Images : KSRTC Kollam, Dhanam Files 
Travel

നാട്ടുകാരുടെ മനസ്സറിഞ്ഞ് കെഎസ്ആര്‍ടിസി; പല പദ്ധതികളും സൂപ്പര്‍ഹിറ്റ്, വരുമാനവും പൊളിയാണ്‌

ടൂര്‍ പദ്ധതികള്‍ക്കൊപ്പം ബജറ്റ് സ്റ്റേയും

Rakhi Parvathy

കെഎസ്ആര്‍ടിസി കയറി കുറഞ്ഞ ചെലവിൽ നാടുചുറ്റുകയാണ് യാത്രാപ്രേമികൾ. നാടുകാണിയും മൂന്നാറും വാഗമണും ഗവിയും പൊന്‍മുടിയും തുടങ്ങി കേരളത്തിന്റെ പ്രകൃതിഭംഗിയിലൂടെയെല്ലാം കെഎസ്ആര്‍ടിസി യാത്രക്കാരെ കൊണ്ടുപോകുമ്പോള്‍ പെട്ടിയില്‍ വീഴുന്നത് വലിയൊരു വരുമാനമാണ്. കെഎസ്ആര്‍ടിസി ഒരു വര്‍ഷംമുമ്പ് ആരംഭിച്ച ബജറ്റ് ടൂറിസം ആണ് നാട്ടുകാര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞവര്‍ഷം നവംബറില്‍ തുടങ്ങിയ പദ്ധതിയില്‍ 2022 ഒക്ടോബര്‍വരെ 10,45,06,355 രൂപ ലഭിച്ചു.

602 പാക്കേജുകളിലായി 2907 ഷെഡ്യൂളാണ് ഉണ്ടായിരുന്നത്. 1,94,184 യാത്രക്കാരെത്തി. മൂന്നാര്‍, നെഫര്‍റ്റിറ്റി, മലക്കപ്പാറ, ജംഗിള്‍ സഫാരി, നാലമ്പലം, വയനാട്, കുമരകം, പഞ്ചപാണ്ഡവ, സാഗരറാണി, മണ്‍റോത്തുരുത്ത്, ഇഞ്ചത്തൊട്ടി, ഡബിള്‍ ഡക്കര്‍, വണ്ടര്‍ലാ, ആലപ്പുഴ, റോസ്മല, നെല്ലിയാമ്പതി, പൊന്‍മുടി തുടങ്ങിയവയാണ് പാക്കേജുകള്‍. കൂടാതെ ഗവി സ്‌പെഷ്യല്‍ പാക്കേജും.

ഗവി പൊളിയാണ്

ഗവി പാക്കേജ് ആരംഭിച്ച് ഇതുവരെ നടത്തിയ 26 ട്രിപ്പുകളിലും നിറയെ യാത്രക്കാരെത്തിയതായാണ്. ജനുവരി 31 വരെയുള്ള ബുക്കിങും പുരോഗമിക്കുകയാണ്. പത്തനംതിട്ടയില്‍ നിന്നുള്ളതിനാണ് തിരക്ക് അധികവും. പത്തനംതിട്ടയില്‍ നിന്നും പുറപ്പെടുന്ന യാത്രയ്ക്ക് പ്രവേശനഫീസ്, ബോട്ടിങ്, ഉച്ചയൂണ്, യാത്രാനിരക്ക് ഉള്‍പ്പെടെ 1300 രൂപയാണ്.

പ്രധാന അണക്കെട്ടുകളായ മൂഴിയാര്‍, കക്കി ആനത്തോട്, പമ്പ, ഗവി തുടങ്ങിയവയും മൊട്ടക്കുന്നുകളും പുല്‍മൈതാനങ്ങളും അടങ്ങിയ പ്രകൃതിയുടെ മനോഹാരിതയും കാനനഭംഗിയും ആസ്വദിച്ച് ഗവിയില്‍ എത്താം. തുടര്‍ന്ന് ബോട്ടിങും ഉച്ച ഊണും കഴിഞ്ഞ് വണ്ടിപ്പെരിയാര്‍ വഴി പാഞ്ചാലിമേടും കണ്ട് തിരിച്ച് പത്തനംതിട്ടയില്‍ എത്തുന്നതാണ് പാക്കേജ്. ദിവസവും രാവിലെ ഏഴിന് പത്തനംതിട്ടയില്‍ നിന്ന് യാത്ര തുടങ്ങും. രാത്രി എട്ടരയോടെ മടങ്ങിയെത്തും. പദ്ധതി വന്‍വിജയമായതോടെ കൂടുതല്‍ പാക്കേജുകളും സൗകര്യങ്ങളും ഏര്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണ് കെഎസ്ആര്‍ടിസി.

കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസത്തിനായുള്ള പ്രത്യേക പോര്‍ട്ടല്‍ ജനുവരി അവസാനത്തോടെയുണ്ടാകുമെന്നാണ് വിവരങ്ങള്‍. വിനോദസഞ്ചാരകേന്ദ്രം, കുറഞ്ഞ നിരക്കില്‍ താമസവും ഭക്ഷണവും ലഭിക്കുന്ന കേന്ദ്രങ്ങള്‍, ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം തുടങ്ങിയവ പോര്‍ട്ടലിലുണ്ടാകും.

സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഈടാക്കുന്നതിന്റെ നാലിലൊന്നാണ് കെഎസ്ആര്‍ടിസി യാത്രാച്ചെലവായി വാങ്ങുന്നതെന്ന് ചുമതലയിലുള്ള ഉദ്യോഗസ്ഥര്‍ പറയുന്നു. മാര്‍ക്കറ്റിങ്ങിനായി 18 ജീവനക്കാരെ ഉപയോഗിച്ചു. ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും പരിശീലനം നല്‍കിയിരുന്നു കെഎസ്ആര്‍ടിസി.

സംരംഭക യാത്രകള്‍

സംരംഭകരാകാന്‍ ആഗ്രഹിക്കുന്ന, സംരംഭങ്ങളെക്കുറിച്ച് പഠിക്കാന്‍ ആഗ്രഹിക്കുന്ന വ്യവസായ പാര്‍ക്കുകളിലേക്ക് കെഎസ്ആര്‍ടിസി പ്രത്യേക ടൂര്‍ നടത്തുന്നുണ്ട്. പാലക്കാട് ബജറ്റ് ടൂര്‍ സെല്‍ ഇത് നടത്തിക്കഴിഞ്ഞു. പാലക്കാട് ജില്ലാ വ്യവസായ കേന്ദ്രം, കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍, കഞ്ചിക്കോട് ഇന്‍ഡസ്ടീസ് ഫോറം, കെ.എസ്.ഐ.ഡി.സി, കിന്‍ഫ്ര, അഹല്യ എന്നിവരുടെ സഹകരണത്തോടെയാണ് യാത്ര ഒരുക്കിയത്. സംസ്ഥാനത്തില്‍ നികുതി വരുമാനത്തില്‍ ഒന്നാമതും വലുപ്പത്തില്‍ രണ്ടാമതുമായ കഞ്ചിക്കോട് വ്യവസായ മേഖലയിലേക്കായിരുന്നു യാത്ര. നവസംരംഭകര്‍ ഉള്‍പ്പെടെ 40 പേര്‍ യാത്രയില്‍ പങ്കാളികളായി. അതാത് ജില്ലകളിലെ കെഎസ്ആര്‍ടിസി ഡിപ്പോയുമായി ഇക്കാര്യത്തില്‍ ബന്ധപ്പെടാവുന്നതാണ്.

ബജറ്റ് സ്റ്റേയും ഭക്ഷണവും

വിനോദസഞ്ചാരികള്‍ക്ക് കുറഞ്ഞ ചെലവില്‍ താമസം ഒരുക്കുന്ന മൂന്നാര്‍, സുല്‍ത്താന്‍ ബത്തേരി മാതൃകയില്‍ കൂടുതല്‍ കേന്ദ്രങ്ങളില്‍ എ.സി സ്ലീപ്പര്‍ ബസുകളും എ.സി ഡോര്‍മിറ്ററികളും സജ്ജമാക്കും എന്നാണ് റിപ്പോര്‍ട്ട്. കുറഞ്ഞ ചെലവില്‍ താമസസൗകര്യം ഒരുക്കുന്ന സ്വകാര്യ ഹോട്ടല്‍ സംരംഭകരുമായി സഹകരിച്ച് 'കെ.എസ്.ആര്‍.ടി.സി ബജറ്റ് സ്റ്റേ' പേരിലുള്ള പദ്ധതിയും ഉടന്‍ നടപ്പാക്കും.

പ്രതിദിനം വിവിധ കേന്ദ്രങ്ങളില്‍ കുറഞ്ഞ ചെലവില്‍ 10,000 പേര്‍ക്ക് താമസ സൗകര്യം ഒരുക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഗുണമേന്മയുള്ള ഭക്ഷണം യാത്രക്കാര്‍ക്ക് ഉറപ്പുവരുത്താന്‍ കെ.എസ്.ആര്‍.ടി.സി റിഫ്രഷ് എന്ന റസ്റ്റാറന്റ് ശൃംഖലയും ഒരുക്കാന്‍ നീക്കമുണ്ട്. 

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT