canva
Travel

തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളില്‍ ഇനി ഇമിഗ്രേഷന് ക്യൂ ഇല്ല! ഇന്ന് മുതല്‍ പുതിയ സംവിധാനം, ട്രസ്റ്റഡ് ട്രാവലര്‍ ലിസ്റ്റില്‍ എങ്ങനെ ഉള്‍പ്പെടാം?

കൊച്ചി വിമാനത്താവളത്തില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ തന്നെ ഈ സംവിധാനമുണ്ട്

Dhanam News Desk

ഇന്ത്യയിലെ അഞ്ച് വിമാനത്താവളങ്ങളില്‍ കൂടി അതിവേഗ ഇമിഗ്രേഷന്‍ ക്ലിയറന്‍സ് സംവിധാനം തുടങ്ങുന്നു. കേരളത്തിലെ തിരുവനന്തപുരം, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളങ്ങളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുളള ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ നടപ്പിലാക്കുന്ന ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ -ട്രസ്റ്റഡ് ട്രാവലര്‍ പ്രോഗ്രാം (FTI-TTP) വ്യാഴാഴ്ച മുതല്‍ യാത്രക്കാര്‍ക്ക് ഉപയോഗിക്കാം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പദ്ധതി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും.

ഇതോടെ യാത്രക്കാര്‍ക്ക് ഇമിഗ്രേഷന്‍ ക്ലിയറന്‍സ് വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ പൗരന്മാര്‍ക്കും ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്ത്യ (ഒ.സി.ഐ) കാര്‍ഡ് ഉടമകള്‍ക്കും ഈ സേവനം ഉപയോഗിക്കാം. ബയോമെട്രിക്ക്, വ്യക്തിവിവരങ്ങള്‍ നല്‍കി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്താല്‍ നീണ്ട ക്യൂ ഒഴിവാക്കി ഓട്ടോമേറ്റഡ് ഇ-ഗേറ്റുകളിലൂടെ സുഗമമായി പുറത്തേക്ക് പോകാം.

എങ്ങനെ രജിസ്റ്റര്‍ ചെയ്യാം

ഇതിനായി കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെത്തി എഫ്.ടി.ഐ-ടി.ടി.പി ഓപ്ഷന്‍ തിരഞ്ഞെടുത്ത് ഇ-മെയില്‍, ഫോണ്‍ നമ്പര്‍ എന്നിവ നല്‍കി പ്രൊഫൈല്‍ രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് പാസ്‌പോര്‍ട്ട് വിവരങ്ങള്‍, വിലാസം, യാത്രാ വിവരങ്ങള്‍ തുടങ്ങിയ വ്യക്തിവിവരങ്ങള്‍ നല്‍കണം. അപേക്ഷകന്റെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പാസ്‌പോര്‍ട്ടിന്റെ സ്‌കാന്‍ ചെയ്ത കോപ്പി, അഡ്രസ് തെളിയിക്കാനുള്ള രേഖകള്‍ എന്നിവയും സമര്‍പ്പിക്കണം. തുടര്‍ന്ന് ഇ-മെയില്‍, എസ്.എം.എസ് വഴി ആപ്ലിക്കേഷന്‍ നമ്പര്‍ ലഭിക്കും. അപേക്ഷക്ക് അംഗീകാരം ലഭിക്കാന്‍ രണ്ട് മുതല്‍ നാല് ആഴ്ച വരെ സമയമെടുക്കും.

ആദ്യഘട്ട അനുമതി ലഭിച്ചാല്‍ അപേക്ഷകര്‍ക്ക് വിരലടയാളം, മുഖചിത്രം പോലുള്ള ബയോമെട്രിക്ക് വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യാവുന്നതാണ്. ഇതിനായി വിമാനത്താവളത്തിലെ സംവിധാനമോ ഫോറിനേഴ്‌സ് റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫീസുകളോ ഉപയോഗിക്കാവുന്നതാണ്. ഈ ഘട്ടവും കഴിഞ്ഞ് കണ്‍ഫര്‍മേഷനും കൂടി ലഭിച്ചാല്‍ വിമാനത്താവളങ്ങളിലെ ഓട്ടോമേറ്റഡ് ഇ-ഗേറ്റുകള്‍ ഉപയോഗിക്കാന്‍ കഴിയും. അഞ്ച് വര്‍ഷമാണ് ഇതിന്റെ കാലാവധി. ഇതിനുള്ളില്‍ പാസ്‌പോര്‍ട്ട് കാലാവധി കഴിഞ്ഞാല്‍ എഫ്.ടി.ഐ-ടി.ടി.പി രജിസ്‌ട്രേഷന്‍ പുതുക്കേണ്ടതാണ്.

കേരളത്തില്‍ മൂന്നിടത്ത്

തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങള്‍ക്ക് പുറമെ തിരുച്ചിറപ്പള്ളി, അമൃത്സര്‍, ലക്‌നൗ വിമാനത്താവങ്ങളിലും അതിവേഗ എമിഗ്രേഷന്‍ സംവിധാനം വ്യാഴാഴ്ച തുടങ്ങും. കഴിഞ്ഞ വര്‍ഷം ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് പദ്ധതി ആദ്യമായി തുടങ്ങിയത്. തുടര്‍ന്ന് മുംബയ്, ചെന്നൈ, കൊല്‍ക്കത്ത, ബംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ് വിമാനത്താവളത്തിലേക്കും വ്യാപിപ്പിച്ചു. കൊച്ചി വിമാനത്താവളത്തിലും കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ഈ സംവിധാനമുണ്ട്.

Fast Track services to bypass immigration queues are expanding to Kozhikode, Trivandrum, and three more Indian airports. Learn how to register and speed up your airport travel.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT