Image Courtesy: facebook.com/kochinext 
Travel

കൊച്ചിയിലെ ഡബിള്‍ ഡക്കര്‍ ബസ് തിരുവനന്തപുരത്തേക്ക് മാറ്റാന്‍ നീക്കം, സംസ്ഥാനത്ത് ആകെയുളളത് നാല് ഡബിൾ ഡക്കറുകള്‍

തിരുവനന്തപുരത്തെ 'സിറ്റി ടൂർ' യാത്രകൾക്ക് വലിയ ജനപ്രീതി

Dhanam News Desk

വര്‍ത്തമാന കാലത്ത് അപൂര്‍വമായി മാത്രം കണ്ടു വരുന്ന ഡബിൾ ഡക്കർ ബസ് കൊച്ചി നരത്തുകളില്‍ നിന്ന് ഉടന്‍ അപ്രത്യക്ഷമാകാന്‍ സാധ്യത. കൊച്ചി കാണാനെത്തുന്ന ആഭ്യന്തര സഞ്ചാരികള്‍ക്ക് കൗതുകം ജനപ്പിക്കുന്നതായിരുന്നു നഗരത്തില്‍ സര്‍വീസ് നടത്തുന്ന ഡബിൾ ഡക്കർ ബസ്.

നിലവിൽ തോപ്പുംപടി-അങ്കമാലി റൂട്ടിലാണ് 80 സീറ്റുകളുള്ള കെ.എസ്.ആർ.ടി.സി യുടെ ഡബിൾ ഡക്കർ ബസ് സര്‍വീസ് നടത്തുന്നത്. തിരുവനന്തപുരത്തെ 'സിറ്റി ടൂർ റൈഡ്' പാക്കേജുകൾക്ക് വലിയ ജനപ്രീതിയാണ് ലഭിക്കുന്നത്. അതിനാല്‍ കൊച്ചിയിലെ ഡബിൾ ഡക്കർ തിരുവനന്തപുരത്തേക്ക് മാറ്റാനാണ് കെ.എസ്.ആർ.ടി.സി ആലോചിക്കുന്നത്.

സിറ്റി ടൂര്‍ പദ്ധതി വന്‍ വിജയം

സിറ്റി ടൂർ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ ബസിന്റെ രൂപകല്‍പ്പനയില്‍ മാറ്റം വരുത്തി തുറന്ന ഡബിൾ ഡക്കറാക്കി മാറ്റാനുമുള്ള ആലോചനകളാണ് നടക്കുന്നത്. നിലവില്‍ കൊച്ചിയില്‍ സര്‍വീസ് നടത്തുന്ന ബസിലെ പരസ്യ കരാറുകൾ അവസാനിക്കുന്നതിന് മൂന്ന് മാസത്തെ കാലയളവ് ബാക്കിയുണ്ട്. തോപ്പുംപടി-അങ്കമാലി റൂട്ടില്‍ പ്രതിദിനം രണ്ട് ട്രിപ്പുകളാണ് സര്‍വീസ് നടത്തുന്നത്.

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മുംബൈ, കൊല്‍ക്കത്ത പോലുളള മെട്രോ നഗരങ്ങളില്‍ ഡബിള്‍ ഡക്കര്‍ ബസുകള്‍ സ്ഥിരം കാഴ്ചയായിരുന്നു. കൊച്ചിയിലും 70 കളില്‍ ഇത്തരം ബസുകള്‍ സര്‍വീസ് നടത്തിയിരുന്നു. എന്നാല്‍ പുതിയ മോഡലുകളിലുളള ബസുകള്‍ വ്യാപകമായതോടെ ഇവ പതിയെ നിരത്തുകളില്‍ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു.

പ്രവൃത്തിദിനങ്ങളിൽ കളക്ഷന്‍ കുറവ്

1969 മുതൽ 1975 വരെ പാലാരിവട്ടം-വില്ലിംഗ്ഡൺ ഐലൻഡ് റൂട്ടില്‍ ഇത്തരം ബസുകള്‍ സർവീസുകൾ നടത്തിയിരുന്നു. വീണ്ടും 2011 ലാണ് ഒരു ഡബിൾ ഡക്കർ ബസ് കൊച്ചിയില്‍ അവതരിപ്പിച്ചത്.

അങ്കമാലി-തോപ്പുംപടി റൂട്ടിൽ 45 കിലോമീറ്റർ ദൂരത്തിൽ ദേശീയപാതയിലൂടെയാണ് ബസ് സർവീസ് നടത്തുന്നത്. ബസിന്റെ പ്രതിദിന കളക്ഷൻ 15,000 രൂപയിൽ വരെ എത്തിയിരുന്നു. വാരാന്ത്യങ്ങളിൽ ടൂറിസ്റ്റുകളും കൊച്ചി നഗരത്തിന്റെ സമീപ പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകളും ബസില്‍ യാത്ര ചെയ്യാന്‍ എത്താറുണ്ടായിരുന്നു.

ബസിന്റെ മുകളിലെ ഡെക്കിൽ നിന്നുള്ള വിശാലമായ കാഴ്ച ഏതൊരാളിനേയും ആകര്‍ഷിക്കുന്നതാണ്. പക്ഷെ പ്രവൃത്തിദിവസങ്ങളിൽ വരുമാനം കുറയുന്നത് അധികൃതരെ ആശങ്കയിലാക്കിയിരുന്നു.

തലശ്ശേരിയിലും ഡബിള്‍ ഡക്കര്‍

തിരുവനന്തപുരത്തെ വന്‍ വിജയമായ 'സിറ്റി ടൂർ' യാത്രകള്‍ക്കായി കെ.എസ്.ആർ.ടി.സി നിലവിൽ രണ്ട് ഇലക്ട്രിക് ഡബിൾ ഡക്കർ ബസുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം എന്ന ചരിത്ര നഗരത്തിന്റെ മനോഹാരിത മുഴുവനായി ആസ്വദിക്കാൻ ടൂറിസ്റ്റുകളെ സഹായിക്കുന്ന തരത്തിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.

കെ.എസ്.ആര്‍.ടി.സി യുടെ മറ്റൊരു ഡബിൾ ഡക്കർ ബസ് കണ്ണൂര്‍ തലശ്ശേരിയിലാണ് സര്‍വീസ് നടത്തുന്നത്. ടൂറിസ്റ്റ് ആവശ്യങ്ങള്‍ക്കും സ്പോൺസർ ചെയ്ത യാത്രകള്‍ക്കുമായി തലശ്ശേരിയിലെ ഡബിൾ ഡക്കര്‍ ഉപയോഗിക്കുന്നുണ്ടെന്നും കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർ പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT