Qantas Airways  qantas.com
Travel

20 മണിക്കൂര്‍ ആകാശത്ത്; കണ്‍മുന്നില്‍ രണ്ട് സൂര്യോദയങ്ങള്‍; ലോകത്തിലെ ദൈര്‍ഘ്യമേറിയ വിമാനയാത്ര

ഇരുന്നും കിടന്നും വ്യായാമം ചെയ്തുമുള്ള യാത്ര വേറിട്ട അനുഭവമാകുമെന്ന് ക്വന്റാസ് എയര്‍വേയ്‌സ്

Dhanam News Desk

ആകാശത്ത് 20 മണിക്കൂര്‍ നോണ്‍ സ്‌റ്റോപ്പ് വിമാനയാത്ര. 17,015 കിലോമീറ്റര്‍ തുടര്‍ച്ചയായ സഞ്ചാരം. രണ്ട് സൂര്യോദയങ്ങളെ വിമാനത്തിലിരുന്ന് കാണാം. യാത്രയുടെ പേര് പ്രോജക്ട് സണ്‍റൈസ്. ഓസ്‌ട്രേലിയന്‍ വിമാന കമ്പനിയായ ക്വന്റാസ് എയര്‍വേയ്‌സ് ആണ് ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നോണ്‍ സ്‌റ്റോപ്പ് വിമാനയാത്രാ സര്‍വ്വീസിന് തുടക്കം കുറക്കുന്നത്. സിഡ്‌നിയില്‍ നിന്ന് ലണ്ടനിലേക്കാണ് സര്‍വീസ്.

സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ റെക്കോര്‍ഡ് തകരും

2027 ലാണ് ഓസ്‌ട്രേലിയന്‍ എയര്‍ലൈന്‍ കമ്പനി പുതിയ വിമാന സര്‍വീസിന് തുടക്കമിടുന്നത്. അതോടെ സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ റെക്കോര്‍ഡ് തകരും. നിലവില്‍ അവരുടെ സിംഗപ്പൂര്‍-ന്യൂയോര്‍ക്ക് സര്‍വീസാണ് ഏറ്റവും ദൈര്‍ഘ്യമേറിയത്. 15,300 കിലോമീറ്റര്‍ നിര്‍ത്താതെ പറക്കുന്നത് 18.5 മണിക്കൂര്‍ എടുത്താണ്.

കിടന്ന് യാത്ര ചെയ്യാം

ഉയര്‍ന്ന ക്ലാസുകളില്‍ യാത്രക്കാര്‍ക്ക് കിടന്ന് യാത്ര ചെയ്യാനുള്ള സൗകര്യമാകും ക്വന്റാസ് എയര്‍വേയ്‌സില്‍ ഉണ്ടാകുക. ഈ സര്‍വീസിന് മാത്രമായി പുതിയ 12 എയര്‍ബസ് എ350-1000 വിമാനങ്ങളാണ് വാങ്ങുന്നത്. വിമാനത്തിലെ 300 സീറ്റുകള്‍ 238 ആയി കുറക്കും. എല്ലാ യാത്രക്കാര്‍ക്കും ഉപയോഗിക്കാന്‍ പറ്റുന്ന വെല്‍നെസ് സോണ്‍ ഒരുക്കുന്നുണ്ട്. യാത്രക്കിടെ ചെറിയ വ്യായാമങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ടാകും.

ഫസ്റ്റ് ക്ലാസില്‍ കിടക്കയായി ഉപയോഗിക്കാവുന്ന സീറ്റുകളാണ് ഒരുക്കുന്നത്. ജനല്‍ പാളികള്‍ നീക്കാനാകും. ചെറിയ അലമാര, എച്ച്ഡി സ്‌ക്രീന്‍ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. ശരീര ഊഷ്മാവിലെ മാറ്റങ്ങളെ പ്രതിരോധിക്കാനുള്ള മരുന്നുകളും നല്‍കും.

ബിസിനസ് ക്ലാസില്‍ റൂമുകളായി തിരിച്ചാണ് സൗകര്യങ്ങളുള്ളത്. 18 ഇഞ്ചിന്റെ സ്‌ക്രീനുമുണ്ട്. പ്രീമിയം ഇക്കോണമി ക്ലാസില്‍ ചാഞ്ഞ് കിടക്കാവുന്ന സീറ്റുകളും ചെറിയ സ്‌ക്രീനും ഒരുക്കുന്നുണ്ട്. ഇക്കോണിമി ക്ലാസില്‍ മൂന്നു പേര്‍ക്ക് വീതം ഇരിക്കാവുന്ന സീറ്റുകളാണ് സജ്ജീകരിക്കുന്നത്. ഇരുന്നും കിടന്നും വ്യായാമം ചെയ്തുമൊക്കെയുള്ള നീണ്ട യാത്ര ജീവിതത്തിലെ വേറിട്ട അനുഭവമാകുമെന്നാണ് ക്വന്റാസ് എയര്‍വേയ്‌സ് വിവരിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT