Travel

ഭൂമിക്കടിയിലൂടെയും കടലിന് മുകളിലൂടെയും യാത്ര; ബ്ലൂലൈനില്‍ പറക്കാന്‍ ദുബൈ; 560 കോടി ഡോളറിന്റെ പദ്ധതി

ദുബൈ ക്രീക്കിന് മുകളിലൂടെയുള്ള ആദ്യത്തെ മെട്രോപാത

Dhanam News Desk

നീളം 30 കിലോമീറ്ററാണെങ്കിലും ദുബൈ മെട്രോയുടെ ബ്ലൂലൈന്‍ സഞ്ചാരികള്‍ക്ക് കാത്തുവെക്കുന്നത് വിസ്മയകരമായ അനുഭവം. ഭൂമിക്കടിയിലൂടെയും കടലിന് മുകളിലൂടെയുമുള്ള യാത്രക്കാണ് പുതിയ പാത അവസരമൊരുക്കുന്നത്. ദുബൈ മെട്രോയുടെ മൂന്നാം ഘട്ട വികസനമാണ് ബ്ലൂലൈനിലൂടെ നടക്കുന്നത്. പദ്ധതിയുടെ നിര്‍മാണ കരാര്‍ തുര്‍ക്കി, ചൈനീസ് കമ്പനികള്‍ അടങ്ങിയ കണ്‍സോര്‍ഷത്തിന് നല്‍കി. ഏപ്രിലില്‍ നിര്‍മാണം തുടങ്ങും. 2029 ലാണ് ആദ്യ യാത്ര.

47,000 കോടിയുടെ പദ്ധതി

560 കോടി ഡോളറിനാണ് (47,000 കോടി രൂപ) പദ്ധതിയുടെ നിര്‍മാണ കരാര്‍ മൂന്നു കമ്പനികള്‍ അടങ്ങിയ കണ്‍സോര്‍ഷ്യത്തിന് നല്‍കിയിരിക്കുന്നത്. ആഗോള ടെന്ററിലൂടെയാണ് നിര്‍മാണ കമ്പനിയെ തെരഞ്ഞെടുത്തത്. 30 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബ്ലൂലൈനില്‍ 14 സ്‌റ്റേഷനുകളാണ് ഉണ്ടാകുക. ദുബൈ ക്രീക്കിന് മുകളിലൂടെ പോകുന്ന ആദ്യത്തെ മെട്രോ പാതയാണിത്. കടലിടുക്കിന് മുകളിലൂടെ 1,300 മീറ്റര്‍ നീളത്തിലുള്ള പാലം നിര്‍മിക്കും. 15.5 കിലോമീറ്റര്‍ ദൂരം ട്രെയിന്‍ സഞ്ചരിക്കുന്നത് ഭൂമിക്കടിയിലൂടെയാകും. മണിക്കൂറില്‍ 46,000 യാത്രക്കാരെ ഉള്‍കൊള്ളാന്‍ കഴിയുന്ന രീതിയിലാണ് രൂപകല്‍പ്പന.

വാഹന തിരക്ക് 20 ശതമാനം കുറക്കും

ബ്ലൂലൈന്‍ യാഥാര്‍ഥ്യമാകുന്നതോടെ ദുബൈയിലെ വിവിധ മെട്രോ പാതകള്‍ ബന്ധിപ്പിക്കപ്പെടുന്നത് നഗരത്തിലെ വാഹനതിരക്ക് കുറക്കാന്‍ സഹായിക്കും. ഗ്രീന്‍ ലൈനിലെ അല്‍ഖോര്‍, റെഡ് ലൈനിലെ സെന്റര്‍ പോയിന്റ്, ഇന്റര്‍നാഷണല്‍ സിറ്റി എന്നീ സ്‌റ്റേഷനുകളെ പുതിയ ലൈന്‍ ബന്ധിപ്പിക്കും. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തെ നഗരത്തിന്റെ വിവിധ ഭാഗങ്ങളുമായി ബന്ധിപ്പിക്കാന്‍ പുതിയ പാത സഹായകമാകും. റോഡുകളിലെ ഗതാഗത തിരക്ക് 20 ശതമാനം കുറക്കാന്‍ ബ്ലൂലൈന്‍ സഹായകമാകുമെന്നാണ് കണക്കാക്കുന്നത്. ദുബൈ മെട്രോയുടെ മൊത്തം നീളം ഇതോടെ 120 കിലോമീറ്ററായും വര്‍ധിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT