image credit : MMT , Air Asia 
Travel

കൊച്ചിയില്‍ നിന്ന് തായ്‌ലാന്‍ഡിലെ ഫുക്കറ്റ് ദ്വീപിലേക്ക് നേരിട്ട് പറക്കാം, എയര്‍ ഏഷ്യ സര്‍വീസ് ഉടന്‍! യാത്രക്കാരുടെ എണ്ണം കൂടി

തായ്‌ലാന്‍ഡിലേക്കുള്ള ടൂര്‍ പാക്കേജുകള്‍ പ്രഖ്യാപിച്ചാല്‍ സീറ്റുകളെല്ലാം വളരെ വേഗത്തിലാണ് നിറയുന്നതെന്ന് കേരളത്തിലെ ടൂര്‍ ഓപറേറ്റര്‍മാരും പറയുന്നു

Dhanam News Desk

തായ്‌ലാന്‍ഡിലെ പ്രധാന ടൂറിസം കേന്ദ്രമായ ഫുക്കറ്റിലേക്ക് കൊച്ചിയില്‍ നിന്നും നേരിട്ട് തായ് എയര്‍ഏഷ്യ വിമാന സര്‍വീസ് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. മനംമയക്കുന്ന ബീച്ചുകളും നൈറ്റ് ലൈഫും സാംസ്‌കാരിക കേന്ദ്രങ്ങളുമുള്ള ഫുക്കറ്റ് ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ ഫേവറിറ്റ് സ്‌പോട്ടുകളിലൊന്നാണ്. ഇന്ത്യക്കാര്‍ക്ക് വിസ രഹിത പ്രവേശം അനുവദിച്ചതിന് പിന്നാലെയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും നേരിട്ടുള്ള സര്‍വീസ് കൂടി ആരംഭിക്കുന്നത്. ഇത് കേരളത്തിലേക്കും തായ്‌ലാന്‍ഡിലേക്കും കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവില്‍ കൊച്ചിയില്‍ നിന്നും ബാങ്കോക്കിലേക്ക് മാത്രമാണ് നേരിട്ടുള്ള വിമാന സര്‍വീസുള്ളത്. ഫുക്കറ്റിലേക്ക് പോകണമെങ്കില്‍ കൊല്‍ക്കത്ത, ചെന്നൈ, ഡല്‍ഹി പോലുള്ള വിമാനത്താവളങ്ങളെ ആശ്രയിക്കണം. ഇതിന് പരിഹാരമായി ആഴ്ചയില്‍ മൂന്ന് സര്‍വീസുകള്‍ കൊച്ചിയില്‍ നിന്നും തുടങ്ങാനാണ് എയര്‍ ഏഷ്യയുടെ പദ്ധതിയെന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ മുതലാണ് ബുധന്‍, വെള്ളി, ശനി ദിവസങ്ങളില്‍ സര്‍വീസുകള്‍ തുടങ്ങുന്നത്. ജനുവരി പകുതിയോടെ ബുക്കിംഗ് ആരംഭിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ തുടരുന്നു. എയര്‍ ബസിന്റെ എ320 വിമാനമായിരിക്കും സര്‍വീസിന് ഉപയോഗിക്കുക. നേരിട്ട് സര്‍വീസ് ആരംഭിക്കുന്നതോടെ ടിക്കറ്റ് നിരക്കിലും കാര്യമായ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ.

ഫുക്കറ്റ് ദ്വീപ്

തായ്‌ലാന്‍ഡിലെ ഏറ്റവും വലിയ ദ്വീപായ ഫുക്കറ്റ് രാജ്യതലസ്ഥാനമായ ബാങ്കോക്കില്‍ നിന്നും 850 കിലോമീറ്റര്‍ അകലെയായാണ് സ്ഥിതി ചെയ്യുന്നത്.

വിമാനത്തിലാണെങ്കില്‍ ബാങ്കോക്കില്‍ നിന്നും രണ്ടുമണിക്കൂര്‍ മതി. തായ്‌ലാന്‍ഡ് സന്ദര്‍ശിക്കുന്നവരില്‍ ഭൂരിഭാഗവും പട്ടായയും ബാങ്കോക്കും സന്ദര്‍ശിച്ച് മടങ്ങുകയാണ് പതിവ്. എന്നാല്‍ ഫുക്കറ്റിലെ മരതക ദ്വീപുകളും കണ്ണഞ്ചിപ്പിക്കുന്ന നീലക്കടലും ഏതൊരു സഞ്ചാരിയെയും ആകര്‍ഷിക്കാന്‍ പോന്നതാണ്. ആരെയും മയക്കുന്ന നൈറ്റ് ലൈഫും മഴക്കാടുകളും വൈവിധ്യമാര്‍ന്ന സംസ്‌ക്കാരവുമെല്ലാം ലോക ടൂറിസം ഭൂപടത്തില്‍ ഇടം പിടിച്ചത് കൂടിയാണ്.

തായ്‌ലാന്‍ഡിലേക്കുള്ള യാത്രക്കാരില്‍ വര്‍ധന

അതേസമയം, വിസ ഫ്രീ എന്‍ട്രി നടപ്പിലാക്കിയതോടെ തായ്‌ലാന്‍ഡ് സന്ദര്‍ശിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ ഇന്ത്യയില്‍ നിന്നും തായ്‌ലാന്‍ഡിലേക്ക് 8,782 വിമാന സര്‍വീസുകള്‍ നടന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ സമാനകാലയളവ് പരിഗണിച്ചാല്‍ 35.5 ശതമാനം വര്‍ധന. 17.44 ലക്ഷം ഇന്ത്യക്കാരാണ് മൂന്ന് മാസത്തില്‍ തായ്‌ലാന്‍ഡ് സന്ദര്‍ശിച്ചത്. ജനുവരി-മാര്‍ച്ച് പാദത്തില്‍ യാത്രക്കാരുടെ എണ്ണം 19.48 ലക്ഷമായും വിമാനസര്‍വീസുകളുടെ എണ്ണം 9,821 ആയും വർധിക്കുമെന്നാണ് പ്രതീക്ഷ. തായ്‌ലാന്‍ഡിലേക്കുള്ള ടൂര്‍ പാക്കേജുകള്‍ പ്രഖ്യാപിച്ചാല്‍ സീറ്റുകളെല്ലാം വളരെ വേഗത്തിലാണ് നിറയുന്നതെന്ന് കേരളത്തിലെ ടൂര്‍ ഓപറേറ്റര്‍മാരും പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT