ട്രെയിന്‍ അപകടങ്ങളില്‍ പെടുന്നവര്‍ക്കുള്ള നഷ്ടപരിഹാരം പത്തിരട്ടിയാക്കി ഉയര്‍ത്തി റെയില്‍വേ ബോര്‍ഡ്. മരണപ്പെടുന്നവരുടെ കുടുംബത്തിന് നഷ്ടപരിഹാരമായി അരലക്ഷം രൂപ നല്‍കിയിരുന്നത് അഞ്ചുലക്ഷം രൂപയായാണ് വര്‍ദ്ധിപ്പിച്ചത്. ഗുരുതര പരിക്കേല്‍ക്കുന്നവര്‍ക്കുള്ള സഹായധനം 25,000 രൂപയായിരുന്നത് രണ്ടരലക്ഷം രൂപയാക്കി. നിസാര പരിക്കുള്ളവര്‍ക്ക് ഇനി 50,000 രൂപ ലഭിക്കും; നേരത്തേ 5,000 രൂപയായിരുന്നു.
റെയില്‍വേ ഗേറ്റിലും നഷ്ടപരിഹാരം
റെയില്‍വേയുടെ പരിധിയില്‍ വരുന്ന ലെവല്‍ ക്രോസിംഗ് ഗേറ്റുകളില്‍ അപകടത്തില്‍പ്പെടുന്നവര്‍ക്കും പുതുക്കിയ നഷ്ടപരിഹാരം ബാധകമാണെന്ന് റെയില്‍വേ ബോര്‍ഡിന്റെ സര്‍ക്കുലറിലുണ്ട്.
അപകടങ്ങളില്‍പ്പെട്ട യാത്രക്കാരന്‍ 30 ദിവസത്തിലധികം ആശുപത്രിയില്‍ കഴിഞ്ഞാല്‍ പത്ത് ദിവസം കൂടുമ്പോഴോ ഡിസ്ചാര്‍ജ് ചെയ്യുമ്പോഴോ (ഏതാണ് ആദ്യം) പ്രതിദിനം 3,000 രൂപ വീതം അധികമായും നല്‍കും. നിസാര പരിക്കുകളോടെ 30 ദിവസത്തില്‍ അധികം ആശുപത്രിയില്‍ കഴിഞ്ഞാല്‍ പ്രതിദിനം 1,500 രൂപ വീതവും ലഭിക്കും.
ഇവര്‍ അനര്‍ഹര്‍
ആളില്ലാ ലെവല്‍ ക്രോസിങ്ങുകളില്‍ അതിക്രമിച്ച് കടക്കുന്നവരും ഓവര്‍ഹെഡ് ഉപകരണങ്ങള്‍ (ഒ.എച്ച്.ഇ) വഴി വൈദ്യുതാഘാതമേറ്റ വ്യക്തികളും നഷ്ടപരിഹാരത്തിന് അര്‍ഹരല്ല.
Read DhanamOnline in English
Subscribe to Dhanam Magazine