Image: Canva 
Travel

അഞ്ചു വര്‍ഷത്തെ തൊഴില്‍ പരിചയമുണ്ടെങ്കില്‍ ഈ കൊച്ചു യൂറോപ്യന്‍ രാജ്യത്ത് ജോലി നേടാം

യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ള രാജ്യങ്ങളിലെ പൗരന്‍മാരെ ഉപയോഗിച്ച് തൊഴിലാളിക്ഷാമം നികത്താനാണ് പദ്ധതി

Dhanam News Desk

ജോലി തേടി വിദേശത്തേക്ക് പോകുന്നവര്‍ പൊതുവേ ലക്ഷ്യംവയ്ക്കുന്നത് യൂറോപ്യന്‍ രാജ്യങ്ങളാണ്. കൂടുതല്‍ മെച്ചപ്പെട്ട വേതനവും ജീവിത സൗകര്യങ്ങളുമാണ് യൂറോപ്പിലേക്കുള്ള കുടിയേറ്റത്തിന് മലയാളികള്‍ ഉള്‍പ്പെടെയുള്ളവരെ പ്രേരിപ്പിക്കുന്നത്. യു.കെയും ഫ്രാന്‍സുമെല്ലാം കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കിയതോടെ പലരും ചെറിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കാണ് ഇപ്പോള്‍ നോക്കുന്നത്.

അത്തരത്തില്‍ നിരവധി തൊഴിലവസരങ്ങളുള്ള രാജ്യങ്ങളിലൊന്നാണ് എസ്‌റ്റോണിയ. ബാള്‍ട്ടിക് കടലിന്റെ കിഴക്കന്‍ തീരത്ത് സ്ഥിതിചെയ്യുന്ന രാജ്യമാണിത്. ടാലിന്‍ ആണ് പ്രധാന നഗരവും തലസ്ഥാനവും. വെറും 14 ലക്ഷം മാത്രം ജനസംഖ്യയുള്ള ഈ രാജ്യം ഇപ്പോള്‍ തൊഴിലാളിക്ഷാമത്തിലാണ്. അതുകൊണ്ട് തന്നെ യൂറോപ്യന്‍ യൂണിയനു പുറത്തുള്ള രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ തൊഴിലാളികളെ ആകര്‍ഷിക്കാനുള്ള നീക്കത്തിലാണ് അവിടുത്തെ സര്‍ക്കാര്‍.

യൂറോപ്യന്‍ യൂണിയന്‍ ബ്ലൂ കാര്‍ഡ് ചട്ടങ്ങളില്‍ ഇളവ് വരുത്തിയിരിക്കുകയാണ് എസ്റ്റോണിയ. യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ള രാജ്യങ്ങളിലെ പൗരന്‍മാരെ ഉപയോഗിച്ച് തൊഴിലാളിക്ഷാമം നികത്താനാണ് പദ്ധതി. യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍ ജോലി ചെയ്യാനും താമസിക്കാനും ആഗ്രഹിക്കുന്ന മറ്റു രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കു നല്‍കുന്ന റെസിഡന്‍സ് പെര്‍മിറ്റാണ് ബ്ലൂ കാര്‍ഡ്.

വിദ്യാഭ്യാസ യോഗ്യത പ്രശ്‌നമല്ല

വിദ്യാഭ്യാസ യോഗ്യത ഇല്ലെങ്കിലും എസ്‌റ്റോണിയയില്‍ എത്താന്‍ ആഗ്രഹിക്കുന്നവര്‍ നിരാശരാകേണ്ടതില്ല. ജോലിക്കു വരാനാഗ്രഹിക്കുന്ന മേഖലയില്‍ അഞ്ചു വര്‍ഷത്തെ പരിചയമുണ്ടെങ്കില്‍ ബ്ലൂകാര്‍ഡിന് അപേക്ഷിക്കാന്‍ സാധിക്കും. മുമ്പ് ഇത് സാധ്യമായിരുന്നില്ല. യൂണിവേഴ്‌സിറ്റി യോഗ്യതയുള്ളവര്‍ക്ക് മാത്രമായി നിജപ്പെടുത്തിയിരുന്ന അവസരങ്ങളാണ് തുറന്നു കൊടുത്തിരിക്കുന്നത്.

രാജ്യത്തെത്തിയ ശേഷം ജോലി നഷ്ടപ്പെട്ടാലും ബ്ലൂ കാര്‍ഡ് ഉള്ള വിദേശികള്‍ക്ക് മൂന്നു മാസം കൂടി തൊഴില്‍ അന്വേഷണത്തിനായി എസ്റ്റോണിയയില്‍ തങ്ങാന്‍ സാധിക്കും. രണ്ടു വര്‍ഷത്തില്‍ കൂടുതലായി ബ്ലൂ കാര്‍ഡ് ഉള്ളവര്‍ക്ക് ആറു മാസം തുടരാനും സാധിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT