Travel

കോടമഞ്ഞിന്‍ വാത്സല്യമറിഞ്ഞൊരു യാത്ര ആഗ്രഹിക്കുന്നുണ്ടോ? പൈതല്‍മല വിളിക്കുന്നു

തൊട്ടടുത്ത് നില്‍ക്കുന്നവരെ പോലും മറയ്ക്കുന്ന കോടമഞ്ഞ് സഞ്ചാരികള്‍ക്ക് അതുല്യ അനുഭവമാണ് സമ്മാനിക്കുക

Ibrahim Badsha

കാടും മലയും കുന്നും താണ്ടി കോടമഞ്ഞിന്റെ ലോകത്തേക്കൊരു യാത്ര നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ ഒന്നും ആലോചിക്കേണ്ട കണ്ണൂര്‍-കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന പൈതല്‍മലയിലേക്ക് (Paithalmala) വണ്ടി കയറിയാല്‍ മതി. പച്ചപ്പരവതാനി വിരിച്ച പുല്‍മേടുകളും കാറ്റിനൊത്ത് മാറിമറിയുന്ന കോടമഞ്ഞുമൊക്കെ കൊണ്ട് അനുഗ്രഹീതമാണ് ഇവിടം. കൂടാതെ മലയുടെ മേല്‍ത്തട്ടില്‍ സഞ്ചാരികളെ കാത്ത് ഒരു ഗോപുരവും സ്ഥിതി ചെയ്യുന്നു. ഏഴിമല രാജ്യം മൂഷിക രാജാക്കന്മാര്‍ ഭരിച്ചിരുന്ന കാലത്ത് നാടുവാഴികളായ വൈതല്‍കോന്മാരുടെ ആസ്ഥാനമായിരുന്നെന്ന് കരുതപ്പെടുന്ന പൈതല്‍ മല സമുദ്രനിരപ്പില്‍നിന്ന് 4,500 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. പണ്ടുകാലത്ത് വൈതല്‍മല എന്ന പേരിലാണ് അറിയപ്പെട്ടിരുന്നതെങ്കില്‍ പിന്നീട് പ്രാദേശിക പ്രയോഗങ്ങളിലൂടെ പൈതല്‍ എന്ന് രൂപാന്തരപ്പെടുകയായിരുന്നു.

യാത്രാമാര്‍ഗം ദൂര്‍ഘടമായതിനാല്‍ തന്നെ ഇവിടേക്ക് വരുന്ന സഞ്ചാരികളുടെ എണ്ണവും കുറവാണ്. ദിനംപ്രതി ശരാശരി 150 സഞ്ചാരികള്‍ മാത്രമാണ് ഇവിടേക്ക് എത്തുന്നത്. എല്ലായിപ്പോഴും കോടമഞ്ഞിനാല്‍ സമൃദ്ധമായതിനാല്‍ തന്നെ ഏത് കാലാവസ്ഥയിലും യാത്രക്കായി പൈതല്‍ മല തെരഞ്ഞെടുക്കാവുന്നതാണ്.

ഏകദേശം രണ്ട് കിലോമീറ്റര്‍ ദൂരത്തെ വനയാത്രയ്‌ക്കൊടുവില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത് പച്ചപ്പരവതാനി വിരിച്ച പുല്‍മേടുകളും കാറ്റിനൊത്ത് മാറിമറിയുന്ന കോടമഞ്ഞുമാണ്. ഇടയ്ക്ക് തൊട്ടടുത്ത് നില്‍ക്കുന്നവരെ പോലും മറയ്ക്കുന്ന കോടമഞ്ഞ് സഞ്ചാരികള്‍ക്ക് അതുല്യ അനുഭവമാണ് സമ്മാനിക്കുക. കണ്ണൂര്‍ ജില്ലയിലെ ഏറ്റവും ഉയരം കൂടിയ പൈതല്‍ മലയില്‍ സഞ്ചാരികളെത്തുന്നത് കുറവാണെങ്കിലും വരുന്നവരൊക്കെ നിറമനസ്സോടെയാണ് തിരിച്ചുപോകുന്നത്.

എത്തിച്ചേരാന്‍ ഈ വഴികള്‍

ഇതുവഴി ബസ് സര്‍വീസ് കുറവായതിനാല്‍ സ്വന്തം വാഹനങ്ങളുമായി വരുന്നതായിരിക്കും നല്ലത്. കണ്ണൂര്‍ നഗരത്തില്‍നിന്നും കാസര്‍കോട് ഭാഗത്തുനിന്നും വരുന്നവര്‍ക്ക് തളിപ്പറമ്പ്, നടുവില്‍, കുടിയാന്മല വഴി ബസ് മാര്‍ഗം വഞ്ചിയാംകവലയിലെത്താം. ഇവിടെ നിന്നും രണ്ട് കിലോമീറ്റര്‍ നടന്നോ സ്വകാര്യവാഹനത്തിലോ പൈതല്‍ മലയുടെ പ്രവേശന കവാടത്തിലെത്താവുന്നതാണ്. തലശ്ശേരി ഭാഗത്തുനിന്നും വരുന്നവര്‍ക്ക് ചാലോട്, ശ്രീകണ്ഠാപുരം, നടുവില്‍, കുടിയാന്മല വഴിയും പൈതല്‍ മലയിലെത്താവുന്നതാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT