ഹൈഡ്രജന്‍ ഇന്ധനമാക്കി ട്രെയിന്‍ സര്‍വീസ് തുടങ്ങുന്നതിനുള്ള ഇന്ത്യയുടെ ലക്ഷ്യത്തിലേക്ക് ആദ്യ ചുവട് വിജയം. രാജ്യത്തെ ആദ്യത്തെ ഹൈഡ്രജന്‍ ട്രെയിന്‍ എഞ്ചിന്‍ വിജയകരമായി പരീക്ഷിച്ചു. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് പരീക്ഷണം നടന്നത്. അന്തരീക്ഷത്തിലെ കാര്‍ബണ്‍ കുറക്കുന്നതിനുള്ള ശ്രമത്തിന് വലിയ സംഭാവന നല്‍കാന്‍ കഴിയുന്ന സാങ്കേതിക വിദ്യയാണ് വിജയിച്ചിരിക്കുന്നതെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് എക്‌സില്‍ കുറിച്ചു. ഹൈഡ്രജന്‍ ട്രെയിന്‍ ടെക്‌നോളജി വികസിപ്പിക്കുന്ന അപൂര്‍വം രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഡ്രൈവിംഗ് പവര്‍ കാര്‍ എന്നാണ് എഞ്ചിന് പേരിട്ടിരിക്കുന്നത്. ഒരു ഹൈഡ്രജന്‍ എഞ്ചിന്‍ നിര്‍മിക്കുന്നതിന് 80 കോടി രൂപയാണ് ചെലവ്. ഇത്തരത്തിലുള്ള 35 എഞ്ചിനുകള്‍ നിര്‍മിക്കാനാണ് ഇന്ത്യന്‍ റെയില്‍വെയുടെ പദ്ധതി. തുടക്കത്തില്‍ ഇത്തരം എഞ്ചിനുകളുടെ ചെലവ് കൂടുതലാണെങ്കിലും ദീര്‍ഘകാലത്തേക്ക് ഉപയോഗിക്കുമ്പോള്‍ സാമ്പത്തിക ചെലവുകള്‍ കുറയുമെന്നാണ് റെയില്‍വെ വ്യക്തമാക്കുന്നത്. ഈ പദ്ധതിക്കായി ഇന്ത്യന്‍ റെയില്‍വെ 2,800 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
നോര്‍ത്തേണ്‍ റെയില്‍വെയില്‍ ഉള്‍പ്പെടുന്ന ഹരിയാനയിലെ ജിന്‍ഡ്-സോനിപട്ട് റൂട്ടിലാണ് ആദ്യം ഹൈഡ്രജന്‍ ട്രെയിന്‍ ഓടി തുടങ്ങുക. 1,200 കുതിരശക്തിയാണ് എഞ്ചിനുള്ളത്. ഇത് ലോകത്തില്‍ തന്നെ ഏറ്റവും ശക്തിയേറിയ എഞ്ചിനാണെന്നാണ് റെയില്‍വെ അവകാശപ്പെടുന്നത്. വിദേശരാജ്യങ്ങളില്‍ 500 മുതല്‍ 600 വരെ കുതിര ശക്തിയുള്ള എഞ്ചിനുകളാണ് വികസിപ്പിച്ചിട്ടുള്ളത്. 10 കോച്ചുകള്‍ വരെ ഘടിപ്പിക്കാനുള്ള ശേഷിയാണ് ഈ എഞ്ചിനുകള്‍ക്കുള്ളത്. ബദല്‍ ഇന്ധന മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തുന്നതില്‍ ഈ സാങ്കേതിക വിദ്യ ഏറെ പ്രയോജനപ്പെടുമെന്നാണ് റെയില്‍വെയുടെ നിരീക്ഷണം. 2030 ഓടെ അന്തരീക്ഷത്തിലെ കാര്‍ബണ്‍ അളവ് ഗണ്യമായി കുറക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.
Read DhanamOnline in English
Subscribe to Dhanam Magazine