Image Courtesy: Canva 
Travel

ഇന്ത്യക്കാർക്ക് ആശ്വാസം: യാത്രാ നടപടിക്രമങ്ങൾ ലഘൂകരിക്കും, ജർമനിയിൽ ഇനി വീസയില്ലാതെ ട്രാൻസിറ്റ് സൗകര്യം

ജർമന്‍ വിമാനത്താവളങ്ങൾ വഴി മറ്റ് മൂന്നാമതൊരു രാജ്യത്തേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ യാത്രക്കാർക്ക് ഇനി മുതൽ പ്രത്യേക ട്രാൻസിറ്റ് വീസയുടെ ആവശ്യമില്ല

Dhanam News Desk

ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ജർമൻ വിമാനത്താവളങ്ങൾ വഴി വീസയില്ലാതെ യാത്ര ചെയ്യാവുന്ന ട്രാൻസിറ്റ് സൗകര്യം (Visa-free transit facility) പ്രഖ്യാപിച്ച് ജർമനി. ഇന്ത്യയും ജർമനിയും തമ്മിലുള്ള സാമ്പത്തിക, തന്ത്രപരമായ ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെയും വിദ്യാഭ്യാസ-തൊഴിൽ മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് ഈ നീക്കം.

പ്രധാന വിവരങ്ങൾ

ജർമൻ വിമാനത്താവളങ്ങൾ വഴി മറ്റ് മൂന്നാമതൊരു രാജ്യത്തേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ യാത്രക്കാർക്ക് ഇനി മുതൽ പ്രത്യേക ട്രാൻസിറ്റ് വീസയുടെ ആവശ്യമില്ല. അതേസമയം ഈ സൗകര്യം വിമാനത്താവളത്തിനുള്ളിലെ ട്രാൻസിറ്റ് ഏരിയയിൽ മാത്രം ഒതുങ്ങിനിൽക്കുന്നതാണ്. വാലിഡ് വീസയില്ലാതെ യാത്രക്കാർക്ക് വിമാനത്താവളത്തിന് പുറത്തിറങ്ങാനോ ജർമൻ നഗരങ്ങളിൽ പ്രവേശിക്കാനോ അനുവാദമില്ല.

ഫ്രാങ്ക്ഫർട്ട്, മ്യൂണിക്ക്, ഹാംബർഗ്, ഡ്യൂസെൽഡോർഫ്, ബെർലിൻ-ബ്രാൻഡൻബർഗ് എന്നീ അഞ്ച് വിമാനത്താവളങ്ങളിലെ അന്താരാഷ്ട്ര ട്രാൻസിറ്റ് മേഖലകളിൽ മാത്രമാണ് ഈ സൗകര്യം ലഭിക്കുന്നത്. ജർമൻ ചാൻസലർ ഫ്രെഡറിക് മെർസിന്റെ ഇന്ത്യാ സന്ദർശനത്തിന് പിന്നാലെയാണ് തീരുമാനം അറിയിച്ചത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

യാത്രക്കാർക്ക് ടെർമിനൽ മാറുന്നതിനായി ട്രാൻസിറ്റ് ഏരിയയ്ക്ക് പുറത്തുകടക്കേണ്ടി വരികയോ, ബാഗേജ് ശേഖരിച്ച് വീണ്ടും ചെക്ക്-ഇൻ ചെയ്യേണ്ടി വരികയോ ചെയ്താൽ സാധാരണ ഷെന്‍ഗെന്‍ വിസ (Category C visa) ആവശ്യമായി വരും. എന്നാൽ യു.എസ്, കാനഡ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ വാലിഡ് വീസയോ റെസിഡൻസ് പെർമിറ്റോ ഉള്ളവർക്കും നയതന്ത്ര പാസ്‌പോർട്ട് ഉള്ളവർക്കും നിലവിൽ തന്നെ ട്രാൻസിറ്റ് വീസയിൽ നിന്ന് ഇളവുകൾ ലഭ്യമാണ്. ഈ പുതിയ നയം ഇന്ത്യൻ യാത്രക്കാരുടെ യാത്രാ നടപടിക്രമങ്ങൾ ലഘൂകരിക്കാനും രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ജനങ്ങൾ തമ്മിലുള്ള ബന്ധം വർദ്ധിപ്പിക്കാനും സഹായിക്കുമെന്നാണ് കരുതുന്നത്.

Germany allows visa-free transit for Indian passport holders at key airports, simplifying travel procedures.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT