air craft  Image by Canva
Travel

ദുബൈയില്‍ ക്രിക്കറ്റ് പൂരം; വിമാന ടിക്കറ്റ് നിരക്ക് 50 ശതമാനം കൂടും; അധിക സര്‍വീസുകളുമായി വിമാന കമ്പനികള്‍

ഇന്ത്യ, പാകിസ്ഥാന്‍ ആരാധകര്‍ തയ്യാറെടുപ്പില്‍; യാത്രാ പാക്കേജുകള്‍ക്ക് 2 ലക്ഷം രൂപയിലേറെ

Dhanam News Desk

ദുബൈയില്‍ ഈ മാസം 23 ന് നടക്കാനിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് മല്‍സരം വിമാന കമ്പനികള്‍ക്കും ചാകരയാകും. മല്‍സരത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ അര മണിക്കൂറിനകം വിറ്റു തീര്‍ന്നതോടെ ക്രിക്കറ്റ് ആരാധനകരുടെ വലിയ ഒഴുക്കാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും ആരാധകര്‍ പറന്നെത്തുമെന്നാണ് വിമാന കമ്പനികള്‍ പ്രതീക്ഷിക്കുന്നത്. തിരക്ക് വര്‍ധിക്കുന്നതോടെ ടിക്കറ്റ് നിരക്കുകള്‍ 50 ശതമാനം കൂടമെന്നാണ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളുടെ വിലയിരുത്തല്‍.

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ കൂടും

മല്‍സരം കാണാന്‍ വിവിധ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് കാണികള്‍ വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്. മുംബൈ, ഡല്‍ഹി, ബംഗളുരു, പൂനെ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ കാണികളെ പ്രതീക്ഷിക്കുന്നത്. പാകിസ്ഥാനിലെ കറാച്ചി, ഇസ്ലാമാബാദ് എന്നിവിടങ്ങളില്‍ നിന്നും യുകെ, ഓസ്‌ട്രേലിയ, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നും ക്രിക്കറ്റ് ആരാധനകര്‍ എത്തുമെന്നും കണക്കുകൂട്ടുന്നുണ്ട്. ജനുവരി 15 മുതല്‍ ദുബൈ വിമാനങ്ങളില്‍ ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും ടിക്കറ്റ് ബുക്കിംഗ് വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ടെന്ന് ദുബൈയിലെ ട്രാവല്‍ ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ഈസ് മൈ ട്രിപ് ഡോട്ട് കോം വക്താവ് പറഞ്ഞു. കുറഞ്ഞ നിരക്ക് ലഭിക്കാനായി നേരത്തെ ബുക്കിംഗ് പൂര്‍ത്തിയാക്കിയവര്‍ ഉണ്ട്. നിലവില്‍ ഡല്‍ഹിയില്‍ നിന്ന് ദുബൈയിലേക്കുള്ള കുറഞ്ഞ ടിക്കറ്റ് നിരക്ക് 18,000 രൂപയോളമാണ്. സാധാരണ ഫെബ്രുവരി അവസാനത്തോടെ നിരക്കുകളില്‍ കുറവുണ്ടാകാറുണ്ട്. എന്നാല്‍ ക്രിക്കറ്റ് മല്‍സരത്തിന്റെ ടിക്കറ്റ് ബുക്കിംഗ് കഴിഞ്ഞതോടെ വിമാന ടിക്കറ്റിന് അടുത്ത ദിവസങ്ങളില്‍ ഡിമാന്റ് കൂടും. ഇതോടെ നിരക്കുകള്‍ 25,000 രൂപ വരെ ഉയരുമെന്നാണ് വിമാന കമ്പനികള്‍ കണക്കൂകൂട്ടുന്നത്.

അധിക വിമാനങ്ങളുമായി കമ്പനികള്‍

ക്രിക്കറ്റ് ആരാധകരുടെ യാത്രക്കായി വിമാന കമ്പനികള്‍ ദുബൈയില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നുണ്ട്. മല്‍സരത്തിന് മുമ്പും ശേഷവുമുള്ള ദിവസങ്ങളില്‍ അധിക സര്‍വീസുകളും വലിയ എയര്‍ക്രാഫ്റ്റുകളും ഉപയോഗിക്കാന്‍ കമ്പനികള്‍ മുന്നോട്ടു വരുന്നുണ്ടെന്ന് മൂസാഫിര്‍ ഡോട്ട് കോം ചീഫ് കോഓഡിനേറ്റര്‍ റിനീഷ് ബാബു പറഞ്ഞു. വിമാന ടിക്കറ്റ്, ഹോട്ടല്‍ റൂം എന്നിവ ഉള്‍പ്പടെയുള്ള പാക്കേജുകള്‍ വിവിധ ട്രാവല്‍ ഏജന്‍സികള്‍ ഓഫര്‍ ചെയ്യുന്നുണ്ട്. 9,000 ദിര്‍ഹം ( 2.10 ലക്ഷം രൂപ) വരെയാണ് പാക്കേജ് ചാര്‍ജുകള്‍.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT