Travel

പശ്ചിമേഷ്യയില്‍ തട്ടി കേരളത്തിന്റെ മെഡിക്കല്‍, വിനോദസഞ്ചാര ടൂറിസം മേഖല; ബുക്കിംഗ് റദ്ദാക്കലില്‍ വര്‍ധന

യുദ്ധംമൂലം എല്‍പിജി സിലിണ്ടര്‍ പ്രതിസന്ധി തുടരുന്നത് ഹോംസ്‌റ്റേ, റിസോര്‍ട്ട് മേഖലയില്‍ പ്രശ്‌നം സൃഷ്ടിച്ചിട്ടുണ്ട്

Dhanam News Desk

പശ്ചിമേഷ്യന്‍ യുദ്ധം ശമനമില്ലാതെ മുന്നോട്ടു പോകുന്നത് സംസ്ഥാനത്തെ വെല്‍നസ്, വിനോദസഞ്ചാര മേഖലകളെ സാരമായി ബാധിക്കുന്നു. യുദ്ധം നീണ്ടുനിന്നാല്‍ മെഡിക്കല്‍ ടൂറിസം മേഖലയില്‍ കോടികള്‍ നിക്ഷേപിച്ചവര്‍ വലിയ പ്രതിസന്ധിയിലേക്ക് നീങ്ങും. പ്രധാന ടൂറിസം സീസണ്‍ അവസാനിച്ചെങ്കിലും മധ്യവേനല്‍ അവധിക്കാലത്ത് കേരളത്തിലെ ടൂറിസം മേഖല സജീവമാണ്.

ഇക്കാലയളവില്‍ ആഭ്യന്തര ടൂറിസ്റ്റുകളായിരുന്നു കേരളത്തിലേക്ക് കൂടുതലായി എത്തിയിരുന്നത്. യുദ്ധംമൂലം എല്‍പിജി സിലിണ്ടര്‍ പ്രതിസന്ധി തുടരുന്നത് ഹോംസ്‌റ്റേ, റിസോര്‍ട്ട് മേഖലയില്‍ പ്രശ്‌നം സൃഷ്ടിച്ചിട്ടുണ്ട്. പ്രതിസന്ധി എന്നു തീരുമെന്ന് അറിയാന്‍ സാധിക്കാത്തതിനാല്‍ പുതിയ ബുക്കിംഗ് എടുക്കുന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്.

യുദ്ധം തുടങ്ങിയതോടെ മുന്‍കൂര്‍ ബുക്കിംഗുകളില്‍ റദ്ദാക്കല്‍ വര്‍ധിച്ചു. ഹോട്ടലുകള്‍ അടഞ്ഞു കിടക്കുന്നതോടെ ഭക്ഷണം കിട്ടാത്ത അവസ്ഥ പലരെയും യാത്ര ചെയ്യുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നു. യുദ്ധം നീണ്ടുനിന്നാല്‍ ആഭ്യന്തര യാത്രക്കാരുടെ വരവിനെ ഉള്‍പ്പെടെ ബാധിക്കും
എംപി ശിവദത്തന്‍, പ്രസിഡന്റ്-കേരള ഹോംസ്‌റ്റേ ആന്‍ഡ് ടൂറിസം സൊസൈറ്റി

ഹോംസ്‌റ്റേകളിലും പ്രതിസന്ധി

ടൂറിസം സീസണ്‍ മാര്‍ച്ചില്‍ അവസാനിച്ച ശേഷവും ഹോംസ്‌റ്റേകളിലേക്ക് ആഭ്യന്തര സഞ്ചാരികള്‍ കൂടുതലായി വരാറുണ്ട്. എന്നാല്‍, യുദ്ധം തുടങ്ങിയശേഷം വരുന്നവരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായതായി നടത്തിപ്പുകാര്‍ പറയുന്നു. മൂന്നാറിലെയും വയനാട്ടിലെയും ഹില്‍സ്റ്റേഷനുകളാണ് ഏപ്രില്‍, മെയ് മാസങ്ങളില്‍ വിനോദസഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ കടുത്ത വേനലിലും ഈ കേന്ദ്രങ്ങളിലേക്ക് ആഭ്യന്തര സഞ്ചാരികളുടെ ഒഴുക്കായിരുന്നു.

ഭക്ഷണ പ്രതിസന്ധി രൂക്ഷമായതോടെ ഇത്തവണ വേനല്‍ക്കാല യാത്രക്കാരുടെ വരവില്‍ വലിയ കുറവുണ്ടാകും. മൂന്നാറില്‍ അവധിക്കാല ബുക്കിംഗുകളില്‍ പലതും റദ്ദാക്കപ്പെട്ടതായി ടൂറിസം ഗൈഡായി പ്രവര്‍ത്തിക്കുന്ന ജിതേഷ് സോമന്‍ ധനംഓണ്‍ലൈനോട് പറഞ്ഞു.

മെഡിക്കല്‍ ടൂറിസത്തിനും ക്ഷീണം

കേരളത്തിന് കോടികളുടെ വിദേശനാണ്യം നേടിത്തരുന്ന മേഖലയാണ് മെഡിക്കല്‍ ടൂറിസം. ഗള്‍ഫില്‍ നിന്നും മറ്റ് വിദേശ രാജ്യങ്ങളിലും നിന്നായി ആയിരക്കണക്കിന് പേരാണ് ഓരോ വര്‍ഷവും കേരളത്തിലെത്തിയിരുന്നത്. എന്നാല്‍ യുദ്ധം തുടങ്ങിയതോടെ വിദേശികളുടെ വരവ് തീര്‍ത്തും കുറഞ്ഞു.

വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ചതാണ് ചികിത്സയ്ക്കായി വരുന്ന വിദേശികളുടെ എണ്ണം കുറയാന്‍ കാരണം. രാജ്യത്തെ വെല്‍നസ് ടൂറിസത്തിന്റെ ഹബ്ബാണ് കേരളം. ആയുര്‍വേദ ചികിത്സകള്‍ക്കായി കേരളത്തിലെത്തുന്നവരുടെ എണ്ണത്തില്‍ അടുത്ത കാലത്തായി വലിയ വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഈ രംഗത്ത് വലിയ നിക്ഷേപവും വരുന്നുണ്ട്.

യൂറോപ്പില്‍ നിന്ന് കേരളത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ തീര്‍ത്തും കുറവാണ്. ഇതും വിദേശികളുടെ വരവിന് വിഘാതം സൃഷ്ടിക്കുന്നു. യുദ്ധം കെട്ടടങ്ങുന്നതോടെ മെഡിക്കല്‍ ടൂറിസം തിരിച്ചുവരുമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. ചെലവ് കുറഞ്ഞും മികച്ചതുമായ ചികിത്സയാണ് കേരളത്തിന്റെ പ്ലസ് പോയിന്റ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT