Airport Baggage Image by Canva
Travel

വിമാനമിറങ്ങി കാത്തിരിക്കേണ്ട; ബാഗേജ് വീട്ടിലെത്തും; ദുബൈ വിമാനത്താവളത്തില്‍ പുതിയ സേവനം

മണിക്കൂറുകള്‍ക്കുള്ളില്‍ ബാഗേജുകള്‍ താമസ സ്ഥലത്ത് എത്തും

Dhanam News Desk

വിമാനത്താവളത്തില്‍ ബാഗേജിനായി മണിക്കൂറുകള്‍ കാത്തിരിക്കുന്നത് ഒഴിവാക്കാന്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ സേവനം. വിമാനത്താവളത്തിലെ പരിശോധന കഴിഞ്ഞാല്‍ യാത്രക്കാര്‍ക്ക് ലക്ഷ്യസ്ഥാനത്തേക്ക് പോകാം. ബാഗേജിന് വേണ്ടി കാത്തു നില്‍ക്കേണ്ട. അത് വൈകാതെ വീട്ടിലെത്തും. ചെക്ക് ഇന്‍ ചെയ്യുന്ന യാത്രക്കാരുടെ ലഗേജ് വീട്ടില്‍ നിന്ന് എടുക്കാനും സംവിധാനമുണ്ട്. ദുബൈയിലെ എയര്‍പോര്‍ട്ട് സര്‍വീസ് കമ്പനിയായ ഡിനാട്ടയും ദുബൈ അന്താരാഷ്ട്ര വിമാനത്താവളവും സഹകരിച്ചാണ് ഈ സംവിധാനമൊരുക്കുന്നത്.

മൂന്ന് തരം സേവനങ്ങള്‍

ചെക്കിന്‍ ചെയ്യുന്ന യാത്രക്കാര്‍ മുന്‍കൂട്ടി അറിയിച്ചാല്‍ ബാഗേജുകള്‍ താമസസ്ഥലത്തോ ഹോട്ടലിലോ നിന്ന് ഏജന്‍സി എടുത്ത് വിമാനത്താവളത്തില്‍ സുരക്ഷിതമായി എത്തിക്കും. വിമാനത്താവളത്തില്‍ വന്നിറങ്ങുന്നവരുടെ ബാഗേജുകള്‍ മണിക്കൂറുകള്‍ക്കകം താമസസ്ഥലത്തോ ഹോട്ടലിലോ എത്തിക്കും.

ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് ബാഗേജ് സൂക്ഷിക്കണമെങ്കിലും ഈ ഏജന്‍സിയെ ഏല്‍പ്പിക്കാം. യാത്രക്കാര്‍ ആവശ്യപ്പെടുന്ന സമയത്ത് നിര്‍ദേശിച്ച സ്ഥലങ്ങളില്‍ എത്തിക്കും. വിമാനത്താവളത്തില്‍ നിന്ന് ഹോട്ടലിലേക്ക് എത്താന്‍ സമയം ആവശ്യമുള്ളവര്‍ക്കും നഗരം ചുറ്റിക്കറങ്ങാന്‍ എത്തിയ വിദേശികള്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താനാകും. ഏജന്‍സിയുടെ വെബ്‌സൈറ്റ് വഴി ബുക്കിംഗ് നടത്താം

കാത്തിരിപ്പ് തന്നെ പ്രശ്‌നം

വിമാനത്താവളങ്ങളില്‍ ബാഗേജിനായി കാത്തിരിക്കേണ്ടി വരുന്നതിന്റെയും കൂടുതല്‍ ബാഗേജുകള്‍ കൈകാര്യം ചെയ്യേണ്ടി വരുന്നതിന്റെയും ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ ഈ സംവിധാനത്തില്‍ കഴിയും. അയാട്ടയുടെ ഏറ്റവും പുതിയ സര്‍വെ പ്രകാരം, വിമാനത്താവളങ്ങളിലെ കാത്തിരിപ്പ് ബുദ്ധിമുട്ടുണ്ടാക്കുന്നതായി അന്താരാഷ്ട്ര യാത്രക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ലഗേജുകള്‍ മുന്‍കൂട്ടി ചെക്കിന്‍ ചെയ്യാനാണ് 70 ശതമാനം പേരും ഇഷ്ടപ്പെടുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT