ബിസിനസില്‍ 'ഹോപ്പിയം' (അടിസ്ഥാനമില്ലാത്ത പ്രതീക്ഷ) എന്നത് വളരെ അപകടകരമായ ഒരു ലഹരിയാണ്. സംരംഭകത്വത്തിന് യാതൊരു വിധ അടിസ്ഥാനവുമില്ലാത്ത, അന്ധമായ ശുഭാപ്തിവിശ്വാസം ആവശ്യമാണെന്ന് വിശ്വസിക്കുന്ന ബിസിനസ് ഉടമകള്‍ നിരവധിയാണ്. എന്നാല്‍, മിഡില്‍ ഈസ്റ്റിലെ വര്‍ധിച്ചുവരുന്ന ഭൗമ-രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഊര്‍ജ വിതരണത്തെ ബാധിക്കുന്നത് മുതല്‍ ഇന്ധന വിലക്കയറ്റം, ഉയര്‍ന്ന പലിശ നിരക്കുകള്‍, ചുരുങ്ങിക്കൊണ്ടിരിക്കുന്ന ഉപഭോക്താക്കളുടെ ബജറ്റ് എന്നിങ്ങനെ ആഗോള സാമ്പത്തിക വിപണി കടുത്ത ആഘാതങ്ങളെ നേരിടുമ്പോള്‍ വിപണി തനിയെ പഴയ നിലയിലാകുമെന്ന് ആഗ്രഹിക്കുന്നത് ആത്മഹത്യാപരമാണ്.
യഥാര്‍ത്ഥ നേതൃത്വം ഉറച്ചുനില്‍ക്കുന്നത് ഒരു അടിസ്ഥാന തത്വത്തിലാണ്: 'ശുഭാപ്തിവിശ്വാസിയാകൂ-പക്ഷേ പ്രതീക്ഷയുടെ അടിസ്ഥാനത്തിലല്ല, യാഥാര്‍ത്ഥ്യബോധത്തോടെ ചിന്തിക്കൂ.' 'ശുഭാപ്തിവിശ്വാസം' മാത്രം കൈമുതലായുള്ള എതിരാളികള്‍ മികച്ച ദിവസങ്ങള്‍ക്കായി കാത്തിരുന്ന് തളരുമ്പോള്‍ ഒരു യാഥാര്‍ത്ഥ്യബോധമുള്ള സംരംഭകന് പണം സുരക്ഷിതമാക്കാനും ലാഭം ഉറപ്പാക്കാനും വിപണിയില്‍ വിജയം നേടാനുമായി മൂന്ന് ഘട്ടങ്ങളുള്ള അച്ചടക്കമുള്ള പ്രവര്‍ത്തന പദ്ധതി നടപ്പാക്കുന്നു.
അന്തിമ വിശകലനത്തില്‍ ലാഭം എന്നത് ഒരു അനുമാനം മാത്രമാണ്. എന്നാല്‍ പണം എന്നത് യാഥാര്‍ത്ഥ്യമാണ്. മാനേജ്മെന്റിന്റെ ശ്രദ്ധ 'സ്പീഡോ മീറ്ററില്‍' (മൊത്തം വരുമാനം) നിന്ന് 'ഫ്യുവല്‍ ഗേജിലേക്ക്' (ക്യാഷ് ഫ്ളോ) മാറ്റുക. പണത്തിന്റെ വേഗത ഉറപ്പാക്കാന്‍ നിങ്ങളുടെ ഉപഭോക്താക്കളെ രണ്ട് വിഭാഗങ്ങളായി തരംതിരിക്കണം:
കരുത്തുറ്റ ഉപഭോക്താക്കള്‍ (മികച്ച ബിസിനസ് മോഡല്‍ ഉള്ളവരും അതിജീവിക്കുന്നവരും).
ദുര്‍ബലരായ ഉപഭോക്താക്കള്‍ (തകര്‍ച്ചയെ അഭിമുഖീകരിക്കുന്നവര്‍).
സ്വന്തം പ്രവര്‍ത്തന നഷ്ടം നികത്താന്‍ നീണ്ട ക്രെഡിറ്റ് കാലാവധി ആവശ്യപ്പെടുന്ന ദുര്‍ബലമായ അക്കൗണ്ടുകള്‍ക്ക് പിന്നാലെ നടന്ന് വരുമാനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നത് നിര്‍ത്തുക. അടച്ചുപൂട്ടലിന്റെ വക്കിലുള്ള അക്കൗണ്ടുകളിലേക്കുള്ള ക്രെഡിറ്റ് പരിമിതപ്പെടുത്തുകയോ, നിര്‍ത്തുകയോ ചെയ്യുക.
കൂടാതെ, വിറ്റുപോകാത്ത സ്റ്റോക്കുകള്‍ അടിസ്ഥാന വിലയിലോ, കിഴിവിലോ വിറ്റ് പെട്ടെന്ന് പണം കൈവശം വരുത്തുക. നെഗറ്റീവ് ക്യാഷ് ഫ്ളോ അവസ്ഥയില്‍ നിന്ന് പോസിറ്റീവ് ക്യാഷ് ഫ്ളോ അവസ്ഥയിലേക്ക് മാറുന്നത് ഏത് സ്ഥാപനത്തിന്റെയും നിലനില്പിന് നിര്‍ണായകമാണ്.
പ്രതിദിന ക്യാഷ് ഫ്ളോ ഉറപ്പായിക്കഴിഞ്ഞാല്‍ സ്ഥിരം ചെലവുകള്‍ കര്‍ശനമായി പരിശോധിച്ച് പ്രവര്‍ത്തന നഷ്ടം ഇല്ലാതാക്കുക. കാര്യക്ഷമതയില്ലാത്ത ജീവനക്കാരെ ഒഴിവാക്കുക, സ്ഥിരശമ്പളത്തിന് പകരം പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ആനുകൂല്യങ്ങളിലേക്ക് വേതനം മാറ്റുക, വാടക കുറക്കാന്‍ ചര്‍ച്ചകള്‍ നടത്തുക, അത്യാവശ്യമല്ലാത്ത അഡ്മിനിസ്ട്രേറ്റീവ് ചെലവുകള്‍ വെട്ടിക്കുറക്കുക. വിപണിയിലെ വില്പന അളവില്‍ കാര്യമായ കുറവുണ്ടായാലും നിങ്ങളുടെ പ്രതിമാസ ബ്രേക്ക്-ഈവന്‍ പോയിന്റ് കുറക്കുന്നത് അറ്റാദായം ഉറപ്പുനല്‍കുന്നു.
ലാഭകരമായതും കടമില്ലാത്തതുമായ ഒരു അടിത്തറ സൃഷ്ടിച്ച്, വിനിയോഗിച്ച മൂലധനത്തില്‍ നിന്നുള്ള നേട്ടവും (ROCE) നിക്ഷേപത്തിന്മേലുള്ള നേട്ടവും (ROI) പരമാവധിയാക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുക. വാങ്ങാനും കൃത്യസമയത്ത് പണം നല്‍കാനും സാമ്പത്തിക ശേഷിയുള്ള കരുത്തുറ്റ ഉപഭോക്താക്കള്‍ക്കായി നിങ്ങളുടെ മാര്‍ക്കറ്റിങ് ബജറ്റും സെയ്ല്‍സ് ശേഷിയും 100% വിനിയോഗിക്കുക.
ഇന്‍വെന്ററി സ്റ്റോക്ക് ടേണ്‍ വേഗത്തിലാക്കുക, അഞ്ച് മുതല്‍ 10% വരെയുള്ള റെഡി ക്യാഷ് സപ്ലയര്‍ ഡിസ്കൗണ്ടുകള്‍ പ്രയോജനപ്പെടുത്തുക, ബാങ്ക് ഓവര്‍ഡ്രാഫ്റ്റ് പലിശ പൂര്‍ണമായി ഇല്ലാതാക്കുക.
ഉയര്‍ന്ന മൂലധനക്ഷമതയിലൂടെ വ്യാമോഹങ്ങളില്‍ തളര്‍ന്നുപോയ എതിരാളികളില്‍ നിന്ന് വിപണി വിഹിതം പിടിച്ചെടുക്കാനും സാമ്പത്തികമായി സുരക്ഷിതരായ വാങ്ങലുകാര്‍ക്ക് കുറഞ്ഞ വിലയില്‍ ഉല്പന്നങ്ങള് നല്‍കാനും നിങ്ങള്‍ക്ക് സാധിക്കും.
A practical three-step approach for businesses to navigate uncertainty through stronger cash flow, disciplined cost management and better customer and capital allocation.
Read DhanamOnline in English
Subscribe to Dhanam Magazine