എയര്‍ലൈന്‍ വ്യവസായത്തെ ടൂറിസം വ്യവസായവുമായി ബന്ധിപ്പിക്കുന്ന പുതിയ കാല്‍വെപ്പുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. സിംഗപ്പൂരിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ഇന്ത്യയില്‍ നിന്ന് കൂടുതല്‍ ആളുകളെ എത്തിക്കുന്ന പുതിയ പദ്ധതിക്കാണ് തുടക്കമിട്ടിരിക്കുന്നത്. ഇതിനായി സിംഗപ്പൂര്‍ ടൂറിസം ബോര്‍ഡുമായി ഇന്‍ഡിഗോ ധാരണാപത്രം ഒപ്പുവെച്ചു. ഒരു ഇന്ത്യന്‍ എയര്‍ലൈന്‍ കമ്പനിയുമായി സിംഗപ്പൂര്‍ ടൂറിസം ബോര്‍ഡ് ആദ്യമായാണ് ഇത്തരമൊരു ധാരണാപത്രം ഒപ്പുവെക്കുന്നത്. ഒരു ദേശീയ ടൂറിസം ഏജന്‍സിയുമായി ഇന്‍ഡിഗോയുടെയും ആദ്യത്തെ കരാറാണ്. ഇന്‍ഡിഗോക്ക് യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നതിനും സിംഗപ്പൂരില്‍ കൂടുതല്‍ ടൂറിസ്റ്റുകള്‍ എത്തുന്നതിനും ഈ ധാരണ പത്രം സഹായകമാകുമെന്നാണ് കണക്കുകൂട്ടല്‍.
ഇന്ത്യയില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള ടൂറിസ്റ്റുകളുടെ എണ്ണം വര്‍ധിച്ചു വരുന്നതാണ് ഇന്‍ഡിഗോയെ പുതിയ പദ്ധതിക്ക് പ്രേരിപ്പിച്ചത്. ഈ വര്‍ഷം ആദ്യത്തെ ആറ് മാസങ്ങളില്‍ ഇന്ത്യയില്‍ നിന്ന് 5 ലക്ഷം ടൂറിസ്റ്റുകള്‍ സിംഗപ്പൂരില്‍ എത്തിയിട്ടുണ്ട്. ഇന്ത്യന്‍ ടൂറിസ്റ്റുകളുടെ ഇഷ്ട രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്താണ് സിംഗപ്പൂര്‍. ചാംഗി വിമാനത്താവളത്തില്‍ നിന്ന് 15 ഇന്ത്യന്‍ നഗരങ്ങളിലേക്കായി ആഴ്ചയില്‍ 270 വിമാനങ്ങളാണുള്ളത്. ഇന്ത്യയിലെ ഒമ്പത് നഗരങ്ങളിലേക്ക് നിലവില്‍ ഇന്‍ഡിഗോ സര്‍വീസുണ്ട്. പുതിയ കരാറോടെ കൂടുതല്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്തും. ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് 60 വര്‍ഷമാകുന്നതിന്റെ ഭാഗമായി ഇന്‍ഡിഗോ പുതിയ ബിസിനസ് ക്ലാസ് വിമാന സര്‍വീസ് ആരംഭിക്കും. ഇന്‍ഡിഗോ സ്‌ട്രെച് എന്ന് പേരിട്ട ഈ സര്‍വീസ് ഓഗസ്റ്റ് ഒമ്പതിനാണ് തുടങ്ങുന്നത്. പ്രീമിയം യാത്രക്കാരെ ലക്ഷ്യമിട്ടുള്ളതാണ് ഈ സര്‍വീസ്.
സിംഗപ്പൂരിലെ പ്രശസ്തമല്ലാത്ത ടൂറിസ്റ്റ് കേന്ദ്രങ്ങളെ ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തുന്ന പുതിയ കാമ്പയിനില്‍ ഇന്‍ഡിഗോയും പങ്കാളിയാകും. ഈ സ്ഥലങ്ങളിലേക്ക് ആകര്‍ഷകമായ നിരക്കുകളില്‍ യാത്രക്ക് അവസരമൊരുക്കും. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി കാമ്പയിന്‍ സംഘടിപ്പിക്കും. ഇന്‍ഡിഗോയുടെയും സിംഗപ്പൂര്‍ ടൂറിസം ബോര്‍ഡിന്റെയും കസ്റ്റമര്‍ ഡാറ്റ പരസ്പരം കൈമാറുന്നതിനും ധാരണയുണ്ട്. ഇത് ഉപയോഗിച്ച് കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനാകും.
Read DhanamOnline in English
Subscribe to Dhanam Magazine