Schengen visa canva
Travel

യൂറോപ്പ് ടൂറിസ്റ്റ് വിസ കിട്ടാന്‍ എളുപ്പമല്ല; യാത്രക്ക് കടമ്പകള്‍ എന്തെല്ലാം?

സഞ്ചാരികളുടെ പ്രിയപ്പെട്ട സീസണില്‍ ഷെന്‍ഗന്‍ വിസ ലഭിക്കാന്‍ കാത്തിരിക്കേണ്ടി വരുന്നത് മാസങ്ങളാണ്.

Dhanam News Desk

യൂറോപ്പ് സഞ്ചാരികളെ മാടിവിളിക്കുന്ന മാസങ്ങളാണ് വരുന്നത്. ഇന്ത്യയിലെ ചൂടേറിയ അവധിക്കാലമായ എപ്രില്‍,മെയ് മാസങ്ങള്‍ യൂറോപ്പില്‍ യാത്രക്ക് ഏറ്റവും അനുയോജ്യമായ സമയമാണ്. ഇളം ചൂടും, ദൈര്‍ഘ്യമേറിയ പകലുകളും, പൂക്കാലവുമൊക്കെയായി പ്രകൃതിക്ക് പ്രത്യേക വൈബുണ്ടാകുന്ന കാലം. ഒരു യാത്ര നടത്താന്‍ ആരും കൊതിച്ചു പോകുന്ന സമയം.

എന്നാല്‍ യൂറോപ്പ് യാത്ര ഇപ്പോള്‍ അത്ര എളുപ്പമല്ലെന്നാണ് ട്രാവല്‍ രംഗത്തു നിന്നുള്ള സൂചനകള്‍. നിരവധി യൂറോപ്യന്‍ രാജ്യങ്ങളിലൂടെ യാത്ര ചെയ്യാന്‍ അനുമതി നല്‍കുന്ന ഷെന്‍ഗന്‍ വിസ കിട്ടാനുള്ള ബുദ്ധിമുട്ട് തന്നെ കാരണം. വിസ അപേക്ഷ നല്‍കുന്നവര്‍ക്ക് എംബസി അപ്പോയിന്റ്‌മെന്റ് ലഭിക്കാന്‍ കാത്തിരിക്കേണ്ടി വരുന്നത് മാസങ്ങളാണ്. യാത്രാ രേഖകളുടെ പരിശോധന കൂടി കടുത്തതോടെ ഉദ്ദേശിച്ച സമയത്തൊന്നും യൂറോപ്പ് യാത്ര യാഥാര്‍ത്ഥ്യമാകില്ലെന്ന് ട്രാവല്‍ ഏജന്റുമാര്‍ ചൂണ്ടിക്കാട്ടുന്നു.

ഷെന്‍ഗന്‍ വിസക്ക് ഉയര്‍ന്ന ഡിമാന്റ്

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഈ സീസണില്‍ യൂറോപ്പിലേക്ക് യാത്രികര്‍ കൂടുന്നതാണ് കാലതാമസത്തിന് ഇടയാക്കുന്നത്. നാല് മാസം മുമ്പെങ്കിലും അപേക്ഷ നല്‍കേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഫ്രാന്‍സ്, സ്പയിന്‍ പോലുള്ള രാജ്യങ്ങളിലേക്ക് വിസ അപ്പോയിന്റ്‌മെന്റുകള്‍ ഇപ്പോള്‍ നല്‍കുന്നില്ല. ഏപ്രില്‍,മെയ് മാസങ്ങളില്‍ മാത്രമാണ് ഈ രാജ്യങ്ങളിലേക്കുള്ള ടൂറിസ്റ്റ് വിസ അപേക്ഷകള്‍ പരിശോധിച്ച് തുടങ്ങുക. അതേസമയം ചെക്ക് റിപ്പബ്ലിക്, ഓസ്ട്രിയ, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളുടെ എംബസികള്‍ അപേക്ഷകള്‍ സ്വീകരിക്കുന്നുണ്ട്. കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഒരു യാത്രയില്‍ സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇത് പ്രയോജനപ്പെടില്ലെന്ന് ട്രാവല്‍ ഏജന്റുമാര്‍ ചൂണ്ടിക്കാട്ടുന്നു.

എന്താണ് ഷെന്‍ഗന്‍ വിസ

ചെറുതും വലുതമായ 26 യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള ടൂറിസ്റ്റ് വിസയാണിത്. ഫ്രാന്‍സ്, ജര്‍മനി, ഓസ്ട്രിയ, ബെല്‍ജിയം, ചെക് റിപ്പബ്ലിക്, ഡെന്‍മാര്‍ക്ക്, എസ്റ്റോണിയ, ഫിന്‍ലാന്‍ഡ്, ഗ്രീസ്, ഹംഗറി, ഐസ്‌ലാന്‍ഡ്, ഇറ്റലി, ലത്‌വിയ, ലക്‌സംബര്‍ഗ്, മാള്‍ട്ട, നെതര്‍ലാന്‍ഡ്‌സ്, നോര്‍വേ, പോളണ്ട്, പോര്‍ച്ചുഗല്‍, സ്ലോവാക്കിയ, സ്ലോവേനിയ, സ്‌പെയിന്‍, സ്വീഡന്‍, സ്വറ്റ്‌സര്‍ലാന്‍ഡ് എന്നിവയാണ് ഷെന്‍ഗന്‍ വിസ ബാധകമായ രാജ്യങ്ങള്‍.

ടൂറിസ്റ്റുകള്‍ ആദ്യം ഇറങ്ങുന്ന രാജ്യത്തിന്റെയോ കൂടുതല്‍ ദിവസം തങ്ങാന്‍ ഉദ്ദേശിക്കുന്ന രാജ്യത്തിന്റെയോ എംബസിയിലാണ് വിസക്ക് അപേക്ഷിക്കേണ്ടത്. വിസ പ്രോസസിംഗ് സാധാരണ രണ്ടാഴ്ചക്ക് മുകളില്‍ സമയമെടുക്കും. അതേസമയം, തിരക്ക് കൂടുതലുള്ള സമയങ്ങളില്‍ അപേക്ഷ സ്വീകരിക്കുന്നത് ആഴ്ചകളോളം നിര്‍ക്കിവെക്കാം. മുതിര്‍ന്നവര്‍ക്ക് ഏതാണ്ട് 8,000 രൂപയാണ് വിസ ഫീസ്.

നേരത്തെ ശ്രമം തുടങ്ങണം

ഷെന്‍ഗന്‍ വിസക്ക് ശ്രമിക്കുന്നവര്‍ നാലു മാസം മുമ്പെങ്കിലും തയ്യാറെടുക്കണമെന്നാണ് ട്രാവല്‍ സേവനദാതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. അപേക്ഷക്കൊപ്പം ഒട്ടേറെ രേഖകള്‍ സമര്‍പ്പിക്കണ്ടതുണ്ട്. പാസ്‌പോര്‍ട്ട്, വിമാനടിക്കറ്റ്, ഹോട്ടല്‍ റൂം ബുക്കിംഗ്, യാത്രാ ആവശ്യങ്ങള്‍ക്കുള്ള പണം മിച്ചമുണ്ടെന്ന് കാണിക്കുന്നതിന് മൂന്നു മാസത്തെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, അന്താരാഷ്ട്ര ട്രാവല്‍ ഇന്‍ഷുറന്‍സ്, ജോലിക്കാര്‍ക്ക് സ്ഥാപനത്തില്‍ നിന്നുള്ള എന്‍ഒസി, അപേക്ഷകന്റെ പുതിയ ഫോട്ടോ തുടങ്ങിയവ ഉണ്ടാകണം.

പാസ്‌പോര്‍ട്ടിന് കുറഞ്ഞത് ആറു മാസത്തെ കാലാവധി വേണം. പാസ്‌പോര്‍ട്ടില്‍ മൂന്ന് ബ്ലാങ്ക് പേജുകളെങ്കിലും വേണം. അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി നേരിട്ടോ സേവനദാതാക്കള്‍ വഴിയോ നല്‍കാവുന്നതാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT