Managing Business

ലക്ഷ്യത്തിലേക്ക് മുന്നേറാന്‍ നിങ്ങള്‍ക്കായിതാ 21 ദിവസത്തെ ടൈം ടേബ്ള്‍

Rakhi Parvathy

പണ്ടുകാലത്തുള്ളവര്‍ പറയും 21 ദിവസം കൊണ്ടാണ് ചില ശീലങ്ങള്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമാകുന്നതെന്ന്. അത് ഒരു പരിധി വരെ ശരിയുമാണ്. ചില ചികിത്സകള്‍ക്കും മരുന്നുകള്‍ക്കും 21 ദിവസമാണ് ആയുര്‍വേദം നിഷ്‌കര്‍ഷിക്കുന്നത്. ചില വ്യായാമ മുറകള്‍ 21 ദിവസം കൊണ്ടാണ് ശരീരം സ്വീകരിക്കുന്നത്. ശരീരവും മനസ്സും അത്തരത്തില്‍ ഒരു ജീവിതചര്യയിലേക്ക് മാറുമെന്നതാണ് ഇതിലൂടെ മനസ്സിലാക്കാനാകുന്നത്. ജീവിത വിജയത്തിലേക്കുള്ള ലക്ഷ്യങ്ങളും അവയ്ക്കായുള്ള പരിശ്രമങ്ങളും ഇങ്ങനെ തന്നെ. ഇതാ ജീവിതത്തില്‍ ഉന്നത വിജയങ്ങള്‍ നേടിയെടുക്കുന്നതിന് നിങ്ങളെ പ്രാപ്തരാക്കുന്ന ഒരു 21 ദിന കര്‍മ പദ്ധതി !

തയാറെടുക്കാം ലക്ഷ്യങ്ങളിലേക്ക്

വിജയത്തിനായുള്ള തയാറെടുപ്പില്‍ ഒരാള്‍ ആദ്യം ചെയ്യേണ്ടത് സ്വന്തം ജീവിതത്തിന്റെ ലക്ഷ്യങ്ങളുടെ ഒരു കണക്കെടുപ്പ് നടത്തുകയാണ്. നാം വ്യക്തിപരമായി വിജയം നേടാന്‍ ആഗ്രഹിക്കുന്ന മേഖലകള്‍ ഏതെന്നു ആദ്യം കണ്ടെത്തണം. എല്ലാവര്‍ക്കും എല്ലാ മേഖലകളും ഒരുപോലെ പ്രധാനപ്പെട്ടവ ആയിരിക്കില്ല. എഴുത്തുകാരനാകാന്‍ ആഗ്രഹിക്കുന്ന വ്യക്തിക്ക് സംഗീതവും സംഗീതജ്ഞന്‍ ആകാന്‍ ആഗ്രഹിക്കുന്നയാള്‍ക്ക് കായിക രംഗവും ഒരുപോലെ പ്രധാനപ്പെട്ടതല്ലല്ലോ. അതുപോലെ, എല്ലാ കാര്യങ്ങളും- വിജയിക്കാന്‍ കഴിഞ്ഞേക്കും എന്ന് തോന്നിപ്പിക്കുന്നവ ആണെങ്കില്‍ - പോലും നമ്മുടെ വിജയ ലക്ഷ്യമായി നാം നിര്‍ണയിക്കേണ്ട കാര്യമില്ല.

നിങ്ങളുടെ ജീവിതത്തിന്റെ പൊതുവായ ലക്ഷ്യം എന്താണെന്നും ആ ലക്ഷ്യത്തിലേക്ക് മുന്നേറാന്‍ ശക്തിപ്പെടുത്തേണ്ട മേഖലകള്‍ ഏതെല്ലാം എന്നും കുറിക്കുക. നിങ്ങള്‍ ഒരു ചിത്രകാരനാകാന്‍ ലക്ഷ്യമിടുന്നുവെങ്കില്‍ അതിനായി പെയ്ന്റിംഗ് മേഖലയിലായിരിക്കും പ്രധാനമായും ശ്രദ്ധിക്കേണ്ടത്. മറ്റെല്ലാം അത് കഴിഞ്ഞു മാത്രം. അങ്ങനെ പൊതുവായ ലക്ഷ്യത്തിലേക്ക് നിങ്ങളെ അടുപ്പിക്കുന്ന മേഖലകള്‍ കണ്ടെത്തിക്കഴിഞ്ഞാല്‍ അവയില്‍ നിന്നും അത്യാവശ്യമല്ലാത്തതും അടിയന്തര പ്രാധാന്യം ഇല്ലാത്തതുമായ കാര്യങ്ങള്‍ തല്‍ക്കാലത്തേക്ക് ഒഴിവാക്കുക. അവ നമുക്ക് പിന്നീട് ശ്രദ്ധിക്കാം.

ശ്രദ്ധയോടെ ഓരോ ചുവടും

അങ്ങനെ പ്രധാനപ്പെട്ട അഞ്ചോ ആറോ മേഖലകള്‍ കണ്ടെത്തിക്കഴിഞ്ഞാല്‍ അതില്‍ നിന്നും ഏറ്റവും പ്രധാനപ്പെട്ട മൂന്ന് എണ്ണം മാത്രം തിരഞ്ഞെടുക്കുക. വിജയത്തിനായുള്ള പരിശീലനം നിങ്ങള്‍ ഇവിടെ നിന്നാണ് തുടങ്ങേണ്ടത്. ആദ്യം ഇതില്‍ വിജയിച്ചു കഴിഞ്ഞാല്‍ പിന്നെ അടുത്ത കാര്യങ്ങളിലേക്ക് പരിശീലനം വ്യാപിപ്പിക്കാം. ഇനി, ഈ തിരഞ്ഞെടുത്ത മൂന്നു മേഖലകളില്‍ നിങ്ങളെ വിജയം നേടുന്നതില്‍ നിന്നും തടയുന്ന ഏതാനും (ചുരുങ്ങിയത് അഞ്ചെണ്ണം എങ്കിലും) കാര്യങ്ങള്‍ കണ്ടു പിടിക്കുക.

ഉദാഹരണത്തിന്, ഒരു നല്ല ചിത്രകാരനാകാന്‍ ആഗ്രഹിക്കുന്ന നിങ്ങള്‍ക്ക് പെര്‍ഫെക്ഷനില്ലാത്തതുകൊണ്ടോ, പെയ്ന്റിംഗിലെ മനോഹാരിതയിലെ അനുപാതത്തെക്കുറിച്ച് നിശ്ചയം ഇല്ലാത്തതുകൊണ്ടോ, വരയ്ക്കാന്‍ താല്പര്യമുള്ള വിഷയങ്ങളില്‍ വേണ്ടത്ര പാണ്ഡിത്യം കുറവായതുകൊണ്ടോ, സമയ ക്രമീകരണം പാലിക്കാന്‍ കഴിയാത്തതുകൊണ്ടോ നിങ്ങളുടെ ലക്ഷ്യം നേടുന്നതില്‍ ശോഭിക്കാന്‍ കഴിയാതെ വരുന്നുണ്ടെങ്കില്‍, അത്തരം ബലഹീന വശങ്ങള്‍ ആണ് കണ്ടു പിടിക്കേണ്ടത്. എങ്കില്‍ പിന്നെ വിജയത്തിലേക്കുള്ള പാതയില്‍ നിങ്ങളുടെ യാത്ര തുടങ്ങിക്കഴിഞ്ഞു! അവരവരുടെ ബലഹീനതകളെക്കുറിച്ച് അറിവില്ലാതിരിക്കുന്നത് കൊണ്ടാണ് പലര്‍ക്കും അവ പരിഹരിക്കാനും പ്രതീക്ഷിക്കുന്ന നിലവാരത്തില്‍ വിജയം വരിക്കുവാനും സാധിക്കാതിരിക്കുന്നത്.

ഇനി നിങ്ങളുടെ ബലഹീന വശങ്ങളില്‍ ഏറ്റവും ആദ്യം വരുന്നത് ആദ്യം ശക്തിപ്പെടുത്തണം. അതായത് അച്ചടക്കമില്ലായ്മ (ക്രമീകൃതമായി വരയ്ക്കാനുള്ള ശീലം ഇല്ലായ്മ ), വരയ്ക്കുമ്പോള്‍ വരുന്ന തെറ്റുകള്‍ എന്നിവയാണ് നിങ്ങളുടെ പട്ടികയില്‍ ആദ്യത്തെ രണ്ടു കാര്യങ്ങള്‍ എങ്കില്‍ അച്ചടക്കം ക്രമീകരിക്കാന്‍ തന്നെ ഏറ്റവും ആദ്യം പരിശ്രമിക്കണം. എന്നിട്ടാകാം അടുത്തത്. അല്ലാതെ മറ്റു രണ്ടു കാര്യങ്ങളില്‍ നിങ്ങള്‍ വിജയിക്കാന്‍ പോകുന്നില്ല.

21 Days Mantra

ഇനിയാണ് പരിശീലനം ആരംഭിക്കുന്നത്. ആദ്യത്തെ പ്രശ്‌നം അതിജീവിക്കാന്‍ പരിശീലനത്തിനായി ആദ്യത്തെ 21 ദിവസങ്ങള്‍ നീക്കി വയ്ക്കണം. അച്ചടക്കം ഇല്ലായ്മ എന്ന നിങ്ങളുടെ പ്രശ്‌നത്തെ സമീപിക്കുവാന്‍ ആദ്യത്തെ 21 ദിവസങ്ങള്‍ 'എന്തു വന്നാലും' അര മണിക്കൂര്‍ വീതം വരയ്ക്കാനായി നീക്കി വയ്ക്കുക. അനുയോജ്യമായ സമയവും സ്ഥലവും കണ്ടെത്തി അത് വിട്ടുകളയാതെ ചെയ്യുക. എന്തു വരയ്ക്കും എന്നോ എങ്ങനെ പ്രസിദ്ധീകരിക്കുമെന്നോ ഒന്നും ഇപ്പോള്‍ ചിന്തിച്ചു വിഷമിക്കേണ്ട കാര്യമില്ല, കാരണം ഈ ഘട്ടത്തില്‍ നിങ്ങള്‍ എഴുതുവാനുള്ള അച്ചടക്കം (തെറ്റില്ലാതെ ക്രിയേറ്റീവ് ആയി വരയ്ക്കുന്ന ശീലം) നേടുവാനാണല്ലോ പരിശ്രമിക്കുന്നത്.

ആദ്യ 21 ദിവസം പൂര്‍ത്തിയായാല്‍ ഒന്നാമത്തെ കാര്യത്തോട് കൂടെ രണ്ടാമത്തെ കാര്യം കൂടെ ചേര്‍ക്കുക. അതായത് അച്ചടക്കം വര്‍ധിപ്പിക്കുക എന്നതിനോടൊപ്പം വരയിലെ പെര്‍ഫെക്ഷനില്ലായ്മ മറികടക്കല്‍ എന്ന കാര്യം കൂടെ പരിശീലിക്കാന്‍ ആരംഭിക്കുക - ആദ്യത്തേത് വിട്ടു കളയരുതേ..

വിജയം കൈപ്പിടിയില്‍ !

അങ്ങനെ 42 ദിവസങ്ങള്‍ പിന്നിടുമ്പോഴേക്കും (അതായത് ആറാഴ്ചകള്‍ ) നിങ്ങളുടെ മനോഭാവത്തിലും ജീവിത രീതികളിലും കാര്യമായ മാറ്റങ്ങള്‍ നിങ്ങള്‍ തന്നെ കണ്ടിരിക്കും! അവിടെ നിറുത്തേണ്ട, ഇതുപോലെ തന്നെ അടുത്ത കാര്യത്തിലേക്ക് കടക്കാം. അങ്ങനെ, പടിപടിയായി മുന്നേറാം!' Rome was not built ina day' എന്ന് പറയാറുണ്ടല്ലോ. അത് പോലെ തന്നെയാണ് ജീവിത വിജയവും, അത് ഒരു സുപ്രഭാതത്തില്‍ തനിയെ വന്നു ചേരുകയില്ല. നിരന്തരം പരിശ്രമിക്കുക. പരിശ്രമിക്കുന്നവര്‍ക്ക് വിജയം ഉറപ്പ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT