Image Courtesy: swtd.kerala.gov.in
Travel

കൊച്ചി കായലിന്റെ രാത്രി സൗന്ദര്യം ആസ്വദിക്കാം, മ്യൂസിക്ക് സിസ്റ്റവും ഭക്ഷണ സൗകര്യവും, ആഭ്യന്തര ടൂറിസ്റ്റുകള്‍ക്കായി ഇന്ദ്ര സര്‍വീസ്

ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന രാത്രി യാത്രയാണ് അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്

Dhanam News Desk

കൊച്ചിയിലെത്തുന്ന വിനോദ സഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന ജലഗതാഗത വകുപ്പ് (എസ്‌.ഡബ്ല്യു.ടി.ഡി). ഇതിന്റെ ഭാഗമായി അടുത്ത മാസം മുതൽ കൊച്ചി കായലിൽ ജലഗതാഗത വകുപ്പിന്റെ ഇന്ദ്ര ബോട്ട് രാത്രികാല സർവീസുകൾ ആരംഭിക്കുന്നു.

എസ്‌.ഡബ്ല്യു.ടി.ഡി യുടെ പ്രീമിയം ബോട്ട് സർവീസായ ഇന്ദ്ര നിരവധി ആഭ്യന്തര വിനോദസഞ്ചാരികള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. 100 സീറ്റുള്ള ഡബിൾ ഡെക്കർ ബോട്ടിൽ പുഷ്-ബാക്ക് സീറ്റുകൾ, എയർ കണ്ടീഷനിംഗ്, മികച്ച സുരക്ഷാ സവിശേഷതകൾ, ആകർഷകമായ ഇന്റീരിയർ തുടങ്ങിയ പ്രീമിയം സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ഏഴ് നോട്ടിക്കല്‍ വേഗത

20 കിലോവാട്ടിന്റെ രണ്ട് ഇലക്ട്രിക് മോട്ടോറുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബോട്ടിന് ഏഴ് നോട്ടിക്കല്‍ വേഗത കൈവരിക്കാൻ സാധിക്കും. മുകളിലെ ഡെക്കിൽ മ്യൂസിക് സിസ്റ്റം ഉൾപ്പെടെയുള്ള കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതാണ്. കൂടാതെ കുടുംബശ്രീയുടെ പ്രത്യേക ഭക്ഷണ കൗണ്ടറും ബോട്ടിൽ ഉണ്ടായിരിക്കും.

ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന രാത്രി യാത്രയാണ് അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. മറൈൻ ഡ്രൈവ്, ബോൾഗാട്ടി പാലസ്, വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ, വൈപ്പിൻ, കമലക്കടവ്, ഫോർട്ട് കൊച്ചി, വില്ലിംഗ്ടൺ ഐലൻഡ് തുടങ്ങിയ പ്രദേശങ്ങളിലൂടെയായിരിക്കും ബോട്ട് സര്‍വീസ് നടത്തുക.

കായലിലൂടെ രാത്രിയില്‍ ബോട്ട് യാത്ര വേണമെന്ന് ടൂറിസ്റ്റുകള്‍ നിരന്തരം ആവശ്യപ്പെടുന്ന കാര്യമാണെന്ന് അധികൃതര്‍ പറയുന്നു. റംസാന് ശേഷം സർവീസ് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. വേനൽക്കാല അവധിയില്‍ കുട്ടികള്‍ അടക്കമുളള പൊതുജനങ്ങളില്‍ നിന്ന് സര്‍വീസിന് മികച്ച പ്രതികരണം ലഭിക്കുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ആഭ്യന്തര ടൂറിസ്റ്റുകള്‍ കൂടുതലായി ഈ സേവനം പ്രയോജനപ്പെടുത്തുമെന്നാണ് വിലയിരുത്തുന്നത്.

വേഗ-2

ടൂറിസ്റ്റുകള്‍ക്കായി കേരളത്തിലെ കായലുകളിലൂടെ മനോഹരമായ ദൃശ്യങ്ങള്‍ ആസ്വദിച്ചുളള യാത്രയ്ക്കായി ജലഗതാഗത വകുപ്പ് ഒരുക്കിയിരിക്കുന്ന ബോട്ട് സര്‍വീസുകള്‍ക്ക് വലിയ പ്രതികരണമാണ് ലഭിക്കുന്നത്. "സീ കുട്ടനാട്", "സീ അഷ്ടമുടി", കൊല്ലത്തിനും ആലപ്പുഴയ്ക്കും ഇടയിലുള്ള ടൂറിസ്റ്റ് ബോട്ട് സർവീസുകൾ തുടങ്ങിയവ മികച്ച രീതിയിലാണ് മുന്നോട്ടു പോകുന്നത്.

ടൂറിസ്റ്റുകള്‍ക്ക് സീറ്റുകള്‍ ബുക്ക് ചെയ്യാന്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആലപ്പുഴ-പാതിരാമണൽ-കുമരകം-കൈനകരി റൂട്ടിൽ സർവീസ് നടത്തുന്ന 120 സീറ്റുകളുള്ള വേഗ-2 ആണ് വകുപ്പിന്റെ ഏറ്റവും ജനപ്രിയമായ ടൂറിസ്റ്റ് ക്രൂയിസ് സർവീസ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT