Indian passport 
Travel

ടൂറിസ്റ്റ് വിസയില്‍ എത്തി ജോലി; ഇന്ത്യക്കാര്‍ക്കുള്ള ഫ്രീ വിസയില്‍ മലേഷ്യയുടെ നിയന്ത്രണം

ഏജന്റുമാര്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി വിസ ഫ്രീ സൗകര്യം ദുരുപയോഗപ്പെടുത്തുന്നതായി മലേഷ്യയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍

Dhanam News Desk

ടൂറിസ്റ്റ് വിസ ഉള്‍പ്പടെയുള്ള വിസ ഫ്രീ പദ്ധതി സൗകര്യം ഉപയോഗപ്പെടുത്തി മലേഷ്യയിലെത്തി ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് പുതിയ നിയന്ത്രണം. മലേഷ്യന്‍ വിമാനത്താവളങ്ങളില്‍ എത്തുന്ന ഇന്ത്യക്കാരുടെ യാത്രാ രേഖകള്‍ കര്‍ശനമായി പരിശോധിക്കുമെന്നും അപാകത കണ്ടെത്തിയാല്‍ തിരിച്ചയക്കുമെന്നും ക്വാലാലംപൂരിലെ ഇന്ത്യ ഹൈക്കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. നിരവധി പേര്‍ ഹ്രസ്വകാല വിസയിലെത്തി ജോലി ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ നടപടി. കഴിഞ്ഞ ജൂണ്‍ മാസം മുതലാണ് ഇത്തരത്തിലുള്ള വിസ ലംഘനം മലേഷ്യന്‍ സര്‍ക്കാര്‍ കൂടുതലായി കണ്ടെത്തിയത്.

വിസ ഫ്രീ സൗകര്യം

ഇന്ത്യക്കാര്‍ക്ക് മുന്‍കൂട്ടി വിസയെടുക്കാതെ മലേഷ്യയിലെത്താന്‍ സൗകര്യമുണ്ട്. ഇതിനായി ചെലവിനുള്ള പണം, ഹോട്ടല്‍ ബുക്കിംഗ് രേഖകള്‍, റിട്ടേണ്‍ ടിക്കറ്റ് എന്നിവ നിര്‍ബന്ധമാണ്. മലേഷ്യയിലെ കുടിയേറ്റ നിയമങ്ങള്‍ ലംഘിക്കില്ലെന്ന സത്യവാങ്മൂലവും നല്‍കണം. ടൂറിസം, ബിസിനസ്, സോഷ്യല്‍, ട്രാന്‍സിറ്റ് എന്നീ വിഭാഗങ്ങളിലായി 30 ദിവസത്തെ വിസ ഫ്രീ എന്‍ട്രിയാണ് ഇന്ത്യക്കാര്‍ക്ക് നല്‍കുന്നത്.

ഏജന്റുമാരുടെ വാഗ്ദാനങ്ങള്‍

ഏജന്റുമാര്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി വിസ ഫ്രീ സൗകര്യം ദുരുപയോഗപ്പെടുത്തുന്നതായി ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. 30 ദിവസത്തെ വിസയില്‍ എത്തി മലേഷ്യയില്‍ ജോലി ചെയ്യാമെന്ന വ്യാജ വാഗ്ദാനം ചില ഏജന്‍സികള്‍ നല്‍കുന്നുണ്ട്. ഇത് നിയമലംഘനമാണെന്നും മലേഷ്യന്‍ സര്‍ക്കാരിന്റെ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും ഹൈക്കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ആവശ്യമായ രേഖകള്‍ ഇല്ലാതെ മലേഷ്യന്‍ വിമാനത്താവളങ്ങളില്‍ എത്തിയാല്‍, രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കില്ല. മലേഷ്യയുടെ തൊഴില്‍, കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമായി പാലിച്ച് മാത്രമേ വിസ ഫ്രീ പദ്ധതി പ്രകാരമുള്ള പ്രവേശനം അനുവദിക്കൂവെന്നും പ്രസ്താവനയില്‍ പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT