Image Courtesy: keralarail.com 
Travel

സില്‍വര്‍ ലൈനില്‍ കേന്ദ്രം നിര്‍ദേശിക്കുന്ന മാറ്റങ്ങളിലേക്ക് ഉറ്റുനോക്കി കേരള സര്‍ക്കാര്‍; പ്രക്ഷോഭവുമായി കെ-റെയില്‍ വിരുദ്ധ സമിതി

ഇനി റെയിൽവേ ബോർഡും കേന്ദ്രവുമാണ് തീരുമാനമെടുക്കേണ്ടതെന്ന നിലപാടില്‍ കേരളം

Dhanam News Desk

സിൽവർലൈൻ പദ്ധതി സംബന്ധിച്ച് കേരളം സമര്‍പ്പിച്ച വിശദ പദ്ധതിരേഖയില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം നിർണായകമാകും. 2020 ജൂണിലാണ് കേരളം ഡി.പി.ആര്‍ (ഡീറ്റെയ്ല്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട്) സമര്‍പ്പിക്കുന്നത്.

പദ്ധതിയിൽ വരുത്തേണ്ട തിരുത്തലുകളെക്കുറിച്ചുളള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് തൃപ്തികരമല്ലാത്ത സാഹചര്യമാണ് നിലവിലുളളത്. പദ്ധതി സംബന്ധിച്ച് റെയിൽവേ ഭൂമി വിട്ടുകൊടുക്കുന്നതിനെക്കുറിച്ചാണ് പ്രധാനമായും കേന്ദ്രം ആശങ്ക ഉയര്‍ത്തിയത്. റെയിൽവേ ബോർഡ്, നിതി ആയോഗ്, സാമ്പത്തികകാര്യ മന്ത്രിതല സമിതി എന്നിവ പരിഗണിച്ചശേഷമാണ് ഫയൽ കേന്ദ്രമന്ത്രിസഭയ്ക്ക് മുന്നിലെത്തുക.

കേന്ദ്രം സിൽവർലൈൻ പദ്ധതി വൈകിപ്പിക്കുന്നോ?

കേരളത്തിന്റെ ഭാഗത്തു നിന്ന് നടപടികള്‍ പൂർത്തിയാക്കിയതിനാല്‍, ഇനി റെയിൽവേ ബോർഡും കേന്ദ്രവുമാണ് തീരുമാനമെടുക്കേണ്ടതെന്ന നിലപാടാണ് പിണറായി സർക്കാർ സ്വീകരിക്കുന്നത്. പദ്ധതിക്ക് അനുമതി അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞമാസം കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവിനെ കണ്ടിരുന്നു.

എക്‌സ്‌പ്രസ് ഹൈവേകൾ, അതിവേഗ തീവണ്ടിപ്പാതകൾ തുടങ്ങിയവ പൊതുഗതാഗത മേഖലയ്ക്ക് ആവശ്യമാണെന്ന നിലപാടാണ് കേന്ദ്രസർക്കാറിനുളളത്.

സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തുന്നതിനെ തുടര്‍ന്നാണ് സാങ്കേതികവും പാരിസ്ഥിതികവുമായ പ്രശ്നം പരിഹരിച്ചാൽ സിൽവർലൈൻ പദ്ധതിക്ക് അനുമതിനൽകുമെന്ന പ്രതികരണത്തിന് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് നടത്തിയതെന്നാണ് വിലയിരുത്തുന്നത്.

പ്രതിഷേധം ആരംഭിച്ചു

അതേസമയം സിൽവർലൈന്‍ പദ്ധതിയുടെ പേരില്‍ പ്രതിഷേധം വീണ്ടും ചൂടുപിടിക്കുകയാണ്. കെ-റെയിൽ വിരുദ്ധസമതി സമരം ആരംഭിച്ചു കഴിഞ്ഞു.

പദ്ധതിയിൽ കേന്ദ്രസർക്കാരിന്റെ പെട്ടെന്നുള്ള മനംമാറ്റത്തിനു പിന്നിൽ സി.പി.എം-ബി.ജെ.പി അന്തർധാരയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ കുറ്റപ്പെടുത്തി. പദ്ധതിയുമായി മുന്നോട്ടുപോയാൽ ശക്തമായ പ്രക്ഷോഭമുണ്ടാകുമെന്നാണ് യു.ഡി.എഫ് കൺവീനർ എം.എം ഹസന്‍ പറഞ്ഞത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT