Travel

ഗള്‍ഫിലെ എല്ലാ പ്രവാസികള്‍ക്കും ഇനി സൗദിയിലേക്ക് ടൂറിസ്റ്റ് വീസ

വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട പരിപാടികളിലും മറ്റു പൊതു പരിപാടികളിലും പങ്കെടുക്കാനും ഇവര്‍ക്ക് അനുവാദമുണ്ടാകും

Dhanam News Desk

ഗള്‍ഫ് രാജ്യങ്ങളില്‍ മുഴുവന്‍ വിദേശികള്‍ക്കും സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ അനുമതി. ഇതിനായി ഇവരുടെ തൊഴില്‍ പരിഗണിക്കാതെ തന്നെ എല്ലാവര്‍ക്കും ടൂറിസ്റ്റ് വീസ അനുവദിക്കുമെന്ന് സൗദി ടൂറിസം മന്ത്രാലയം അറിയിച്ചു.

അനുവാദം ഇതിനെല്ലാം

ടൂറിസ്റ്റ് വീസയില്‍ സൗദിയിലെത്തുന്നവര്‍ക്ക് ഉംറ നിര്‍വഹിക്കാനും മദീന സന്ദര്‍ശനത്തിനും രാജ്യത്ത് എവിടെയും സഞ്ചരിക്കാനും അനുവാദമുണ്ടാവും. വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട പരിപാടികളിലും മറ്റു പൊതു പരിപാടികളിലും പങ്കെടുക്കാനും ഇവര്‍ക്ക് അനുവാദമുണ്ടാകും.

എന്നാല്‍ ഇവര്‍ക്ക് ഹജ്ജ് ചെയ്യുന്നതിന് ഹജ്ജ് കര്‍മങ്ങളുടെ ദിനങ്ങളില്‍ ഉംറ നിര്‍വഹിക്കുന്നതിനോ അനുമതി ഉണ്ടാകില്ല. ഇഷ്യു ചെയ്ത തീയതി മുതല്‍ മൂന്ന് മാസ സാധുതയും 30 ദിവസം താമസ അനുമതിയുമുള്ള സിംഗിള്‍ എന്‍ട്രി ടൂറിസ്റ്റ് വീസയും പരമാവധി 90 ദിവസം വരെ രാജ്യത്ത് തങ്ങാന്‍ അനുവദിക്കുന്ന ഒരു വര്‍ഷ കാലാവധിയുള്ള മള്‍ട്ടി എന്‍ട്രി വീസയും ലഭ്യമാണ്.

അപേക്ഷിക്കുന്നത് ഇങ്ങനെ

ഇത് അപേക്ഷിക്കുന്നതിന് 18 വയസ് പൂര്‍ത്തിയാവണം. കുട്ടികള്‍ക്ക് രക്ഷിതാക്കളാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷകന്റെ പാസ്പോര്‍ട്ടിന് ആറ് മാസത്തേയും അവരവരുടെ രാജ്യത്തെ റസിഡന്‍സി ഐഡിക്ക് മൂന്ന് മാസത്തേയും കാലാവധി ഉണ്ടായിരിക്കണം.

അപേക്ഷകര്‍ അവരുടെ കുടുംബത്തിലെ ഓരോ അംഗത്തിനും വെവ്വേറെ വീസ അപേക്ഷകള്‍ പൂര്‍ത്തിയാക്കുകയും സൗദിയില്‍ പ്രവേശിക്കുമ്പോള്‍ അംഗത്തെ അനുഗമിക്കുകയും വേണം. 300 റിയാലാണ് വീസാ ഫീസ്. വീസ ലഭിക്കുന്നതിന് ആരോഗ്യ ഇന്‍ഷുറന്‍സും നിര്‍ബന്ധമാണ്. https://visa.mofa.gov.sa/ എന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയാണ് ഇതിന് അപേക്ഷിക്കേണ്ടത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT