Travel

കേരളത്തിൽ നിന്ന് യു.എ.ഇ യിലേക്കും കൊളമ്പോയിലേക്കും പുതിയ വിമാന സർവീസുകൾ

കോഴിക്കോട്-ഫുജൈറ ടിക്കറ്റിന് 12,523 രൂപയാണ് ഇപ്പോള്‍ നിരക്ക്

Dhanam News Desk

പ്രവാസി മലയാളികൾക്കും വിനോദ സഞ്ചാരികൾക്കും നേട്ടമായി കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഒമാനി എയർലൈൻ കമ്പനിയായ സലാം എയറും തിരുവനന്തപുരത്തു നിന്ന് ശ്രീലങ്കൻ എയർലൈൻസും പുതിയ സർവീസുകൾ ആരംഭിക്കുന്നു 

കുറഞ്ഞ ചെലവിൽ സർവീസ് നടത്തുന്ന സലാം എയർ കോഴിക്കോട് നിന്ന് യുഎഇയിലെ ഫുജൈറയിലേക്ക് ഒക്ടോബർ രണ്ടിനാണ് പുതിയ സർവീസ് ആരംഭിക്കുന്നത്. കോഴിക്കോട്-ഫുജൈറ ടിക്കറ്റിന് 12,523 രൂപയാണ് ഇപ്പോൾ നിരക്ക്. മസ്‌കറ്റ് വഴി പോകുന്ന വിമാനത്തിന്റെ യാത്ര ദൈര്‍ഘ്യം 7 മണിക്കൂർ. കോഴിക്കോട്ട് നിന്ന് 4.20ന് പുറപ്പെട്ട് 9.50ന് ഫുജൈറയിൽ എത്തും. തിങ്കൾ, ബുധൻ ദിവസങ്ങളിലാണ് ഫ്ളൈറ്റുള്ളത്. രണ്ടു മണിക്കൂർ 45 മിനിറ്റ് മസ്‌കറ്റിൽ തങ്ങിയ ശേഷമാണ് ഫുജൈറയിലേക്ക് പറക്കുന്നത്. ഫുജൈറയിൽ നിന്ന് 10.20ന് പുറപ്പെടുന്ന വിമാനം കോഴിക്കോട് അടുത്ത ദിവസം വെളുപ്പിന് 3.20ന് എത്തും. മൊത്തം യാത്ര ദൈര്‍ഘ്യം 15 മണിക്കൂർ 30 മിനിറ്റ്. 11 മണിക്കൂർ 10 മിനിറ്റ് മസ്‌കറ്റിൽ തങ്ങിയ ശേഷമാണ് കോഴിക്കോട്ടേക്ക് പുറപ്പെടുന്നത്. മസ്‌കറ്റിൽ പ്രവേശിക്കുന്നതിന് ഇ-വിസ ലഭിക്കും.  തിരുവനന്തപുരത്തേക്കും സലാം എയർ സർവീസ് നടത്തുന്നുണ്ട്.

ശ്രീലങ്കൻ എയർലൈൻസ് കരിപ്പൂർ നിന്നും 

ശ്രീലങ്കൻ എയർലൈൻസ് ശീതകാല ഷെഡ്യൂളിൽ തിരുവനന്തപുരത്ത് നിന്ന് അധികമായി കൊളമ്പോയ്ക്ക് ഒരു സർവീസും ആരംഭിക്കുന്നതും പരിഗണനയിലാണ്. വിനോദ സഞ്ചാരികളുടെ എണ്ണം വർധിച്ചത് കൊണ്ടാണ് കൊളമ്പോയ്ക്ക്‌  അധിക സർവീസ് ഏർപ്പെടുത്തുന്നത്. മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളെ അപേക്ഷിച്ച് ചെലവ് കുറവായത് കൊണ്ടാണ് കൊളമ്പോയ്ക്ക്‌  സന്ദർശന പ്രവാഹം. വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാകുന്നതോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കൊളമ്പോയ്ക്ക്‌ എയർ കാർഗോ ഡിമാൻഡും വർധിക്കുമെന്ന് കമ്പനി കരുതുന്നു. നിലവിൽ തിരുവനന്തപുരത്തു നിന്ന് ആഴ്ചയിൽ 6 സർവീസുകളും കൊച്ചിയിൽ നിന്ന് 10 സർവീസുകളും നടത്തുന്നുണ്ട്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും സർവീസ് ആരംഭിക്കുന്നതും പരിഗണനയിലാണ്.

ശ്രീലങ്കയുടെ ഔദ്യോഗിക എയർലൈൻ കമ്പനിയായ ശ്രീലങ്കൻ എയർലൈൻസ് സ്വകാര്യവത്കരിക്കാൻ നീക്കം നടക്കുന്നു. അദാനി, ടാറ്റ, എമിറേറ്റ് ഗ്രൂപ്പുകളുമായി സർക്കാർ ചർച്ച നടത്തിയതായി എയർലൈൻ അധികൃതർ പ്രമുഖ ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ അറിയിച്ചിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT