Airfare hike Canva
Travel

ഗള്‍ഫ് യാത്ര പൊള്ളുന്നു; വിമാന നിരക്കുകള്‍ ഉയര്‍ന്നു തന്നെ; വിസിറ്റ് വിസക്കാര്‍ക്ക് ചെലവ് കൂടി

ഗള്‍ഫില്‍ അവധിക്കാലമാകുന്നതോടെ ജൂലൈ മാസം നിരക്കുകള്‍ വീണ്ടും ഉയരും

Dhanam News Desk

ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന നിരക്കുകള്‍ ഉയര്‍ന്ന് നില്‍ക്കുന്നത് പ്രവാസികളുടെ യാത്രാ ചെലവുകള്‍ വര്‍ധിപ്പിക്കുന്നു. എല്ലാ ഗള്‍ഫ് രാജ്യങ്ങളിലേക്കും കേരളത്തില്‍ നിന്ന് ഉയര്‍ന്ന നിരക്കുകളാണ് ഇപ്പോള്‍ നിലവിലുള്ളത്. നാട്ടില്‍ അവധിക്കാലമായതിനാല്‍ കുടുംബങ്ങള്‍ ഹ്രസ്വസന്ദര്‍ശനത്തിനായി വിദേശത്തേക്ക് പോകുന്നതാണ് നിരക്കുകള്‍ വര്‍ധിപ്പിച്ചത്. ഉയര്‍ന്ന നിരക്കുകള്‍ അടുത്ത മാസം പകുതി വരെ തുടരുമെന്നാണ് സൂചന.

ദുബൈ ടിക്കറ്റുകള്‍ 15,000 ന് മുകളില്‍

യുഎഇ ഉള്‍പ്പടെ പ്രവാസി മലയാളികള്‍ ഏറെയുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്ക് കഴിഞ്ഞ ഒരു മാസത്തിലേറെയായി നിരക്കുകള്‍ ഉയര്‍ന്നതാണ്. ചെറിയ പെരുന്നാളിന് മുമ്പാണ് നിരക്കുകള്‍ കൂടിയത്. തുടര്‍ന്ന് നാട്ടില്‍ വേനല്‍ അവധി തുടങ്ങിയതോടെ യാത്രക്കാരുടെ എണ്ണം വര്‍ധിച്ചു.

ദുബൈ, അബുദബി എന്നിവിടങ്ങളേക്ക് കൊച്ചിയില്‍ നിന്ന് വണ്‍വേ ടിക്കറ്റിന് 15,000 രൂപക്ക് മുകളിലാണ് ശരാശരി നിരക്ക്. സൗദി തലസ്ഥാനമായ റിയാദിലേക്കും ഖത്തറിലെ ദോഹയിലേക്കും 20,000 ന് മുകളിലുമാണ്. തിരക്ക് കുറഞ്ഞ സമയങ്ങളില്‍ 10,000 രൂപക്ക് താഴെ ലഭിക്കുന്ന ടിക്കറ്റുകള്‍ക്കാണ് ഇപ്പോള്‍ 50 ശതമാനത്തിലധികം നല്‍കേണ്ടി വരുന്നത്.

ജൂലൈയില്‍ ഇനിയും വര്‍ധിക്കും

ജുണ്‍ പകുതിയോടെ നിരക്കുകളില്‍ കുറവ് വരുമെങ്കിലും ജൂലൈ,ഓഗസ്റ്റ് മാസങ്ങളില്‍ ഉയര്‍ന്ന നിരക്കുകളാണുള്ളത്. ഗള്‍ഫില്‍ അവധിക്കാലം തുടങ്ങുന്നതിനാല്‍ നാട്ടിലേക്ക് വരുന്ന പ്രവാസികളുടെ എണ്ണം വര്‍ധിക്കുന്നതാണ് കാരണം. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നാണ് കുറഞ്ഞ നിരക്കുകള്‍. നിലവില്‍ ദുബൈയിലേക്കുള്ള നിരക്കുകള്‍ 10,000 രൂപയില്‍ താഴെയാണ്. ജൂലൈ അവസാനം വരെ ഈ നിരക്കുകള്‍ തുടരും. ഓഗസ്റ്റില്‍ 15,000 രൂപക്ക് മുകളിലാണ് വണ്‍വേ യാത്രാ നിരക്കുകള്‍. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും അടുത്ത മാസം വരെ താരതമ്യേന കുറഞ്ഞ നിരക്കുകളാണുള്ളത്. 12,000 രൂപയാണ് ദുബൈയിലേക്ക് ശരാശരി ടിക്കറ്റ് നിരക്കുകള്‍.

വിസിറ്റ് വിസക്കാര്‍ക്ക് ചെലവ് കൂടും

കുറഞ്ഞ ദിവസങ്ങളിലേക്ക് ഗള്‍ഫ് സന്ദര്‍ശനം നടത്തുന്ന വിസിറ്റ് വിസക്കാര്‍ക്ക് ചെലവേറുകയാണ്. മടക്ക യാത്രക്കുള്ള ടിക്കറ്റുകള്‍ കൂടി ആവശ്യമുള്ളതിനാല്‍ വിമാനയാത്രക്ക് മാത്രം 25,000 രൂപക്ക് മുകളില്‍ വരും. ദുബൈയിലേക്ക് വിസിറ്റ് വിസ ലഭിക്കാന്‍ 75,000 രൂപ ബാങ്ക് ബാലന്‍സ് കാണിക്കണമെന്ന പുതിയ നിയമം കൂടി വന്നതോടെ സന്ദര്‍ശക വിസയില്‍ പോകാന്‍ വലിയ തുക കണ്ടെത്തണം.

ഉത്തരേന്ത്യക്കാര്‍ക്ക് തിരിച്ചടി

സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക്കിസ്ഥാന്‍ വ്യോമപാത നിഷേധിച്ചത് ഉത്തരേന്ത്യയില്‍ നിന്നുള്ള ഗള്‍ഫ് പ്രവാസികള്‍ക്ക് തിരിച്ചടിയായി. ഈ സംസ്ഥാനങ്ങളില്‍ നിന്ന് ഗള്‍ഫിലേക്ക് പാക് വ്യോമപാതയാണ് ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ വിമാനങ്ങള്‍ ചുറ്റി പറക്കേണ്ടി വരുന്നത് നിരക്കുകളില്‍ മാറ്റം വരുത്തുന്നുണ്ട്. കേരളത്തില്‍ നിന്നുള്ള വിമാനങ്ങള്‍ പാക് വ്യോമപാത ഉപയോഗിക്കാത്തതിനാല്‍ ഇത് ബാധകമാകുന്നില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT