Facebook / Donald Trump, X.com
Managing Business

ഇറാന്‍ യുദ്ധവും ആഗോള വ്യാപാര സംഘര്‍ഷവും: ബിസിനസുകള്‍ക്ക് മുന്നിലുള്ള രണ്ട് ഭാവി വഴികള്‍

ട്രംപ് ആരംഭിച്ച 'ആഗോള വ്യാപാര യുദ്ധ'ത്തെ കുറിച്ച് സംരംഭകര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

Tiny Philip

പ്രസിഡന്റ് ട്രംപ് ആരംഭിച്ച 'ആഗോള വ്യാപാര യുദ്ധം' കാരണം ആഗോള സമ്പദ്‌വ്യവസ്ഥയുടെ ഭാവിയില്‍ എനിക്ക് പരിചയമുള്ള എല്ലാ ബിസിനസുകാരും വലിയ ആശങ്കയിലാണ്. ആഗോളതലത്തില്‍ എന്താണ് സംഭവിക്കുന്നത്, എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്നൊക്കെ അറിയേണ്ടതും, അതിജീവനത്തിനും വിജയത്തിനുമായി ഭാവി സാഹചര്യങ്ങള്‍ മനസിലാക്കേണ്ടതും ബിസിനസുകാര്‍ക്ക് ഇന്ന് പ്രധാനമാണ്.

ഗ്രേറ്റ് പവര്‍ സൈക്കിള്‍ അടിസ്ഥാനമാക്കി, എന്റെ 'ഗ്ലോബല്‍ പ്രെഡിക്ഷന്‍ മോഡല്‍' ഉപയോഗിച്ച് ഇറാനുമായുള്ള നിലവിലെ സംഘര്‍ഷത്തെ ഞാന്‍ വിശകലനം ചെയ്തു. ഈ സിദ്ധാന്തമനുസരിച്ച് ലോകം ഇപ്പോള്‍ ഈ ചക്രത്തിന്റെ അവസാന ഘട്ടത്തിലാണ്. പ്രബല ശക്തിയും (അമേരിക്ക) വളര്‍ന്നുവരുന്ന ശക്തിയും (ചൈന) തമ്മിലുള്ള സംഘര്‍ഷമാണ് ഈ ഘട്ടത്തിന്റെ പ്രത്യേകത. ആഭ്യന്തര കലഹങ്ങളും ഉയര്‍ന്ന കടബാധ്യതയും ഈ കാലഘട്ടത്തെ അടയാളപ്പെടുത്തുന്നു. ഈ മോഡല്‍ അനുസരിച്ച് ഇറാന്‍ യുദ്ധത്തിന്റെ സാധ്യമായ രണ്ട് വഴികള്‍ താഴെ പറയുന്നവയാണ്.

യുഎസ്-ചൈന നിഴല്‍ യുദ്ധം

മുമ്പത്തെ സംഘര്‍ഷങ്ങള്‍ പ്രാദേശികമായി തോന്നിയിരുന്നെങ്കിലും, 2026ലെ യുദ്ധം അമേരിക്കയും ചൈനയും തമ്മിലുള്ള ആദ്യത്തെ യഥാര്‍ത്ഥ നിഴല്‍ യുദ്ധമായി മാറിയിരിക്കുന്നു. ബീജിങ്ങിനെ സംബന്ധിച്ചിടത്തോളം ഇത് നിലനില്‍പിന്റെ പ്രശ്നമാണ്. ചൈനയുടെ എണ്ണ ഇറക്കുമതിയുടെ 50 ശതമാനവും ഹോര്‍മുസ് കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്. അമേരിക്ക ജയിച്ചാല്‍ ഈ കടലിടുക്കിന്മേല്‍ അവര്‍ക്ക് നിയന്ത്രണം ലഭിക്കും. ഇത് ചൈനീസ് സമ്പദ്‌വ്യവസ്ഥയെ തളര്‍ത്താനുള്ള ഒരു 'കില്‍ സ്വിച്ച്' വാഷിങ്ടണിന് നല്‍കും. തല്‍ഫലമായി, ചൈനയും റഷ്യയും ഇറാന് അഭൂതപൂര്‍വമായ പിന്തുണ നല്‍കുന്നു.

  • റഷ്യന്‍ ഇന്റലിജന്‍സ്: യുഎസ്-ഇസ്രയേല്‍ ആശയവിനിമയങ്ങള്‍ ചോര്‍ത്താന്‍ റഷ്യ അത്യാധുനിക സിഗ്നല്‍ ഇന്റലിജന്‍സ് നല്‍കുന്നു.

  • ചൈനീസ് ഇന്ധനം: റോക്കറ്റ് ഇന്ധനത്തിന് ആവശ്യമായ രാസവസ്തുക്കള്‍ യുദ്ധത്തിന് മുമ്പ് തന്നെ ചൈന വന്‍തോതില്‍ വിതരണം ചെയ്തു.

  • മെച്ചപ്പെട്ട കൃത്യത: മുമ്പത്തെ 12 ദിവസത്തെ യുദ്ധത്തില്‍ നിന്ന് വ്യത്യസ്തമായി, ഇറാന്റെ ആക്രമണങ്ങള്‍ അതിശക്തവും കൃത്യവുമാണ്. കാരണം, ലക്ഷ്യസ്ഥാനങ്ങള്‍ നിര്‍ണയിക്കുന്നതിനായി അവര്‍ ചൈനയുടെ 'ബെയ്ഡു' നാവിഗേഷന്‍ സാറ്റ്‌ലൈറ്റ് സംവിധാനമാണ് ഉപയോഗിക്കുന്നത്. ഇത് പരമ്പരാഗതമായ സിഗ്നല്‍ ജാമിങ് ശ്രമങ്ങളെ മറികടക്കാന്‍ അവരെ സഹായിക്കുന്നു.

സാഹചര്യം 1: പെട്ടെന്നുള്ള അന്ത്യം (20 ശതമാനം സാധ്യത)

ഈ യുദ്ധം പെട്ടെന്ന് അവസാനിക്കാന്‍ 20 ശതമാനം സാധ്യത മാത്രമേയുള്ളൂ. ഇത് മൂന്ന് ഘടകങ്ങളെ- അമേരിക്ക, ഇസ്രയേല്‍, ഇറാന്‍ എന്നീ രാജ്യങ്ങളെ ആശ്രയിച്ചിരിക്കുന്നു.

  • ട്രംപ് മിഡ്-ടേം ഫാക്ടര്‍: 2026 നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പ് അടുക്കുന്നതിനാല്‍ സമ്പദ്‌വ്യവസ്ഥ സുസ്ഥിരമാക്കാന്‍ ട്രംപിന് മേല്‍ സമ്മര്‍ദ്ദമുണ്ട്.

  • മിസൈലുകളുടെ കുറവ്: പുറത്തുനിന്നുള്ളപിന്തുണ ഉണ്ടെങ്കിലും, ബാലിസ്റ്റിക് മിസൈല്‍ ശേഖരം തീര്‍ന്നുപോകുന്നു എന്നതാണ് ഇറാന്‍ നേരിടുന്ന പ്രശ്നം.

  • അതിജീവന മനോഭാവം: ആഭ്യന്തര സമ്മര്‍ദ്ദങ്ങളും തകര്‍ന്നുകൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയും അഭിമുഖീകരിക്കുന്ന ഇറാനിയന്‍ ഭരണകൂടം, ഒരു പൂര്‍ണ യുദ്ധത്തേക്കാള്‍ തങ്ങളുടെ അതിജീവനത്തിന് മുന്‍ഗണന നല്‍കിയേക്കാം. ഇത് പെട്ടെന്നുള്ള ഒരു ആഭ്യന്തര തകര്‍ച്ചയിലേക്കോ, അല്ലെങ്കില്‍ നിര്‍ബന്ധിത വിട്ടുവീഴ്ചകളിലേക്കോ നയിക്കാന്‍ സാധ്യതയുണ്ട്.

സാഹചര്യം 2: ദീര്‍ഘകാല സംഘര്‍ഷം (80 ശതമാനം സാധ്യത)

ദൗര്‍ഭാഗ്യവശാല്‍ എന്റെ മോഡല്‍ അനുസരിച്ച്, സംഘര്‍ഷം നീണ്ടുനില്‍ക്കാന്‍ 80 ശതമാനം സാധ്യതയുണ്ട്.

ഗ്രേറ്റ് പവര്‍ സൈക്കിളിലെ അത്തരമൊരു ഘട്ടത്തിലാണ് നാം ഇപ്പോള്‍ ഉള്ളത്. അവിടെ പ്രബലശക്തികളും വളര്‍ന്നുവരുന്ന ശക്തികളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുകയോ, നിയന്ത്രിക്കുകയോ ചെയ്യുന്നത് അങ്ങേയറ്റം പ്രയാസകരമായി മാറുന്നു.

  • കരസേന നീക്കങ്ങളുടെ തീവ്രത: യുദ്ധം നീണ്ടുപോകുമ്പോള്‍, കരസേനയെ ഉള്‍പ്പെടുത്തിയുള്ള പോരാട്ടങ്ങള്‍ വര്‍ധിക്കാന്‍ വലിയ സാധ്യതയുണ്ട്. ആഗോള ഊര്‍ജ ഗതാഗതം സുരക്ഷിതമാക്കുന്നതിനായി ഹോര്‍മുസ് കടലിടുക്കോ ഖാര്‍ഗ് ദ്വീപുകളോ പിടിച്ചെടുക്കാന്‍ ഒരു നേരിട്ടുള്ള യുദ്ധത്തിന് അമേരിക്ക നിര്‍ബന്ധിതരായേക്കാം.

  • കയറ്റുമതി ഘടകം: ഇറാന്‍ ഇപ്പോഴും എണ്ണ കയറ്റുമതി വിജയകരമായി നടത്തുന്നുണ്ട്. ഇത് അവര്‍ക്ക് യുദ്ധം ദീര്‍ഘകാലം തുടരാനുള്ള സാമ്പത്തിക കരുത്ത് നല്‍കും. എന്നാല്‍ അവരുടെ പ്രധാന കയറ്റുമതി കേന്ദ്രങ്ങള്‍ പിടിച്ചെടുത്ത് സാമ്പത്തികമായി ഞെരുക്കി യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്ക ശ്രമിച്ചേക്കാം.

ആഗോള പ്രത്യാഘാതങ്ങള്‍

ഈ യുദ്ധം തുടരുകയാണെങ്കില്‍, എന്റെ മാതൃകയിലെ 'പ്രത്യാഘാതങ്ങള്‍' (effects) എന്ന വിഭാഗം സൂചിപ്പിക്കുന്നത് കടുത്ത പ്രയാസങ്ങളെയാണ്.

  • ആഗോള സമ്പദ്‌വ്യവസ്ഥ: വലിയൊരു ഊര്‍ജ പ്രതിസന്ധി ഉണ്ടാകാം. ക്രൂഡ് ഓയില്‍ വില ബാരലിന് 150 ഡോളറിലേക്ക് ഉയര്‍ന്നേക്കാം. ഇത് ലോകത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കും.

  • അമേരിക്കയുടെ പ്രതിരോധ മാര്‍ഗങ്ങള്‍: ഇത്തരം പ്രശ്നങ്ങളില്‍ ചിലതിനെ പ്രതിരോധിക്കാന്‍ അമേരിക്കക്ക് കഴിയും. എണ്ണ കയറ്റുമതി രാജ്യമെന്ന നിലയില്‍ പ്രസിഡന്റ് ട്രംപിന് എണ്ണ കയറ്റുമതി നിരോധിക്കാനാവും. ഇത് ആഭ്യന്തര വിതരണം കൂടാനും അമേരിക്കന്‍ വ്യവസായങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ എണ്ണ ലഭ്യമാക്കാനും സഹായിക്കും.

  • ഇന്ത്യ: ഇന്ത്യ ഇരട്ട പ്രഹരങ്ങളാണ് നേരിടുന്നത്. കുതിച്ചുയരുന്ന എണ്ണ വിലയുടെ അമിതഭാരം താങ്ങുന്നതോടൊപ്പം ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി സമൂഹത്തിനുണ്ടാകുന്ന വലിയ തോതിലുള്ള സാമൂഹികവും യാത്ര സംബന്ധവുമായ തടസങ്ങള്‍ പരിഹരിക്കാനും ഇന്ത്യ നിര്‍ബന്ധിതമാകും.

  • ജിസിസി രാജ്യങ്ങള്‍: ഗള്‍ഫ് രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം 'സുരക്ഷിത കേന്ദ്രം' എന്ന അവരുടെ സങ്കല്‍പത്തെയാണ് യുദ്ധം തകര്‍ക്കുന്നത്.എണ്ണ കയറ്റുമതി തടസപ്പെടുന്നതും നിക്ഷേപങ്ങള്‍ പിന്‍വലിക്കപ്പെടുന്നതുമൊക്കെ ഈ മേഖലയെ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിയിടാന്‍ സാധ്യതയുണ്ട്.

(Originally published in Dhanam Magazine April 15, 2026 issue.)

SCROLL FOR NEXT