Image courtesy: Canva
Travel

ഇന്ത്യയില്‍ നിന്ന് 5 മണിക്കൂര്‍, അതുല്യമായ പ്രകൃതിയും അതിമനോഹര വാസ്തുവിദ്യകളും, ഈ യൂറേഷ്യന്‍ രാജ്യത്തേക്ക് ടൂറിസ്റ്റുകള്‍ ഒഴുകുന്നു

ആധുനികതയും പരമ്പരാഗതവും കൂടിച്ചേർന്ന സവിശേഷമായ അന്തരീക്ഷമാണ് രാജ്യത്തുളളത്

Dhanam News Desk

ചെലവേറിയ യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് വ്യത്യസ്തതയാര്‍ന്ന മറ്റ് ഇടങ്ങള്‍ക്ക് ഇന്ത്യന്‍ സഞ്ചാരികള്‍ കൂടുതല്‍ പരിഗണന നല്‍കി വരികയാണ്. അതുല്യമായ പ്രകൃതിദൃശ്യങ്ങൾ മുതൽ അതിമനോഹരമായ വാസ്തുവിദ്യ വരെ സമ്മേളിക്കുന്ന യൂറോ ഏഷ്യന്‍ രാജ്യമായ അസർബൈജാനാണ് ഇപ്പോള്‍ സഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കുന്നത്. ആധുനികതയും പാരമ്പര്യവും കൂടിച്ചേര്‍ന്ന സവിശേഷമായ അന്തരീക്ഷമാണ് രാജ്യത്തുളളത്.

ഭൂമിശാസ്ത്രപരമായി രണ്ട് ഭൂഖണ്ഡങ്ങളിലായാണ് കാസ്പിയൻ കടലിന്റെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ രാജ്യമുളളത്. കിഴക്കൻ യൂറോപ്പിലും പശ്ചിമേഷ്യയിലുമായാണ് രാജ്യം പരന്നു കിടക്കുന്നത്. അതിശയകരമായ സാംസ്കാരിക വൈവിധ്യവും ആകര്‍ഷകമായ യൂറോപ്യൻ അന്തരീക്ഷവും അസർബൈജാനെ സഞ്ചാരികൾക്ക് പ്രിയങ്കരമാക്കുന്നു. അസർബൈജാനിലെ ഗബാല, ബാക്കു എന്നീ സ്ഥലങ്ങളിലേക്കാണ് കൂടുതല്‍ വിനോദ സഞ്ചാരികളും ഒഴുകുന്നത്.

ഇന്ത്യൻ പാസ്‌പോർട്ടുളളവര്‍ക്ക് ഇ-വീസയും രാജ്യം വാഗ്ദാനം ചെയ്യുന്നു. ഇത് സങ്കീർണ്ണമായ വീസ പ്രക്രിയ എളുപ്പവും സൗകര്യപ്രദവുമാക്കുന്നു. യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് ഇവിടെ ചെലവ് കുറവാണെന്നതും ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നു. 51 ഇന്ത്യൻ രൂപയാണ് 1 അസർബൈജാനി മനാത്തിന് നല്‍കേണ്ടി വരിക. ഇന്ത്യയില്‍ നിന്ന് 5 മണിക്കൂർ കൊണ്ട് വിമാനത്തില്‍ അസർബൈജാനില്‍ എത്താം.

അവധിക്കാലം കൂടുതല്‍ ചെലവഴിക്കാനാഗ്രഹിക്കുന്നവര്‍ക്ക് അസർബൈജാന്റെ അയല്‍ രാജ്യമായ ജോർജിയ കൂടി സന്ദര്‍ശിക്കാവുന്നതാണ്. ജോർജിയയും യൂറോപ്പിലും പശ്ചിമേഷ്യയിലുമായാണ് സ്ഥിതി ചെയ്യുന്നത്. അസർബൈജാന്റെ തലസ്ഥാനമായ ബാക്കുവിലേക്ക് ഡല്‍ഹിയില്‍ നിന്നും മുംബൈയില്‍ നിന്നും നേരിട്ടുളള വിമാനങ്ങള്‍ ലഭ്യമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT