പുതിയ നിയമങ്ങള്‍ മൂലം ആധാര്‍ എൻറോൾമെന്റ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ എന്‍.ആര്‍.ഐ കളും വിദേശ പൗരത്വമുളള ഇന്ത്യക്കാരും (ഒ.സി.ഐ) വലിയ ബുദ്ധിമുട്ടുകളാണ് നിലവില്‍ നേരിടുന്നത്.
വിദേശങ്ങളില്‍ ഉളള 18 വയസിന് മുകളിലുള്ളവരുടെ എൻറോൾമെന്റ് ചട്ടങ്ങളിൽ കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തിയതിനെത്തുടർന്ന് ഒട്ടേറെ പേരാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഇതുമൂലം ആയിരകണക്കിന് അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. അപേക്ഷകള്‍ വ്യാപകമായി തള്ളുന്നതായും പരാതികളുണ്ട്.
ആധാറിനായി എൻറോൾ ചെയ്യാൻ ആഗ്രഹിക്കുന്ന 18 വയസിന് മുകളിലുള്ളവര്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുളളില്‍ 182 ദിവസം ഇന്ത്യയിൽ താമസിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന ചട്ടമാണ് വിദേശ ഇന്ത്യക്കാരെ കുഴയ്ക്കുന്നത്. ദീർഘകാല വീസയിൽ ഇന്ത്യയിൽ താമസിക്കുന്ന വിദേശ പാസ്‌പോർട്ടുള്ള ഒരു വിദേശ പൗരനും ഒ.സി.ഐ പൗരനും ആധാർ എൻറോൾമെന്റ് നിയമങ്ങൾ ഒന്നുതന്നെയാണ്.
വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് സ്വദേശത്ത് എത്തുമ്പോള്‍ പ്രാദേശിക ഇടപാടുകൾക്കായി യു.പി.ഐ അക്കൗണ്ട് സജീവമാക്കാനും സിം ഉപയോഗിക്കാനും ആധാർ ആവശ്യമാണ്. എന്നാല്‍ ഇവര്‍ ആധാര്‍ എൻറോൾമെന്റിനായി ചെല്ലുമ്പോള്‍ 182 ദിവസം ഇന്ത്യയില്‍ താമസിക്കണമെന്ന നിബന്ധന പാലിക്കാനാണ് അധികൃതര്‍ ആവശ്യപ്പെടുന്നത്. പാന്‍ കാര്‍ഡും ബാങ്ക് അക്കൗണ്ടും ഇന്ത്യയിലെ ഉണ്ടായിട്ടും ഇതാണ് അവസ്ഥയെന്ന് ഒ.സി.ഐ കള്‍ പറയുന്നു.
കുറഞ്ഞ കാലത്തേക്ക് ഇന്ത്യയില്‍ എത്തുന്ന വിദേശ ഇന്ത്യക്കാര്‍ക്ക് 182 ദിവസം ഇന്ത്യയില്‍ താമസമുണ്ടായിരിക്കണമെന്ന വ്യവസ്ഥ വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. അതേസമയം, സാധുവായ രേഖകളില്ലാതെ ഇന്ത്യയില്‍ പ്രവേശിച്ച് അനധികൃതമായി ആധാർ എൻറോൾ ചെയ്യുന്നത് തടയുന്നതിനാണ് കഴിഞ്ഞ ഡിസംബറിൽ പുതിയ നിയമം കൊണ്ടുവന്നതെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്.
പ്രാഥമിക തിരിച്ചറിയൽ രേഖയായി ആധാർ ഉപയോഗിക്കുന്നതിനാല്‍ എൻറോൾമെന്റിൽ ഏതെങ്കിലും വ്യാജ രേഖകൾ സമര്‍പ്പിച്ചാല്‍, ദേശീയ സുരക്ഷയെ അത് ബാധിച്ചേക്കാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ആധാർ എൻറോൾമെന്റ് ആവശ്യമുള്ള പ്രവാസി ഇന്ത്യക്കാരും (എൻ.ആർ.ഐ) സ്ഥിരീകരണ പ്രക്രിയയിലൂടെ കടന്നുപോകേണ്ടതുണ്ട്. എന്നാൽ അവരുടെ ആവശ്യമായ എല്ലാ രേഖകളും ഇന്ത്യയിലെ ആയതിനാല്‍ 182 ദിവസത്തെ താമസ നിയമം ബാധകമല്ല.
ആധാര്‍ സ്ഥിരീകരണത്തിനായി കെട്ടിക്കിടക്കുന്ന അപേക്ഷകളുടെ എണ്ണം കർശനമായ പരിശോധന പ്രക്രിയ മൂലം വലിയ തോതില്‍ വർധിക്കുകയാണ്. നേപ്പാളിൽ നിന്ന് കുടിയേറ്റം നടത്തുന്നവര്‍ ആധാറിനായി ഉടൻ അപേക്ഷിക്കുന്നതും അപേക്ഷകള്‍ നിരസിക്കപ്പെടാന്‍ കാരണമാകുന്നുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine