈയിലേക്കുള്ള യാത്രക്കാര്‍ക്ക് പുറമെ യു.എസ്, ആഫ്രിക്ക തുടങ്ങിയ മേഖലകളിലേക്കുള്ള യാത്രക്കാരും ഈ റൂട്ട് ഉപയോഗിക്കുന്നു.

ഡല്‍ഹി-കാഠ്മണ്ഡു റൂട്ടിനാണ് മൂന്നാം സ്ഥാനം. കഴിഞ്ഞ മാസം 314 വിമാനങ്ങള്‍ സര്‍വീസ് നടത്തി. സഞ്ചരിച്ചത് 55,645 യാത്രക്കാര്‍. നേപ്പാളിലേക്കുള്ള ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്ക് പുറമെ ഇരുരാജ്യങ്ങളിലുമുള്ള വിദ്യാര്‍ത്ഥികളും ഈ റൂട്ട് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇന്‍ഡിഗോ, എയര്‍ഇന്ത്യ, നേപ്പാള്‍ എയര്‍ലൈന്‍സ് എന്നിവയാണ് സര്‍വീസ് നടത്തുന്നത്. കുറഞ്ഞ യാത്രാ സമയവും നിരക്കുകളും സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കുന്നു.

നാലാം സ്ഥാനത്തുള്ള മുംബൈ-അബൂദബി റൂട്ടില്‍ 306 വിമാനങ്ങളിലായി 64,976 പേര്‍ യാത്ര ചെയ്തു. ഇത്തിഹാദും എയര്‍ ഇന്ത്യയും തമ്മില്‍ ഇന്റര്‍ലൈന്‍ പാര്‍ട്ണര്‍ഷിപ്പുള്ള റൂട്ട് കൂടിയാണിത്.


അഞ്ചാം സ്ഥാനം ഡല്‍ഹി-ബാങ്കോക്ക് റൂട്ടിനാണ്. 275 വിമാനങ്ങളിലായി 62,393 യാത്രക്കാരാണ് സഞ്ചരിച്ചത്. തായ്‌ലാന്റ് ടൂറിസ്റ്റ് വിസ ചട്ടങ്ങളില്‍ വരുത്തിയ ഇളവുകള്‍ യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. തായ് എയര്‍വേയ്‌സ്, എയര്‍ഇന്ത്യ, ഇന്‍ഡിഗോ, വിസ്താര, തായ് എയര്‍ ഏഷ്യ എന്നീ വിമാനങ്ങളാണ് ഈ റൂട്ടിലുള്ളത്.

കൊച്ചിക്ക് വലിയ മുന്നേറ്റം

മെട്രോ നഗരമല്ലാത്ത കൊച്ചിയിലെ വിമാനത്താവളത്തില്‍ നിന്ന് തിരക്ക് വര്‍ധിച്ചത് വ്യോമയാന മേഖലയുടെ ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്. കൊച്ചി-അബുദബി റൂട്ടിനാണ് പട്ടികയില്‍ ആറാം സ്ഥാനം. കഴിഞ്ഞ മാസം 248 വിമാനങ്ങളിലായി സഞ്ചരിച്ചത് 45,183 പേര്‍. ഇതില്‍ ഏറെയും യു.എ.ഇയില്‍ ജോലി ചെയ്യുന്ന പ്രവാസികളാണ്. ഇത്തിഹാദ്, എയര്‍ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ എന്നീ വിമാനങ്ങളാണ് ഈ റൂട്ടിലുള്ളത്.

ചെന്നൈ-സിങ്കപ്പൂര്‍ റൂട്ടിനാണ് ഏഴാം സ്ഥാനം. 235 വിമാനങ്ങളിലായി സഞ്ചരിച്ചത് 52,789 പേര്‍. ഡല്‍ഹി-ലണ്ടന്‍ റൂട്ട് എട്ടാം സ്ഥാനവും(231 വിമാനങ്ങള്‍), ചെന്നൈ-കൊളംബോ ഒമ്പതാം സ്ഥാനവും (217), മുംബൈ-ലണ്ടന്‍ റൂട്ട് പത്താം സ്ഥാനവും (216)കരസ്ഥമാക്കി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT