canva
Travel

ജപ്പാന്‍ കാണാന്‍ 10 ദിവസത്തെ യാത്ര; ബുള്ളറ്റ് ട്രെയിന്‍ മുതല്‍ മൗണ്ട് ഫുജി വരെ; ഐആര്‍സിടിസി പാക്കേജ് ₹3.46 ലക്ഷം മുതല്‍

റിട്ടേണ്‍ ഇക്കണോമി ക്ലാസ് വിമാന ടിക്കറ്റ്, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളിലെ താമസം, ജപ്പാന്‍ ടൂറിസ്റ്റ് വീസ ചാര്‍ജ്, ദിവസേന പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവ പാക്കേജില്‍ ഉള്‍പ്പെടുന്നു

Dhanam News Desk

ജപ്പാന്‍ ചുറ്റിക്കറങ്ങണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രത്യേക വിദേശ ടൂര്‍ പാക്കേജുമായി ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (IRCTC). ഡല്‍ഹിയില്‍ നിന്ന് ആരംഭിക്കുന്ന 10 പകലും ഒമ്പത് രാത്രിയും നീളുന്ന യാത്ര സെപ്റ്റംബര്‍ ആറിനാണ് പുറപ്പെടുന്നത്. ഒരാള്‍ക്ക് 3.46 ലക്ഷം രൂപ മുതലാണ് പാക്കേജ് നിരക്ക്.

ടോക്കിയോ, ഹക്കോനെ, ഹമാമാത്സു, ക്യോട്ടോ, ഒസാക, നാര, ഹിരോഷിമ തുടങ്ങിയ ജപ്പാനിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തിയാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ ആറിന് പുറപ്പെട്ട് സെപ്റ്റംബര്‍ 15ന് തിരിച്ചെത്തുന്ന രീതിയിലാണ് ഷെഡ്യൂള്‍.

താമസ സൗകര്യത്തിന്റെ അടിസ്ഥാനത്തില്‍ വ്യത്യസ്ത നിരക്കുകളാണ് ഐആര്‍സിടിസി നിശ്ചയിച്ചിരിക്കുന്നത്. ട്രിപ്പിള്‍ ഷെയറിംഗില്‍ ഒരാള്‍ക്ക് 3,45,999 രൂപ മുതലാണ് നിരക്ക്. ട്വിന്‍ ഷെയറിംഗിന് ഒരാള്‍ക്ക് 3,49,999 രൂപയുമാണ്.

അഞ്ച് മുതല്‍ 11 വയസുവരെയുള്ള കുട്ടികള്‍ക്ക് കിടക്ക ഉള്‍പ്പെടെയുള്ള പാക്കേജിന് 2,92,499 രൂപയും കിടക്ക ഇല്ലാത്ത പാക്കേജിന് 2,63,999 രൂപയുമാണ് നിരക്ക്.

വിമാനയാത്ര മുതല്‍ വീസ വരെ

റിട്ടേണ്‍ ഇക്കണോമി ക്ലാസ് വിമാന ടിക്കറ്റ്, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളിലെ താമസം, ജപ്പാന്‍ ടൂറിസ്റ്റ് വീസ ചാര്‍ജ്, ദിവസേന പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവ പാക്കേജില്‍ ഉള്‍പ്പെടുന്നു.

എയര്‍പോര്‍ട്ട് ട്രാന്‍സ്ഫര്‍, എയര്‍കണ്ടീഷന്‍ ചെയ്ത കോച്ചുകളിലെ യാത്രയും കാഴ്ച്ചകളും, ഇംഗ്ലീഷ് സംസാരിക്കുന്ന ടൂര്‍ ഗൈഡിന്റെ സേവനം എന്നിവയും നിരക്കിന്റെ ഭാഗമാണ്. 70 വയസിന് താഴെയുള്ള യാത്രക്കാര്‍ക്കുള്ള ട്രാവല്‍ ഇന്‍ഷുറന്‍സും പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഓള്‍ നിപ്പോണ്‍ എയര്‍വേയ്സിലാണ് വിമാനയാത്ര. സെപ്റ്റംബര്‍ ആറിന് വൈകുന്നേരം ആറിന് പുറപ്പെട്ട് ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം പുലര്‍ച്ചെ 5.55ന് ടോക്കിയോയിലെ ഹനേഡ വിമാനത്താവളത്തിലെത്തും.

മൗണ്ട് ഫുജിയും ബുള്ളറ്റ് ട്രെയിനും

ടോക്കിയോയിലെ അസാകുസ ക്ഷേത്രം, നകാമിസെ ഡോരി, ഉഎനോ പാര്‍ക്ക്, ഒഡൈബ, ടീംലാബ് പ്ലാനറ്റ്‌സ് തുടങ്ങിയവയാണ് യാത്രയിലെ പ്രധാന ആകര്‍ഷണങ്ങള്‍. മൗണ്ട് ഫുജിയുടെ അഞ്ചാം സ്റ്റേഷന്‍, ഒവാകുദാനി വാലി, ഹക്കോനെ റോപ്വേ, ഹക്കോനെ പൈറേറ്റ് ഷിപ്പ് ക്രൂയിസ് എന്നിവയും സന്ദര്‍ശിക്കാം.

ഒസാകയില്‍ നിന്ന് ഹിരോഷിമയിലേക്കുള്ള ജപ്പാന്റെ പ്രശസ്തമായ ഷിന്‍കാന്‍സെന്‍ ബുള്ളറ്റ് ട്രെയിന്‍ യാത്രയും പാക്കേജിലെ പ്രധാന ആകര്‍ഷണമാണ്.

ബുക്കിംഗിന് എന്തൊക്കെ വേണം?

യാത്ര അവസാനിക്കുന്ന തീയതി മുതല്‍ കുറഞ്ഞത് ആറുമാസം കാലാവധിയുള്ള പാസ്പോര്‍ട്ട് ബുക്കിംഗിന് ആവശ്യമാണ്. പാന്‍ കാര്‍ഡും സമര്‍പ്പിക്കണം. ജപ്പാന്‍ വീസ ലഭിക്കുന്നതിന് ആവശ്യമായ സാമ്പത്തിക, തൊഴില്‍ സംബന്ധമായ രേഖകളും യാത്രക്കാര്‍ നല്‍കേണ്ടിവരും. പ്രവര്‍ത്തനപരമായ സാഹചര്യങ്ങള്‍ക്കനുസരിച്ച് യാത്രാ ഷെഡ്യൂളിലും സന്ദര്‍ശിക്കുന്ന സ്ഥലങ്ങളിലും മാറ്റമുണ്ടാകാമെന്ന് ഐആര്‍സിടിസി വ്യക്തമാക്കിയിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT