Flights Canva
Travel

4,500 രൂപക്ക് ദുബൈയില്‍ നിന്ന് കോഴിക്കോട് എത്താം; വിമാന ടിക്കറ്റില്‍ ഓണം ഓഫറുമായി ട്രാവല്‍ ഏജന്‍സികള്‍

ഓണത്തിന് വിദേശ രാജ്യങ്ങളിലേക്ക് യാത്ര പോകുന്നവര്‍ക്കായി പ്രത്യേക പാക്കേജുകളും

Dhanam News Desk

ഓണത്തിന് നാട്ടിലെത്താന്‍ ഒരുങ്ങുന്ന യുഎഇ പ്രവസികള്‍ക്ക് മുന്നില്‍ ടിക്കറ്റ് ഓഫറുകള്‍ നിരത്തി മലയാളി ട്രാവല്‍ ഏജന്‍സികള്‍. ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന കേരള കമ്പനികളാണ് വിവിധ എയര്‍ലൈനുകളുടെ ടിക്കറ്റുകളില്‍ ഓഫര്‍ നല്‍കുന്നത്. കോഴിക്കോട്ടേക്കാണ് കുറഞ്ഞ നിരക്കുകള്‍. 189 ദിര്‍ഹത്തിന് (4,500 രൂപ) ഓണത്തലേന്ന് ദുബൈയില്‍ നിന്ന് കോഴിക്കോടെത്താം. കൊച്ചിയിലേക്ക് 8,000 രൂപയും 8,400 രൂപയുമാണ് നിരക്ക്. എയര്‍ഇന്ത്യ എക്‌സ്പ്രസ്, എയര്‍ അറേബ്യ തുടങ്ങിയ എയര്‍ലൈനുകളിലെ ടിക്കറ്റുകളാണ് ഓണക്കാലത്ത് കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നത്.

ട്രാവല്‍ ഏജന്‍സികളുടെ മല്‍സരം

യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ കേരള ട്രാവല്‍ ഏജന്‍സികള്‍ ഓണവിപണിയില്‍ ബിസിനസ് കൂട്ടാനുള്ള തീവ്രശ്രമത്തിലാണ്. പ്രമുഖ മലയാളി ഏജന്‍സിയായ സ്മാര്‍ട്ട് ട്രാവല്‍ ഗ്രൂപ്പാണ് മികച്ച ഓഫര്‍ നല്‍കുന്നത്. സെപ്തംബര്‍ നാലിന്, തിരുവോണ തലേന്ന് 189 ദിര്‍ഹത്തിന് കോഴിക്കോട്ടേക്ക് ഓഫര്‍ ടിക്കറ്റുകള്‍ നല്‍കുന്നതായി സ്മാര്‍ട്ട് ട്രാവല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ അഫി അഹമ്മദ് പറഞ്ഞു. കൊച്ചിയിലേക്ക് 299 ദിര്‍ഹവും കണ്ണൂരിലേക്ക് 310 ദിര്‍ഹവുമാണ് കുറഞ്ഞ നിരക്കുകള്‍. അല്‍ഹിന്ദ് ട്രാവല്‍ ആന്റ് ടൂറിസം കമ്പനിയും മികച്ച നിരക്കുകള്‍ ഓഫര്‍ ചെയ്യുന്നുണ്ട്.

തിരിച്ചു പറക്കാന്‍ ചെലവ് കൂടും

നാട്ടിലേക്കുള്ള ടിക്കറ്റില്‍ ഓഫര്‍ ഉണ്ടെങ്കിലും തിരുവോണം കഴിഞ്ഞ് തിരിച്ചുള്ള യാത്രകള്‍ ചെലവേറിയതാകും. സെപ്തംബര്‍ അഞ്ചിന് ശേഷമുള്ള ടിക്കറ്റുകള്‍ക്ക് 1,000 (23,500 രൂപ) ദിര്‍ഹമാണ് കുറഞ്ഞ നിരക്ക്. ഓണത്തിന് നാട്ടില്‍ വരാതെ വിദേശ രാജ്യങ്ങളിലേക്ക് യാത്ര പോകുന്നവര്‍ക്കായി പ്രത്യേക പാക്കേജുകളും ഏജന്‍സികള്‍ തയ്യാറാക്കിയിട്ടുണ്ട്. ദുബൈയില്‍ നിന്ന് ശ്രീലങ്ക, ഭൂട്ടാന്‍ എന്നിവിടങ്ങളിലേക്കാണ് ചെലവു കുറഞ്ഞ ഓണയാത്രകള്‍. വിമാനടിക്കറ്റ്, താമസം, ഓണസദ്യ, കേരളീയ കലാസദസുകള്‍ എന്നിവയാണ് പാക്കേജിലുള്ളത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT