Image courtesy: x.com/GMSRailway
Travel

₹ 535 കോടി ചെലവ്, കടലിലൂടെ 2.2 കിലോമീറ്റര്‍, പാലം ഉയര്‍ത്താന്‍ വെറും മൂന്ന് മിനിറ്റ് മാത്രം; എന്‍ജിനീയറിംഗ് വിസ്മയമായി പാമ്പന്‍പാലം!

ടൂറിസ്റ്റുകള്‍ക്കും നാട്ടുകാര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്നതാണ് പുതിയ പാലം

Dhanam News Desk

രാമേശ്വരം ദ്വീപിനെ തമിഴ്‌നാടുമായി ബന്ധിപ്പിക്കുന്ന പുതിയ പാമ്പന്‍ പാലം ഇന്ന് ഉദ്ഘാടനം ചെയ്യുകയാണ്. ഇന്ത്യയിലെ ആദ്യത്തെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് റെയില്‍വേ കടല്‍ പാലം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്യുന്നത്. വിസ്മയങ്ങളുടെ കലവറയാണ് 2.2 കിലോമീറ്റര്‍ നീളമുളള പാലം. 535 കോടി രൂപയാണ് പാലത്തിന്റെ നിര്‍മാണ ചെലവ്.

പുതിയ പാമ്പന്‍ പാലത്തിന്റെ വരവോടെ അമൃത എക്‌സ്പ്രസ് അടക്കമുള്ള ട്രെയിനുകള്‍ രാമേശ്വരം വരെ നീട്ടുന്നതാണ്. രാമേശ്വരം-തിരുപ്പതി പ്രതിവാര എക്‌സ്പ്രസും രാമേശ്വരം-കന്യാകുമാരി ത്രൈവാര എക്‌സ്പ്രസും പുതിയ പാലത്തിന്റെ വരവോടെ ഓടിത്തുടങ്ങും.

ടൂറിസ്റ്റുകള്‍ക്കും നാട്ടുകാര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്നതാണ് പുതിയ പാലം. ഇലക്ട്രോ മെക്കാനിക്കല്‍ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് ഉപയോഗിച്ച് പാലം കുത്തനെ ഉയര്‍ത്താനും താഴ്ത്താനും സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. പാലം ഉയര്‍ത്താന്‍ 3 മിനിറ്റും താഴ്ത്താന്‍ 2 മിനിറ്റുമാണ് വേണ്ടത്. 1914 ല്‍ ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിച്ച പാമ്പനിലെ റെയില്‍വേ പാലത്തിന്റെ അറ്റകുറ്റപണി അസാധ്യമായിരുന്നു. ഇതിനെ തുടര്‍ന്നാണ് പുതിയ പാലം നിര്‍മിച്ചത്.

22 മീറ്റര്‍ വരെ സമുദ്ര നിരപ്പില്‍ നിന്ന് പുതിയ പാമ്പന്‍ പാലം ഉയര്‍ത്താന്‍ സാധിക്കും. കൂടുതല്‍ വലിയ ബോട്ടുകള്‍ക്കും കപ്പലുകള്‍ക്കും ഇതുമൂലം സഞ്ചരിക്കാന്‍ കഴിയും. പാലത്തിലൂടെ മണിക്കൂറില്‍ 75 കിലോമീറ്റര്‍ വരെ വേഗതയില്‍ ട്രെയിനുകള്‍ക്കു സഞ്ചരിക്കാന്‍ സാധിക്കും.

പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

രാമേശ്വരത്തിന്റെ തെക്കുകിഴക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന ധനുഷ്‌കോടി ബീച്ച് ടൂറിസ്റ്റുകളുടെ പ്രധാന ആകര്‍ഷണ സ്ഥലങ്ങളിലൊന്നാണ്. രാമസേതു വ്യൂ പോയിന്റാണ് ധനുഷ്‌കോടി ബീച്ചിന്റെ പ്രധാന ആകര്‍ഷണം. ഇന്ത്യയുടെ മിസൈല്‍ മാനും മുന്‍ രാഷ്ട്രപതിയുമായ ഡോ. എപിജെ അബ്ദുള്‍ കലാമിന്റെ സ്മാരകം ജന്മനാടായ രാമേശ്വരത്തുണ്ട്.

ഗംഭീരമായ വാസ്തുവിദ്യയും ദീര്‍ഘമായ ക്ഷേത്ര ഇടനാഴിയും കൊണ്ട് പ്രശസ്തമാണ് രാമനാഥസ്വാമി ക്ഷേത്രം. രാമനാഥസ്വാമി ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തായാണ് അഗ്നിതീര്‍ത്ഥം ബീച്ചുളളത്. രാമേശ്വരത്തുളള തീര്‍ത്ഥക്കുളങ്ങളില്‍ പ്രശസ്തമാണ് അഗ്നിതീര്‍ത്ഥം ബീച്ച്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT