Lifestyle

₹300 കോടിയുടെ പ്യൂമ ഡീല്‍ വേണ്ടെന്നുവെച്ചു; 40 കോടി സ്വന്തം പോക്കറ്റില്‍ നിന്നെടുത്ത് വിരാട് കോഹ്ലി; ലക്ഷ്യം ആഗോള സ്പോര്‍ട്സ് ബ്രാന്‍ഡ്

അജിലിറ്റാസ് സ്പോര്‍ട്സില്‍' 1.94 ശതമാനം ഓഹരി പങ്കാളിത്തം കോഹ്ലിക്ക് സ്വന്തമായി

Dhanam News Desk

ആഗോള സ്‌പോര്‍ട്‌സ് ബ്രാന്‍ഡായ പ്യൂമയുമായുള്ള (Puma) കോടികളുടെ കരാര്‍ പുതുക്കേണ്ടെന്ന് തീരുമാനിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി. എട്ട് വര്‍ഷത്തേക്ക് നീളുന്ന, ഏകദേശം 300 കോടി രൂപ പ്രതിഫലം ലഭിക്കുമായിരുന്ന പരസ്യ കരാറാണ് കോഹ്ലി വേണ്ടെന്നുവെച്ചത്. കേവലം ഒരു ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയില്‍ നിന്ന് മാറി ഒരു ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ബ്രാന്‍ഡിന്റെ ബിസിനസ് പങ്കാളിയാകുക എന്ന വലിയ ലക്ഷ്യത്തോടെയാണ് താരത്തിന്റെ ഈ നീക്കം.

പ്യൂമ ഇന്ത്യയുടെയും സൗത്ത് ഈസ്റ്റ് ഏഷ്യയുടെയും മുന്‍ മാനേജിംഗ് ഡയറക്ടര്‍ അഭിഷേക് ഗാംഗുലി, അതുല്‍ ബജാജ്, അമിത് പ്രഭു എന്നിവര്‍ ചേര്‍ന്ന് 2023-ല്‍ തുടങ്ങിയ 'അജിലിറ്റാസ് സ്‌പോര്‍ട്‌സില്‍' (Agilitas Sports) കോഹ്ലി 40 കോടി രൂപ നിക്ഷേപിച്ചു. ഇതോടെ കമ്പനിയുടെ 1.94 ശതമാനം ഓഹരി പങ്കാളിത്തം കോഹ്ലിക്ക് സ്വന്തമായി. താരത്തിന്റെ സ്വന്തം ലൈഫ്‌സ്‌റ്റൈല്‍ ബ്രാന്‍ഡായ 'വണ്‍8' (One8) ഇനി അജിലിറ്റാസ് സ്‌പോര്‍ട്‌സിന്റെ കീഴിലായിരിക്കും ബിസിനസ് നടത്തുക.

മോച്ചിക്കോ ഷൂസിനെ ഏറ്റെടുത്ത് അജിലിറ്റാസ്

ഇന്ത്യയിലെ ഏറ്റവും വലിയ സ്‌പോര്‍ട്‌സ് ഫുട്‌വെയര്‍ നിര്‍മാതാക്കളായ 'മോച്ചിക്കോ ഷൂസിനെ' Mochiko Shoes) അടുത്തിടെ അജിലിറ്റാസ് സ്‌പോര്‍ട്‌സ് സ്വന്തമാക്കിയിരുന്നു. അഡിഡാസ്, പ്യൂമ, സ്‌കെച്ചേഴ്‌സ്, റീബോക്ക്, അസിക്‌സ് തുടങ്ങിയ ആഗോള ബ്രാന്‍ഡുകള്‍ക്കായി ഇന്ത്യയില്‍ ഷൂസ് നിര്‍മിച്ചു നല്‍കുന്ന പ്രമുഖ കമ്പനിയാണിത്.

നോയിഡയിലും ഉത്തരാഖണ്ഡിലുമുള്ള മോച്ചിക്കോയുടെ നിര്‍മാണ യൂണിറ്റുകള്‍ വഴി ഉല്‍പ്പന്നങ്ങള്‍ സ്വന്തമായി നിര്‍മിച്ച് വിപണിയിലെത്തിക്കാനാണ് അജിലിറ്റാസിന്റെ പദ്ധതി. ഇന്ത്യയില്‍ നിലവില്‍ ഫുട്‌വെയര്‍ ഇറക്കുമതി നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്ന സാഹചര്യത്തില്‍ ആഭ്യന്തര ഉല്‍പ്പാദനം കമ്പനിക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കും. 2023 സാമ്പത്തിക വര്‍ഷത്തില്‍ 642 കോടി രൂപയായിരുന്ന മോച്ചിക്കോയുടെ വരുമാനം, 2026 സാമ്പത്തിക വര്‍ഷത്തോടെ 1,350 കോടി രൂപയായി ഉയര്‍ത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.

നിക്ഷേപകരുടെ പിന്തുണ; മൂല്യം 2,058 കോടി

കമ്പനിയുടെ ശക്തമായ ബിസിനസ് മോഡല്‍ കണ്ട് കണ്‍വെര്‍ജന്റ് ഫിനാന്‍സ്, നെക്‌സസ് വെഞ്ച്വര്‍ പാര്‍ട്‌ണേഴ്‌സ്, റെയിന്‍മാറ്റര്‍ തുടങ്ങിയ വന്‍കിട നിക്ഷേപ സ്ഥാപനങ്ങള്‍ അജിലിറ്റാസില്‍ പണം ഇറക്കിയിട്ടുണ്ട്. ഏറ്റവും പുതിയ ഫണ്ടിംഗ് റൗണ്ടിന് ശേഷം അജിലിറ്റാസ് സ്‌പോര്‍ട്‌സിന്റെ ആകെ വിപണി മൂല്യം ഏകദേശം 2,058 കോടി രൂപയായി ഉയര്‍ന്നു.

കോഹ്ലിക്ക് കമ്പനിയില്‍ 3,61,611 കോംപല്‍സറിലി കണ്‍വേര്‍ട്ടിബിള്‍ പ്രിഫറന്‍സ് ഓഹരികളാണ് (CCPS) അനുവദിച്ചിട്ടുള്ളത്. നിശ്ചിത പരസ്യ വരുമാനം വാങ്ങുന്നതിന് പകരം കമ്പനിയുടെ ദീര്‍ഘകാല വളര്‍ച്ചയിലൂടെ ലാഭം കൊയ്യാനാണ് കോഹ്ലിയുടെ നീക്കം.

പുതിയ കളക്ഷന്‍ വിപണിയില്‍

വണ്‍8 ബ്രാന്‍ഡിന് കീഴിലുള്ള ആദ്യത്തെ സ്വതന്ത്ര ഫുട്‌വെയര്‍ കളക്ഷന്‍ കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ വിരാട് കോഹ്ലി പുറത്തിറക്കിയിരുന്നു. ക്രിക്കറ്റ് സ്‌പൈക്കുകളായ 'കവര്‍ ഡ്രൈവ് 18 പ്രോ', 'കവര്‍ ഡ്രൈവ് 18 എക്‌സ്' എന്നിവയ്ക്ക് 13,999 രൂപയാണ് വില. ഇത് കൂടാതെ ട്രെയിനിംഗ് ഷൂസുകളും ലൈഫ്‌സ്‌റ്റൈല്‍ കളക്ഷനും ഇതിലുണ്ടാകും. പുതിയ ഡിസൈനുകള്‍ക്ക് അനുമതി നല്‍കുന്നതിന് മുന്‍പ് 17 പ്രോട്ടോടൈപ്പുകള്‍ (മാതൃകകള്‍) നിരസിച്ചിരുന്നുവെന്ന് കോഹ്ലി ചടങ്ങില്‍ വെളിപ്പെടുത്തി. ഇതിനോടകം വിപണിയില്‍ തരംഗമായിക്കഴിഞ്ഞ 'Seam XVIII Signature' സോമാറ്റോയുടെ പുതിയ പ്ലാറ്റ്ഫോമായ 'ഡിസ്ട്രിക്ട്' (District) വഴിയാണ് ആദ്യഘട്ട പ്രീ-ബുക്കിംഗ് നടത്തിയത്.

ടെസ്റ്റ് കരിയറിലെ റണ്‍സ് സൂചിപ്പിക്കുന്ന തരത്തില്‍ 9,230 രൂപ വിലയിട്ട 'Seam XVIII Signature' ഷൂസിന്റെ വില്‍പ്പന കൂട്ടാന്‍ ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിവരുമോ എന്ന ചോദ്യത്തിന്, താന്‍ ഇനി ദൈര്‍ഘ്യമേറിയ ക്രിക്കറ്റ് ഫോര്‍മാറ്റിലേക്ക് ഇല്ലെന്ന് കോഹ്ലി വ്യക്തമാക്കി.

ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ നൈക്കിയുമായുള്ള (Nike) കരാർ അവസാനിപ്പിച്ച് സ്വിസ് ബ്രാൻഡായ 'On' (On Running) എന്ന കമ്പനിയിൽ നിക്ഷേപം നടത്തി ശതകോടീശ്വരനായതിന് സമാനമായ നീക്കമാണ് വിരാട് കോഹ്‌ലിയും ഇന്ത്യയിൽ പരീക്ഷിക്കുന്നത്. ആഗോള ബ്രാൻഡുകളോട് മത്സരിക്കാൻ ഒരു ഇന്ത്യൻ കായികതാരത്തിന്റെ ബ്രാൻഡിന് സാധിക്കുമോ എന്നാണ് ഇനി ബിസിനസ് ലോകം ഉറ്റുനോക്കുന്നത്.

Former Indian captain bets Rs 40 crore of his own capital to transition from brand endorser to business owner.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT