പുതിയ ഹോസ്പിറ്റല്‍ നിര്‍മിക്കാനൊരുങ്ങുന്ന കേരളത്തിലെ ഒരു ചാരിറ്റബ്ള്‍ ട്രസ്റ്റ് ഹോസ്പിറ്റലിന്റെ ഉദാഹരണം കഴിഞ്ഞ ലക്കത്തില്‍ പരിശോധിച്ചിരുന്നു. മധ്യകേരളത്തില്‍ 500 കിടക്കകളുള്ള ഹോസ്പിറ്റല്‍ വിജയകരമായി നടത്തിവരുന്ന ട്രസ്റ്റ് വിപുലീകരണത്തിന്റെ ഭാഗമായാണ് തൊട്ടടുത്ത പട്ടണത്തില്‍ പുതിയ ഹോസ്പിറ്റല്‍ നിര്‍മിക്കാന്‍ പദ്ധതിയിട്ടത്.
500 കിടക്കകളുള്ള പുതിയൊരു സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ നിര്‍മിക്കുക, 50 കിടക്കകളുള്ള ഫീഡര്‍ ഹോസ്പിറ്റല്‍ നിര്‍മിക്കുക, 50 കിടക്കകളുള്ള ഫീഡര്‍ ഹോസ്പിറ്റല്‍ വാങ്ങുക, ഹോസ്പിറ്റല്‍ വാടകയ്ക്ക് എടുക്കുക തുടങ്ങിയവയാണ് മുന്നിലുള്ള വഴികള്‍. പ്രീമിയം കസ്റ്റമര്‍ വിഭാഗം, സേവനത്തിന്റെ മൂല്യം മാത്രം പരിഗണിക്കുന്നവര്‍, ചെലവ് കുറഞ്ഞ ചികിത്സ തിരഞ്ഞെടുക്കുന്നവര്‍ തുടങ്ങി ഏതുതരം ഉപയോക്താക്കളെയാണ് ലക്ഷ്യമിടേണ്ടത് എന്നും ഹോസ്പിറ്റലിന് തിരഞ്ഞെടുക്കേണ്ടതുണ്ട്.
ഹോസ്പിറ്റല്‍ നിര്‍മാണത്തിന് ആവശ്യമായ 50 കോടി രൂപ സ്വന്തം ഫണ്ടില്‍ നിന്ന് എടുക്കാനും ബാങ്ക് വായ്പയെ ആശ്രയിക്കാനും കഴിയും. ഈ സാഹചര്യത്തില്‍ പ്രായോഗിക സാധ്യതാ പഠനം നടത്താനാണ് ഹോസ്പിറ്റല്‍ തീരുമാനിച്ചത്.
അതിന്റെ ഭാഗമായുള്ള വേള്‍ഡ് മാക്രോ ട്രെന്‍ഡ്സ്, കണ്‍ട്രി/സ്റ്റേറ്റ് മാക്രോ ട്രെന്‍ഡ്സ്, ഇന്‍ഡസ്ട്രി ട്രെന്‍ഡ്സ്, കോംപറ്റീറ്റര്‍ ട്രെന്‍ഡ്സ് എന്നിവയെ കുറിച്ച് മുന്‍ ലക്കങ്ങളില്‍ വിശദമാക്കിയിരുന്നു.
സംരംഭകന്റെ, അല്ലെങ്കില്‍ ബിസിനസിന്റെ സവിശേഷമായ കരുത്തിനെ കുറിച്ചാണ് ഈ ലക്കത്തില്‍ പരിശോധിക്കുന്നത്.
ഈ പ്രോജക്ടിന്റെ ഭാഗമായി സംരംഭത്തിന്റെ സവിശേഷമായ കരുത്ത് എന്തൊ ക്കെയാണെന്ന് ചാരിറ്റബ്ള്‍ ട്രസ്റ്റ് പരിശോധിച്ചു. അവ താഴെ കൊടുക്കുന്നു.
ചാരിറ്റബ്ള്‍ ട്രസ്റ്റ് ആയതിനാല്‍ വരുമാന നികുതി നല്‍കേണ്ടതില്ല. അതായത് സമാന വലിപ്പമുള്ള ഒരു കോര്‍പ്പറേറ്റ് ഹോസ്പിറ്റലുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചെറിയ മിച്ചം തന്നെ മതിയാകും.
മൂല്യത്തില്‍ ശ്രദ്ധിക്കുന്നവരും ചെലവ് കുറഞ്ഞ ചികിത്സ തേടുന്ന വിഭാഗവുമാണ് പ്രധാന ഉപയോക്താക്കള്‍. കുറഞ്ഞ ചെലവില്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭിക്കുന്നതു കൊണ്ടുള്ള തിരക്കു മൂലം വലിയ ക്യൂവും മുറികള്‍ ലഭിക്കാനുള്ള ബുദ്ധിമുട്ടും ഒക്കെയുണ്ടെങ്കിലും വലിയൊരു വിഭാഗം പ്രീമിയം കസ്റ്റമറും ഹോസ്പിറ്റലില്‍ എത്തുന്നുണ്ട്.
* താങ്ങാവുന്ന വിലയ്ക്ക് മികച്ച ചികിത്സ നല്‍കുന്നതു കൊണ്ടുതന്നെ വര്‍ഷം മുഴുവനും പൂര്‍ണ ശേഷി ഉപയോഗപ്പെടുത്തി പ്രവര്‍ത്തിച്ചു വരുന്നു.
* നിലവിലുള്ള സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ കൂടുതല്‍ രോഗികളും ഫീഡര്‍ ഏരിയകളില്‍ നിന്ന് ജനറല്‍ സ്പെഷ്യാലിറ്റി ചികിത്സകള്‍ക്കായാണ് എത്തുന്നത്.
* ബുക്കിംഗ് നടത്തിയാണ് മിക്ക ഒപി രോഗികളും എത്തുന്നതെന്ന് ഉറപ്പാക്കുന്നതിലൂടെയും ചെലവ് കുറഞ്ഞ ചികിത്സ ലഭിക്കുന്നതു കൊണ്ട് ക്യൂവില്‍ നില്‍ക്കാനുള്ള രോഗികളുടെ സന്നദ്ധതയിലൂടെയും സമാന വലിപ്പമുള്ള കോര്‍പ്പറേറ്റ് ആശുപത്രിയുടെ ഒപി വോള്യത്തിന്റെ ഇരട്ടിയിലധികം കൈകാര്യം ചെയ്യാനുള്ള കഴിവുണ്ട്.
* മതിയായ ലാഭം, വായ്പകളുടെ അഭാവം, ഫാര്‍മസി ഉല്‍പ്പന്നങ്ങള്‍ റെഡി ക്യാഷ് ആയി വാങ്ങുന്നു തുടങ്ങിയവ മൂലം വിലക്കയറ്റം തടയാനാകുന്നു.
* പുതിയ കെട്ടിടങ്ങള്‍ക്കായുള്ള നിക്ഷേപം കുറച്ചതുകൊണ്ട് സിടി, എംആര്‍ഐ, റോബോട്ടിക് സര്‍ജറി, ജീനോമിക്സ് ലാബ് തുടങ്ങിയ ആധുനിക സജ്ജീകരണങ്ങള്‍ വായ്പ കൂടാതെ തന്നെ ഒരുക്കാനുള്ള കഴിവ്.
ചെലവ് കുറഞ്ഞ ചികിത്സ തേടുന്നവരും മൂല്യത്തില്‍ ശ്രദ്ധിക്കുന്നവരുമായ ഉപഭോക്തൃ വിഭാഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുക, വായ്പയെടുക്കുന്നത് ഒഴിവാക്കുക, വലിയ ആശുപത്രിക്ക് പകരം ചെറിയ ഫീഡര്‍ ആശുപത്രി സ്ഥാപിക്കുക, നഷ്ടത്തിലായാല്‍ അടച്ചുപൂട്ടാന്‍ കഴിയുന്ന വിധത്തില്‍ നിലവിലുള്ള ഹോസ്പിറ്റല്‍ പാട്ടത്തിനെടുത്ത് പ്രവര്‍ത്തിപ്പിക്കുക എന്നിവയാണ് ഈ വിശകലനത്തില്‍ നിന്ന് വ്യക്തമായ കാര്യങ്ങള്‍.
(Originally published in Dhanam Magazine 30 april 2025 issue.)
Business feasibility study- Strength analysis.
Read DhanamOnline in English
Subscribe to Dhanam Magazine