Mumbai airport Canva
Travel

മുംബൈ വിമാനത്താവളം വഴി പോകുന്നുണ്ടോ? 55 രൂപ കൂടി അദാനി വാങ്ങും, 16 മുതൽ; വിദേശത്തേക്കാണെങ്കിൽ അതും പോരാ

ആഭ്യന്തര യാത്രക്കാര്‍ക്കുള്ള നിരക്ക് 120 രൂപയില്‍ നിന്ന് 175 രൂപയാകും

Dhanam News Desk

അദാനി ഗ്രൂപ്പിന് കീഴിലുള്ള മുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ യാത്ര ചെയ്യാന്‍ ഇനി കൂടുതല്‍ യൂസര്‍ ഡെവലപ്‌മെന്റ് ഫീസ് നല്‍കണം. ഫീസ് വര്‍ധിപ്പിക്കാനുള്ള മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ (അദാനി ഗ്രൂപ്പ്) ആവശ്യം എയര്‍പോര്‍ട്‌സ് ഇക്കണോമിക് റഗുലേറ്ററി അതോറിട്ടി ഓഫ് ഇന്ത്യ അംഗീകരിച്ചു. ആഭ്യന്തര, അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള ഫീസുകളില്‍ വര്‍ധന വരും. പുതിയ നിരക്കുകള്‍ മെയ് 16 ന് നിലവില്‍ വരും. 2029 മാര്‍ച്ച് 31 വരെ ഈ നിരക്കുകള്‍ തുടരും.

പുതിയ നിരക്കുകള്‍ ഇങ്ങനെ

വിമാനത്താവളത്തില്‍ നിന്ന് യാത്രപുറപ്പെടുന്ന ഓരോ ആഭ്യന്തര യാത്രക്കാരനില്‍ നിന്നും പുതിയ നിരക്ക് അനുസരിച്ച് 175 രൂപ ഈടാക്കും. നിലവില്‍ ഇത് 120 രൂപയാണ്. മുംബൈ വിമാനത്താവളത്തിലെ മൊത്തം യാത്രക്കാരില്‍ 75 ശതമാനം ആഭ്യന്തര യാത്രക്കാരാണ്.

അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് വ്യത്യസ്ത ക്ലാസുകളില്‍ വ്യത്യസ്ത നിരക്കുകളാണ്. ഇക്കോണമി ടിക്കറ്റുകളില്‍ 615 രൂപയും ബിസിനസ് ക്ലാസ് ടിക്കറ്റുകളില്‍ 695 രൂപയും ഈടാക്കും. വിമാനത്താവളത്തില്‍ ലഭ്യമായ സൗകര്യങ്ങള്‍ പരിഗണിച്ചാണ് നിരക്കുകളില്‍ വര്‍ധന വരുത്തുന്നതെന്ന് റെഗുലേറ്ററി അതോറിട്ടി അറിയിച്ചു.

ഇതോടൊപ്പം, വിമാനങ്ങളുടെ പാര്‍ക്കിംഗ് ഫീസില്‍ ഇളവുകള്‍ വരുത്തുന്നതിനും അദാനി ഗ്രൂപ്പിന് അതോറിട്ടി അനുമതി നല്‍കി. ഇതര വിമാനത്താവളങ്ങളുമായുള്ള മല്‍സരത്തിനിടെ കൂടുതല്‍ വിമാന കമ്പനികളെ ആകര്‍ഷിക്കുന്നതിന് നിരക്കുകളില്‍ കുറവു വരുത്താനാണ് അദാനി ഗ്രൂപ്പിന്റെ നീക്കം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT