Travel

യുദ്ധപ്രതിസന്ധികള്‍ക്കിടെയും വെക്കേഷന്‍ മോഡ് ഓണ്‍, റൂട്ട് മാറ്റിപ്പിടിച്ച് ഇന്ത്യക്കാര്‍, പ്രീമിയം പാക്കേജുകള്‍ക്ക് തിരിച്ചടി, പുതിയ ട്രെന്‍ഡ് ഈ രാജ്യങ്ങള്‍

മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി, സുരക്ഷിതവും ലാഭകരവുമായ പുതിയ പാതകള്‍ തേടുകയാണ് വെക്കേഷന്‍ പ്രേമികള്‍

Dhanam News Desk

ആഗോളതലത്തില്‍ പടരുന്ന യുദ്ധഭീഷണിയും ഇന്ധനക്ഷാമവും കണ്ട് ഇന്ത്യന്‍ സഞ്ചാരികള്‍ വീട്ടിലിരിക്കുമെന്ന് കരുതിയെങ്കില്‍ തെറ്റി. തടസങ്ങളെല്ലാം ഉണ്ടെങ്കിലും അവധിക്കാലം ആഘോഷിക്കാന്‍ തന്നെ ഉറപ്പിച്ചിരിക്കുകയാണ് ഭാരതീയര്‍. എന്നാല്‍ മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി, സുരക്ഷിതവും ലാഭകരവുമായ പുതിയ പാതകള്‍ തേടുകയാണ് വെക്കേഷന്‍ പ്രേമികള്‍.

വിമാനങ്ങള്‍ വൈകുന്നതിനെക്കുറിച്ചും ആകാശപാതകള്‍ മാറ്റുന്നതിനെക്കുറിച്ചുമുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. പല തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളും കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങിക്കഴിഞ്ഞു.

ഫിലിപ്പീന്‍സ് വിമാന ഇന്ധനത്തിന്റെ കുറവ് മൂലം രാജ്യത്ത് 'നാഷണല്‍ എനര്‍ജി എമര്‍ജന്‍സി' പ്രഖ്യാപിച്ചു. ഇന്ധനവില വര്‍ദ്ധനവ് മറികടക്കാന്‍ വിയറ്റ്നാം വര്‍ക്ക് ഫ്രം ഹോം രീതിക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നു. ശ്രീലങ്കയാകട്ടെ യാത്രാവശ്യങ്ങള്‍ കുറയ്ക്കാന്‍ ആഴ്ചയില്‍ നാല് ദിവസം മാത്രം പ്രവൃത്തിദിനമാക്കി ചുരുക്കി.

ഈ വാര്‍ത്തകളെല്ലാം ഏതൊരു സഞ്ചാരിയെയും ഒന്ന് മാറ്റി ചിന്തിപ്പിക്കാന്‍ പോന്നതാണെങ്കിലും യാത്രാ ഡിമാന്‍ഡില്‍ (Travel demand) വലിയ കുറവൊന്നും ഉണ്ടായിട്ടില്ല എന്നതാണ് വസ്തുത.

മാറുന്ന ലക്ഷ്യസ്ഥാനങ്ങള്‍; പ്രിയം ഏഷ്യന്‍ രാജ്യങ്ങളോട്

ദൂരക്കൂടുതലുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പകരം യാത്രക്കാര്‍ ഇപ്പോള്‍ തിരഞ്ഞെടുക്കുന്നത് അടുത്തുള്ള വിദേശ രാജ്യങ്ങളെയാണ് (Short-haul destinations). ഇതിന്റെ ഏറ്റവും വലിയ ഗുണം ലഭിക്കുന്നത് ഏഷ്യന്‍ രാജ്യങ്ങള്‍ക്കാണ്.

'സഞ്ചാരികള്‍ തങ്ങളുടെ പ്ലാനുകള്‍ നിലവിലെ യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെട്ട് പുതുക്കുകയാണെന്നാണ് ക്ലിയര്‍ട്രിപ്പ് (Cleartrip) ചീഫ് ഗ്രോത്ത് ഓഫീസര്‍ മഞ്ജരി സിംഗാള്‍ നിരീക്ഷിക്കുന്നത്.

തായ്‌ലാന്‍ഡ്‌, മലേഷ്യ, വിയറ്റ്നാം, ബാലി തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ബുക്കിംഗുകളില്‍ വന്‍ കുതിച്ചുചാട്ടമാണ് അനുഭവപ്പെടുന്നത്. ഫിലിപ്പീന്‍സിലേക്കുള്ള ബുക്കിംഗുകള്‍ മൂന്നിരട്ടിയായി വര്‍ദ്ധിച്ചു. ജപ്പാന്‍, ചൈന, കംബോഡിയ രാജ്യങ്ങളും സഞ്ചാരികളുടെ പ്രിയപ്പെട്ട പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

പ്രീമിയം പാക്കേജുകള്‍ക്ക് തിരിച്ചടി

അതേസമയം പ്രീമിയം ട്രാവല്‍ കമ്പനികള്‍ക്ക് വലിയ തിരിച്ചടിയുണ്ടായിട്ടുണ്ട്. അമേരിക്ക, റഷ്യ പോലുള്ള രാജ്യങ്ങളിലേക്ക് ടൂര്‍ പാക്കേജുകള്‍ തീരുമാനിച്ചിരുന്ന പലര്‍ക്കും ട്രിപ്പികള്‍ മാറ്റി വയ്‌ക്കേണ്ടി വന്നിട്ടുണ്ട്. കൊച്ചി ആസ്ഥാനമായ ട്രാവല്‍ കമ്പനിയായ ബെന്നീസ് റോയില്‍ ടൂര്‍സ് ഈ മാസം നടത്താനിരുന്ന നാല് ട്രിപ്പുകള്‍ മാറ്റി വച്ചു. 200 ഓളം പേരാണ് ഈ ട്രിപ്പുകളില്‍ ബുക്കിംഗ് എടുത്തിരുന്നത്.

അതേസമയം, ലോകത്തിലെ ഏറ്റവും തണുപ്പേറിയ ജനവാസ കേന്ദ്രമായ സൈബീരിയയിലെ ഒയിമ്യാക്കോണ്‍ (Oymyakon) സന്ദര്‍ശനം പൂര്‍ത്തിയാക്കി ബെന്നീസ് റോയല്‍ ടൂര്‍സിന്റെ യാത്രാസംഘം ഈ ആഴ്ച തിരിച്ചെത്തും. ഒയിമ്യാക്കോണ്‍ ടൂറിസം ബോര്‍ഡുമായി സഹകരിച്ചാണ് ഈ ചരിത്രയാത്ര സംഘടിപ്പിച്ചത്. കമ്പനി മാനേജിംഗ് ഡയറക്ടര്‍ ബെന്നി പാനിക്കുളങ്ങരയുടെ നേതൃത്വത്തില്‍ 10 പേരടങ്ങുന്ന സംഘമാണ് ഈ സാഹസിക യാത്രയില്‍ പങ്കെടുത്തത്.

2026 ഏപ്രില്‍ 1-ന് ദുബായില്‍ നിന്നുള്ള എമിറേറ്റ്സ് വിമാനത്തില്‍ സംഘം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തും. ആഗോളതലത്തിലെ പ്രതിസന്ധികള്‍ കാരണം വെല്ലുവിളികള്‍ നേരിടുന്ന കേരള ടൂറിസത്തിന് ആവേശം പകരാന്‍ വിമാനത്താവളത്തില്‍ ഇവര്‍ക്ക് വന്‍ സ്വീകരണം നല്‍കാന്‍ പദ്ധതിയിടുന്നതായി ബെന്നി പാനിക്കുളങ്ങര പറഞ്ഞു.

വരും മാസങ്ങളില്‍ അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ട്രിപ്പുകള്‍ പ്ലാന്‍ ചെയ്തിരുന്നെങ്കിലും സഞ്ചാരികള്‍ പലരും ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ്. പലരും പേടിമൂലം യാത്രകള്‍ റദ്ദാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

യൂറോപ്പ്, അമേരിക്ക, ജോര്‍ജിയ, അര്‍മേനിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകുന്നതിന് മിഡില്‍ ഈസ്റ്റ് വിമാനങ്ങളാണ് കൂടുതലായും ഉപയോഗിക്കുന്നത്. എന്നാല്‍ യുദ്ധ പശ്ചാത്തലത്തില്‍ ഇവയില്‍ പലതും സര്‍വീസ് നടത്താതു മൂലം ട്രിപ്പുകള്‍ പലതും മാറ്റിവച്ചിരിക്കുകയാണെന്ന് ബെസ്റ്റിനേഷന്‍ ഹോളിഡേയ്‌സ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ജീന ഫെര്‍ണാണ്ടസ് പറഞ്ഞു. വിമാനക്കമ്പനികള്‍ പലതും റീഫണ്ട് നല്‍കാറില്ല. ക്രെഡിറ്റിലേക്ക് ഇത് മാറ്റുന്നതു മൂലം പണം ബ്ലോക്കായികിടക്കുകയാണ്. മലേഷ്യ, സിംഗപ്പൂര്‍, തായ്‌ലന്‍ഡ്, വിയറ്റ്‌നാം എന്നിവിടങ്ങളിലേക്കുള്ള യാത്രകള്‍ നടക്കുന്നുണ്ടെങ്കിലും പുതിയ സഞ്ചാരികള്‍ മാത്രമാണ് അതിലേക്ക് ആകൃഷ്ടരാകുന്നത്. പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേരും യാത്രകള്‍ മാറ്റി വയ്ക്കുന്നതായി കാണുന്നുണ്ടെന്നും ജീന പറയുന്നു.

ആഭ്യന്തര ടൂറിസത്തിന് ഉണര്‍വ്

യാത്രയിലെ എളുപ്പവും കുറഞ്ഞ ചെലവുമാണ് സഞ്ചാരികളെ ഇപ്പോള്‍ ആകര്‍ഷിക്കുന്നത്. അതുകൊണ്ടുതന്നെ ആഭ്യന്തര ടൂറിസത്തിനും വന്‍ ഡിമാന്‍ഡാണ് അനുഭവപ്പെടുന്നത്. 'അഫോര്‍ഡബിലിറ്റിയും യാത്രാ സൗകര്യവുമാണ് ഇന്ത്യക്കാരെ ഇപ്പോള്‍ ആഭ്യന്തര യാത്രകളിലേക്കും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കും നയിക്കുന്നത്,' എന്ന് യാത്ര ഓണ്‍ലൈന്‍ (Yatra Online) സീനിയര്‍ വിപി ഭരത് മാലിക് വ്യക്തമാക്കുന്നു.

ആഭ്യന്തര യാത്രകള്‍ അടുത്തിടെയായി കൂടിയിട്ടുണ്ടെന്ന് ജീന ഫെര്‍ണാണ്ടസും പറയുന്നു. ഗ്യാസ് ലഭ്യതകുറവ് നിലനില്‍ക്കുന്നത് ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയെങ്കിലും പൂര്‍ണമായും ബാധിച്ചു തുടങ്ങിയിട്ടില്ലാത്തതിനാല്‍ ട്രിപ്പുകള്‍ മുടങ്ങുന്നതിലേക്ക് നയിച്ചിട്ടില്ലെന്നും ജീന കൂട്ടിച്ചേര്‍ത്തു.

ചുരുക്കത്തില്‍, പ്രതിസന്ധികള്‍ ഉണ്ടെങ്കിലും അത് അവധിക്കാല ആഘോഷങ്ങളെ ബാധിക്കില്ലെന്ന് ഇന്ത്യന്‍ സഞ്ചാരികള്‍ തെളിയിക്കുന്നു. കൂടുതല്‍ ബോധപൂര്‍വ്വമായ പ്ലാനിംഗിലൂടെ അവര്‍ തങ്ങളുടെ യാത്രാ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുകയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT