Image courtesy: Canva
Managing Business

റെസ്റ്റൊറന്റ് ബിസിനസില്‍ വിജയിക്കാന്‍ 7കാര്യങ്ങള്‍

റെസ്റ്റൊറന്റ് തുറന്നാല്‍ അത് പൂട്ടാതെ നോക്കാന്‍ ചില കാര്യങ്ങള്‍ തീര്‍ച്ചയായും ചെയ്തിരിക്കണം

Dhanam News Desk

രാജ്കുമാര്‍ നാരായണന്‍

എവിടെ തിരിഞ്ഞുനോക്കിയാലും റെസ്റ്റൊറന്റ്. കേരളത്തില്‍ അതിശയോക്തി ഒട്ടുമില്ലാതെ പറയാം ഇക്കാര്യം. വെറൈറ്റി പേരുകളൊക്കെ ഇട്ട് റെസ്റ്റൊറന്റ് തുടങ്ങുന്നതിലല്ല കാര്യം. അത് പരാജയപ്പെടാതെ പിടിച്ചുനിര്‍ത്തുന്നതിലാണ്. ശരിയായ ശ്രദ്ധയും തന്ത്രങ്ങളുമുണ്ടെങ്കില്‍ മാത്രമെ ഈ രംഗത്ത് വിജയിക്കാന്‍ പറ്റുകയുള്ളൂ. ഭക്ഷണം മനുഷ്യന്റെ അടിസ്ഥാന ആവശ്യമാണെങ്കിലും റെസ്റ്റൊറന്റ് വിജയിക്കാന്‍ അവിടെ വരുന്നവര്‍ക്ക് വേറിട്ട, മറക്കാനാവാത്ത അനുഭവങ്ങള്‍ നല്‍കണം.

ഒരു റെസ്റ്റൊറന്റ് വിജയിക്കാന്‍ വേണ്ട ഘടകങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ഭക്ഷണത്തിന്റെ ഗുണനിലവാരവും സ്ഥിരതയും

ഒരു റെസ്റ്റൊറന്റിന്റെ നട്ടെല്ല് അതിന്റെ ഭക്ഷണമാണ് ((Exceptional Food Quality and Consistency). മികച്ച ഗുണനിലവാരമുള്ളതും രുചികരവുമായ ഭക്ഷണം നല്‍കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ല. ഉദാഹരണത്തിന് കോഴിക്കോട്ടെ 'പാരഗണിലെ' ബിരിയാണിയുടെ രുചി, നിങ്ങള്‍ ഇന്ന് കഴിച്ചാലും ഒരുവര്‍ഷത്തിന് ശേഷം കഴിച്ചാലും ഒരുപോലെയായിരിക്കും.

രുചിയിലെ ഈ സ്ഥിരതയാണ് ഉപഭോക്താക്കളെ വീണ്ടും ആകര്‍ഷിക്കുന്ന പ്രധാന ഘടകം. മികച്ച ചേരുവകള്‍ മാത്രം ഉപയോഗിക്കുക, എല്ലാ വിഭവങ്ങള്‍ക്കും ഒരേ നിലവാരം ഉറപ്പാക്കുക എന്നിവ ഇതില്‍ പ്രധാനമാണ്.

തനതായ ആശയം

വിപണിയിലെ മറ്റ് റെസ്റ്റൊറന്റുകളില്‍ നിന്ന് നിങ്ങളുടെ സ്ഥാപനത്തെ വേറിട്ട് നിര്‍ത്തുന്ന ഒരു വ്യക്തമായ ആശയം ഉണ്ടായിരിക്കണം (A Strong and Unique Concept). അത് തീം, മെനു, അന്തരീക്ഷം എന്നിവയുമായി പൊരുത്തപ്പെടുന്നതായിരിക്കണം. ഉദാഹരണത്തിന് കൊച്ചിയിലെ 'ചായ് കഫേ' (Chai Cafe) എന്ന ആശയത്തില്‍ തുടങ്ങിയ ഒരു റെസ്റ്റൊറന്റ്, സാധാരണ ഭക്ഷണത്തിനുപരിയായി അറുപതിലധികം തരം ചായകളും അതുമായി യോജിക്കുന്ന ലഘുഭക്ഷണങ്ങളും മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെങ്കില്‍, അത് ഒരു തനതായ ബ്രാന്‍ഡിന് രൂപം നല്‍കും.

തന്ത്രപരമായ സ്ഥാനം

സ്ഥലം ഒരു റെസ്റ്റൊറന്റ് വിജയത്തിന് നിര്‍ണായകമാണ് (Strategic Location and Accessibility). തിരക്കേറിയ സ്ഥലങ്ങള്‍, എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന ഇടങ്ങള്‍, നല്ല പാര്‍ക്കിംഗ് സൗകര്യങ്ങള്‍ എന്നിവ പ്രധാനമാണ്. ഹൈവേയ്ക്ക് അടുത്തുള്ള റെസ്റ്റൊറന്റുകളില്‍ നല്ല പാര്‍ക്കിംഗ് സൗകര്യവും വൃത്തിയുള്ള വിശ്രമ മുറികളും നല്‍കിയാല്‍ ദൂരയാത്രക്കാര്‍ക്കിടയില്‍ അത് പെട്ടെന്ന് പ്രശസ്തമാകും. അല്ലെങ്കില്‍, ഒരു ഐടി പാര്‍ക്കിനടുത്തുള്ള റെസ്റ്റൊറന്റ്, വേഗത്തിലുള്ള 'ലഞ്ച്' ഓപ്ഷനുകള്‍ നല്‍കിയാല്‍ ജീവനക്കാര്‍ക്കിടയില്‍ അത് സ്ഥിരമായി തിരക്കുള്ള സ്ഥാപനമായി മാറും.

മികച്ച ഉപഭോക്തൃ സേവനം

ഉപഭോക്താക്കളോടുള്ള സൗഹൃദപരമായ സമീപനവും വേഗതയേറിയ സേവനവും ഒരു റെസ്റ്റൊറന്റിന്റെ വിജയത്തിന് അത്യന്താപേക്ഷിതമാണ് (Outstanding Customer Service). ആളുകള്‍ നല്ല ഭക്ഷണത്തേക്കാള്‍ മികച്ച സേവനത്തിന് മുന്‍ഗണന നല്‍കുന്ന ഒരു കാലഘട്ടമാണിത്. ഓര്‍ഡര്‍ നല്‍കിയ വിഭവത്തില്‍ ഉപഭോക്താവ് അതൃപ്തി പ്രകടിപ്പിച്ചാല്‍ അത് മാറ്റിനല്‍കാനോ, പകരം മറ്റൊന്ന് സൗജന്യമായി നല്‍കാനോ സന്നദ്ധത കാണിച്ചാല്‍ പിന്നെ ആ ഉപഭോക്താവ് സ്ഥിരം അവിടെ തന്നെ വരും. അതുപോലെ ജീവനക്കാര്‍ക്ക് വിഭവങ്ങളെക്കുറിച്ച് നല്ല അറിവും ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ മുന്‍കൂട്ടി മനസിലാക്കാനുള്ള കഴിവും വേണം.

ഫലപ്രദമായ മാര്‍ക്കറ്റിംഗും ഡിജിറ്റല്‍ സാന്നിധ്യവും

ഇന്നത്തെ കാലത്ത്, നല്ല ഭക്ഷണം മാത്രം പോര. അത് ആളുകളെ അറിയിക്കുകയും വേണം (Effective Marketing and Digital Presence). സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ്, മികച്ച ഓണ്‍ലൈന്‍ റിവ്യൂകള്‍ എന്നിവ നിര്‍ണായകമാണ്. റെസ്റ്റൊറന്റിന്റെ ഇന്‍സ്റ്റഗ്രാം, യൂട്യൂബ് പേജുകളില്‍ വിഭവങ്ങളുടെ ആകര്‍ഷകമായ ചിത്രങ്ങളും വീഡിയോകളും പങ്കുവെയ്ക്കുക. ഉപഭോക്താക്കളുടെ അഭിപ്രായങ്ങള്‍ക്കും റേറ്റിംഗുകള്‍ക്കും കൃത്യമായി മറുപടി നല്‍കുകയും നെഗറ്റീവ് അഭിപ്രായങ്ങളെ മെച്ചപ്പെടുത്താനുള്ള അവസരമായി കാണുകയും ചെയ്യുക. ഒരു പ്രാദേശിക ഫുഡ് ഇന്‍ഫ്ളുവന്‍സറെ ക്ഷണിക്കുന്നത് കൂടുതല്‍ പേരിലേക്ക് സ്ഥാപനത്തെ എത്തിക്കാന്‍ സഹായിക്കും.

സാമ്പത്തിക കാര്യക്ഷമതയും പ്രവര്‍ത്തനപരമായ നിയന്ത്രണവും

ലാഭം നിലനിര്‍ത്തുന്നതിന്, ചെലവുകള്‍ നിയന്ത്രിക്കുകയും വിഭവങ്ങള്‍ പാഴാക്കുന്നത് കുറയ്ക്കുകയും വേണം (Financial Efficiency and Operational Control). മെനുവിലെ ഓരോ വിഭവത്തിന്റെയും ലാഭക്ഷമത കൃത്യമായി മനസിലാക്കണം. ഇന്‍വെന്ററി മാനേജ്മെന്റ് സിസ്റ്റം ഉപയോഗിച്ച്, ഓരോ ദിവസവും ഉപയോഗിക്കുന്ന ചേരുവകളുടെ അളവ് കൃത്യമായി രേഖപ്പെടുത്തുക. ഒരു പ്രത്യേക വിഭവം ഒരു ദിവസം എത്ര വിറ്റഴിച്ചു, അതിന്റെ ലാഭം എത്രയാണെന്ന് മനസിലാക്കി, വില്‍ക്കാത്ത വിഭവങ്ങള്‍ മെനുവില്‍ നിന്ന് ഒഴിവാക്കുകയോ അല്ലെങ്കില്‍ അതിന്റെ വില മാറ്റുകയോ ചെയ്യാം.

ജീവനക്കാരുടെ സംതൃപ്തി

സന്തുഷ്ടരായ ജീവനക്കാര്‍ മാത്രമെ മികച്ച സേവനം നല്‍കൂ (Staff Satisfaction and Retention). ജീവനക്കാര്‍ക്ക് നല്ല പരിശീലനം നല്‍കുകയും അവര്‍ക്ക് ന്യായമായ ശമ്പളവും നല്ല തൊഴില്‍ അന്തരീക്ഷവും ഉറപ്പാക്കുകയും ചെയ്യണം. നല്ല പ്രകടനം കാഴ്ചവെയ്ക്കുന്ന ജീവനക്കാര്‍ക്ക് പ്രോത്സാഹനങ്ങളും ബോണസുകളും നല്‍കുക. അടുക്കളയില്‍ വൃത്തിയുള്ളതും സുരക്ഷിതവുമായ അന്തരീക്ഷം സൃഷ്ടിക്കുകയും ജീവനക്കാരുടെ ആവശ്യങ്ങള്‍ക്ക് ചെവി കൊടുക്കുകയും ചെയ്യുന്നത് സ്ഥാപനത്തോടുള്ള അവരുടെ വിശ്വസ്തത വര്‍ധിപ്പിക്കും.

ഉപഭോക്താവിന്റെ മാറിവരുന്ന താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് എപ്പോഴും മാറാനും തയാറാകണം. ഒരു കാലത്തും വൃത്തിയും നിലവാരവും ബലികഴിക്കരുത്. 

(ബ്രമ്മ ലേണിംഗ് സൊലൂഷന്‍സിലെ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് മാനേജറാണ് ലേഖകന്‍)

(Originally published in Dhanam Magazine December 15, 2025 issue.)

7 things to succeed in the restaurant business.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT