image credit : canva 
Travel

കേരളത്തിന്റെ പണപ്പെട്ടി നിറയ്ക്കാന്‍ ആയിരങ്ങളെത്തും : ബജറ്റ് പ്രഖ്യാപനം കൊച്ചിക്ക് നേട്ടമാകും, അവസരം കാത്ത് വിഴിഞ്ഞവും

ഇന്ത്യയിലേക്ക് വരാന്‍ കാത്ത് വന്‍കിട വിദേശ കമ്പനികള്‍

Dhanam News Desk

ഇന്ത്യയില്‍ ആഭ്യന്തര ക്രൂയിസ് ടൂറിസം നടത്തുന്ന വിദേശ കപ്പല്‍ കമ്പനികള്‍ക്ക് നികുതിയിളവ് നല്‍കാനുള്ള ബജറ്റ് പ്രഖ്യാപനം കേരളത്തിലെ തുറമുഖങ്ങള്‍ക്കും വിനോദസഞ്ചാരത്തിനും പുത്തനുണര്‍വേകും, പ്രത്യേകിച്ചും കൊച്ചിയില്‍. നികുതിയില്‍ ഇളവ് പ്രഖ്യാപിച്ചത് കൂടുതല്‍ വിദേശ കപ്പലുകളെയും വിനോദസഞ്ചാരികളെയും ആകര്‍ഷിക്കുമെന്ന് ഉറപ്പാണ്. ലോകോത്തര ക്രൂയിസ് ഷിപ്പിംഗ് കമ്പനിയായ എം.എസ്.സി ക്രൂസസ് അടക്കമുള്ള കമ്പനികള്‍ ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസ് നടത്താനുള്ള ആലോചനയിലാണ്.

ക്രൂയിസ് ടൂറിസത്തില്‍ അനന്ത സാധ്യത

ഇന്ത്യയിലെ ക്രൂയിസ് ടൂറിസത്തിന് അനന്ത സാധ്യതകളുണ്ടെന്നും ഇത് കണക്കിലെടുത്ത് ആഭ്യന്തര ക്രൂയിസ് ടൂറിസം നടത്തുന്ന വിദേശ കപ്പല്‍ കമ്പനികള്‍ക്ക് നികുതിയിളവ് നല്‍കാന്‍ തീരുമാനിച്ചതായും ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞിരുന്നു. തീരുമാനം ക്രൂയിസ് ഷിപ്പിംഗ് രംഗത്തെ വിദേശ നിക്ഷേപം വര്‍ധിപ്പിക്കുകയും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. സങ്കീര്‍ണമായ നികുതി ഘടന ലളിതമാക്കിയത് ഈ രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കുകയും ഇന്ത്യന്‍ ഷിപ്പിംഗ് കമ്പനികളുടെ വിപണി സാന്നിധ്യം വര്‍ധിപ്പിക്കുകയും ചെയ്യുമെന്നും വിലയിരുത്തലുണ്ട്.

നേട്ടമാക്കാന്‍ കൊച്ചി

നിലവില്‍ ടൂറിസം സീസണില്‍ നിരവധി ആഡംബര കപ്പലുകളാണ് കൊച്ചിയിലെത്തുന്നത്. കഴിഞ്ഞ ടൂറിസം സീസണില്‍ 34 കപ്പലുകളും 22,872 ടൂറിസ്റ്റുകളും കൊച്ചിയിലെത്തി. ഇളവുകള്‍ ലഭിക്കുന്നതോടെ ഇത് വര്‍ധിക്കും. സഞ്ചാരികള്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ കൊച്ചി തുറമുഖ അതോറിറ്റി ഒരുക്കിയതും ഗുണകരമാകും. ക്രൂയിസ് കപ്പലുകളിലെത്തുന്നവര്‍ക്ക് കസ്റ്റംസ്, ഇമിഗ്രേഷന്‍ നടപടികള്‍ അതിവേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള ആധുനിക ഫെസിലിറ്റേഷന്‍ സെന്റര്‍ ഇവിടെയുണ്ട്. സാമുദ്രിക, സാഗരിക എന്നീ രണ്ട് ക്രൂയിസ് ടെര്‍മിനലുകളും ഒരുക്കിയിട്ടുണ്ട്.

ഡച്ച്, പോര്‍ച്ചുഗീസ്, ബ്രിട്ടീഷ് സംസ്‌ക്കാരങ്ങളുടെ അടയാളങ്ങളുള്ള കൊച്ചി സഞ്ചാരികളുടെ എക്കാലത്തെയും ഫേവറിറ്റ് സ്‌പോട്ടുകളിലൊന്നാണ്. കൊച്ചിയില്‍ നിന്നും കേരളത്തിന്റെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എളുപ്പത്തില്‍ പോകാമെന്നതും ശ്രദ്ധേയമാണ്. കൂടുതല്‍ സഞ്ചാരികളെത്തുന്നത് പ്രാദേശിക വിപണിയ്ക്കും പുത്തനുണര്‍വാകും.

പ്രതീക്ഷയോടെ വിഴിഞ്ഞവും

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനല്‍ പ്രവര്‍ത്തന യോഗ്യമായതോടെ ഇവിടം കേന്ദ്രീകരിച്ച് ക്രൂയിസ് കപ്പലുകളുടെ സര്‍വീസ് നടത്താന്‍ സര്‍ക്കാരിന് ആലോചനയുണ്ട്. നേരത്തെ വിഴിഞ്ഞത്ത് കേരള മാരിടൈം ബോര്‍ഡിന്റെ കീഴിലുള്ള പഴയ തുറമുഖത്ത് ക്രൂയിസ് കപ്പലുകള്‍ അടുത്തിട്ടുണ്ട്. പുതിയ തുറമുഖത്ത് ക്രൂയിസ് കപ്പലുകള്‍ക്ക് അടുക്കാനുള്ള ടെര്‍മിനലും അനുബന്ധ അനുമതികളും യാഥാര്‍ത്ഥ്യമാക്കിയാല്‍ കേരളത്തിന് മറ്റൊരു വരുമാന മാര്‍ഗം കൂടി തുറന്നുകിട്ടും. ഇത് തെക്കന്‍ ജില്ലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്കും വിപണിക്കും കൂടുതല്‍ കരുത്തേകും.

കേരള മാരിടൈം ബോര്‍ഡ് സംസ്ഥാനത്തെ വിഴിഞ്ഞം അടക്കമുള്ള തുറമുഖങ്ങളെ ബന്ധിപ്പിച്ച് ക്രൂയിസ് ടൂറിസം പദ്ധതി തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികളുമായി ഇതിനോടകം ആശയവിനിമയം നടത്തി. ഈ മാസം 29നാണ് ഇതുസംബന്ധിച്ച താത്പര്യപത്രം സമര്‍പ്പിക്കേണ്ടത്. നികുതി കുറയ്ക്കാനുള്ള തീരുമാനത്തോടെ കൂടുതല്‍ കമ്പനികള്‍ സര്‍വീസ് നടത്താനെത്തുമെന്നാണ് കരുതുന്നത്.

ആലോചന ഇങ്ങനെ

വിഴിഞ്ഞത്ത് നിന്നും ശ്രീലങ്ക, മാലദ്വീപ് തുടങ്ങിയ രാജ്യങ്ങളിലേക്കും കൊല്ലം, ബേപ്പൂര്‍, മംഗളൂരു തുറമുഖങ്ങളിലേക്കും ഉല്ലാസ യാത്രകള്‍ നടത്താനാണ് ആലോചിക്കുന്നത്. വിഴിഞ്ഞം, കൊല്ലം തുറമുഖങ്ങളില്‍ നിന്നും വിദേശകപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെന്ന് മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ് പിള്ള പറഞ്ഞു. ഇതിന് പുറമെ കേരളത്തിലെ ഉള്‍നാടന്‍ ജലാശയങ്ങള്‍ വഴിയും ഉല്ലാസ യാത്ര നടത്താന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT