Dubai world central project dubai.ae
Travel

3 ലക്ഷം കോടിയുടെ പദ്ധതി; 10 ലക്ഷം പേര്‍ക്ക് തൊഴില്‍; ലോകത്തെ ഞെട്ടിക്കാന്‍ തെക്കന്‍ ദുബൈ എയര്‍പോര്‍ട്ട് സിറ്റി

പ്രതിവര്‍ഷം 26 കോടി യാത്രക്കാരെ വരെ സ്വീകരിക്കാനുള്ള സൗകര്യം

Dhanam News Desk

വികസനത്തില്‍ ലോകത്തെ ഞെട്ടിക്കാന്‍ ഒരുങ്ങുന്ന തെക്കന്‍ ദുബൈ എയര്‍പോര്‍ട്ട് സിറ്റി (ദുബൈ വേള്‍ഡ് സെന്‍ട്രല്‍ പ്രൊജക്ട്) വിഭാവനം ചെയ്യുന്നത് 10 ലക്ഷം പേര്‍ക്കുള്ള തൊഴില്‍ അവസരങ്ങള്‍. മൂന്ന് ലക്ഷം കോടി രൂപയുടെ പദ്ധതി പൂര്‍ണമായി പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ പുതിയ വിമാനത്താവളത്തിലും അനുബന്ധ സ്ഥാപനങ്ങളിലുമായി 10 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന് പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്ന ദുബൈ ഏവിയേഷന്‍ എഞ്ചിനിയറിംഗ് പ്രൊജക്ട്‌സ് അധികൃതര്‍ വ്യക്തമാക്കി. ദുബൈയില്‍ നടക്കുന്ന എയര്‍പോര്‍ട്ട് ഷോയില്‍ പ്രധാന ചര്‍ച്ചയാകുകയാണ് ദുബൈ വേള്‍ഡ് സെന്‍ട്രല്‍ പദ്ധതിയില്‍ നിര്‍മിക്കുന്ന അല്‍ മഖ്ദൂം അന്താരാഷ്ട്ര വിമാനത്താവളം.

ആദ്യ ഘട്ടത്തില്‍ 15 കോടി യാത്രക്കാര്‍

ഏഴു വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ലക്ഷ്യമിട്ടുള്ള അല്‍ മഖ്ദൂം വിമാനത്താവളത്തിനായി 100 കോടി ദിര്‍ഹത്തിന്റെ (23,000 കോടി രൂപ) കരാറുകളാണ് നല്‍കിയിട്ടുള്ളത്. ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമാക്കുകയാണ് ലക്ഷ്യം. ഒന്നാം ഘട്ടത്തില്‍ പ്രതിവര്‍ഷം 15 കോടി യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. എല്ലാ ടെര്‍മിലുകളും പ്രവര്‍ത്തന സജ്ജമാകുന്നതോടെ വര്‍ഷം തോറും 26 കോടി യാത്രക്കാരെ സ്വീകരിക്കാനുള്ള സൗകര്യമുണ്ടാകും.

5 റണ്‍വേകള്‍, 400 ഗേറ്റുകള്‍

സമാന്തരമായുള്ള അഞ്ച് റണ്‍വേകളിലൂടെ ഒരേസമയം വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താനാകും. ടെര്‍മിനലുകളില്‍ യാത്രക്കാര്‍ക്കായി 400 ഗേറ്റുകളാണ് പദ്ധതിയില്‍ ഉള്ളത്. 23 ലക്ഷം ചതുരശ്ര മീറ്ററാകും ടെര്‍മിനല്‍ കോംപ്ലക്‌സിന്റെ വിസ്തീര്‍ണം. പരമ്പരാഗത അറബ് വാസ്തുശില്‍പ്പ മാതൃകയും ആധുനിക സൗകര്യങ്ങളും സമ്മേളിക്കുന്ന രീതിയിലാണ് കെട്ടിടങ്ങളുടെ നിര്‍മാണം. ടെര്‍മിനലുകളുടെ നിര്‍മാണത്തിനുള്ള കരാറുകളാണ് ഇപ്പോള്‍ നല്‍കിയിട്ടുള്ളത്. റണ്‍വേ, റോഡുകള്‍, ടണലുകള്‍ എന്നിവയുടെ നിര്‍മാണവും വൈകാതെ ആരംഭിക്കും.

വിമാനത്താവളത്തോടൊപ്പം ആസൂത്രിത നഗരം കൂടിയാണ് തെക്കന്‍ ദുബൈയില്‍ ഒരുങ്ങുന്നത്. ഫ്‌ളാറ്റുകള്‍, മാളുകള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോര്‍പ്പറേറ്റ് ഓഫീസുകള്‍ തുടങ്ങിയവും പദ്ധതിയുടെ ഭാഗമാണ്. ഇന്ത്യന്‍ കമ്പനികള്‍ ഉള്‍പ്പടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്ഥാപനങ്ങള്‍ വിമാനത്താവളത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. 145 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ ദുബൈ വേള്‍ഡ് സെന്‍ട്രല്‍ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ലോകത്തിലെ ആസൂത്രിക നഗരങ്ങളുടെ പട്ടികയിലേക്ക് തെക്കന്‍ ദുബൈ ഉയരുമെന്നാണ് ദുബൈ ഭരണകൂടത്തിന്റെ പ്രതീക്ഷ.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT