കുട്ടികളെ അമിതമായി സംരക്ഷിക്കുന്ന 'ഹെലികോപ്റ്റർ പാരന്റിംഗ്' (Helicopter parenting) എന്ന പ്രവണതയ്‌ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി യൂബർ സിഇഒ ദാര ഖോസ്രോഷാഹി. കുട്ടികളെ വെല്ലുവിളികളിൽ നിന്ന് നിരന്തരം സംരക്ഷിക്കുന്നത് അവരുടെ ദീർഘകാല വികാസത്തെ തടസപ്പെടുത്തുമെന്നും ഇത് അവർക്ക് ചെയ്യുന്ന ഒരു വലിയ 'ദ്രോഹം' (disservice) ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാതാപിതാക്കൾ കുട്ടികളുടെ ജീവിതത്തിലെ ഓരോ കാര്യങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുകയും ഇടപെടുകയും ചെയ്യുന്ന ശൈലിയാണിത്.
കുട്ടികളെ എല്ലാവിധ പ്രതിസന്ധികളിൽ നിന്നും അകറ്റി നിർത്തുന്നത് ഹ്രസ്വകാലത്തേക്ക് ജീവിതം എളുപ്പമാക്കുമെങ്കിലും, ഭാവിയിൽ സ്വതന്ത്രമായി കാര്യങ്ങൾ ചെയ്യാനുള്ള അവരുടെ കഴിവിനെ (Independence) ഇത് ഇല്ലാതാക്കുമെന്ന് ഖോസ്രോഷാഹി ചൂണ്ടിക്കാട്ടുന്നു. ജീവിതത്തിലെ തടസങ്ങളെ നേരിടുകയും അവ മറികടക്കുകയും ചെയ്യുന്നത് വഴിയാണ് കുട്ടികൾക്ക് ആത്മവിശ്വാസവും യഥാർത്ഥ സംതൃപ്തിയും ലഭിക്കുന്നത്. മാതാപിതാക്കൾ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു നൽകിയാൽ കുട്ടികൾക്ക് സ്വന്തമായി തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ് ലഭിക്കാതെ പോകുന്നു.
തന്റെ കുട്ടിക്കാലത്തെ ഇന്നത്തെ രീതിയുമായി അദ്ദേഹം താരതമ്യം ചെയ്തു. അന്ന് സ്വന്തമായി കാര്യങ്ങൾ കണ്ടെത്താൻ മാതാപിതാക്കൾ തനിക്ക് സ്വാതന്ത്ര്യം നൽകിയിരുന്നുവെന്ന് അദ്ദേഹം ഓർമ്മിച്ചു. സ്വന്തം മക്കളുടെ കാര്യത്തിലും അദ്ദേഹം ഇതേ നിലപാടാണ് സ്വീകരിക്കുന്നത്. മക്കൾക്ക് തങ്ങൾ സ്നേഹിക്കപ്പെടുന്നുണ്ടെന്ന ബോധ്യം നൽകുന്നതോടൊപ്പം തന്നെ അവരുടെ ഹോംവർക്ക് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അമിതമായി ഇടപെടാതെ അവരെ ഉത്തരവാദിത്തമുള്ളവരായി വളർത്താൻ താനും പങ്കാളിയും ശ്രമിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
സാങ്കേതിക രംഗത്തെ പ്രമുഖനായ മൈക്കൽ ഡെൽ ഈ ഉപദേശത്തെ മികച്ച ഒന്നായി വിശേഷിപ്പിച്ചു. അമിത സംരക്ഷണം കുട്ടികളുടെ വൈകാരിക വികാസത്തെയും പ്രശ്നപരിഹാര ശേഷിയെയും ബാധിക്കുമെന്നും അതിനാൽ സ്നേഹവും സ്വാതന്ത്ര്യവും തമ്മിലുള്ള കൃത്യമായ ബാലൻസ് അത്യാവശ്യമാണെന്നുമാണ് മറ്റ് വിദഗ്ധരും അഭിപ്രായപ്പെടുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine