Managing Business

കമ്പനിയുടെ പേരും ബ്രാന്‍ഡിന്റെ പേരും ഒന്നാക്കണോ അതോ വ്യത്യസ്തമാക്കണോ?

കമ്പനിയുടെ പേര് തന്നെ ബ്രാന്‍ഡിനും വേണമെന്നുണ്ടോ?

Siju Rajan

കമ്പനിയുടെ പേരും ബ്രാന്‍ഡിന്റെ പേരും ഒന്നാക്കണോ അതോ വ്യത്യസ്തമാക്കണോ? ഈ തീരുമാനം എടുക്കേണ്ടത് ബിസിനസ് ഏതുരീതിയിലാണ് മുന്നോട്ടേക്ക് നയിക്കേണ്ടത് എന്നതിനെ ആശ്രയിച്ചാണ്. ആദ്യമായി കമ്പനിയുടെ പേരും ബ്രാന്‍ഡിന്റെ പേരും തമ്മിലുള്ള പ്രധാന വ്യത്യാസം എന്തെന്ന് നോക്കാം. ഒരു ബിസിനസ്സിന്റെ നിയമപരമായ പേരാണ് കമ്പനിയുടെ പേര്. ആ പേരിലായിരിക്കും ബിസിനസിന് ആവശ്യമായ എല്ലാവിധ ലൈസന്‍സുകളും എടുക്കുന്നത്. കമ്പനിയുടെ പേര് ഉപഭോക്താക്കള്‍ക്കോ പൊതുസമൂഹത്തിനോ അറിയണമെന്നില്ല. എന്നാല്‍ ബ്രാന്‍ഡിന്റെ പേര് എന്നത് ആളുകള്‍ കാണുന്ന അഥവാ തിരിച്ചറിയുന്ന പേരാണ്. ചില സാഹചര്യങ്ങളില്‍ ഇവ രണ്ടും ഒന്നാക്കാം അല്ലെങ്കില്‍ വ്യത്യസ്തമാക്കാം. ഒന്നാക്കേണ്ട സന്ദര്‍ഭങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.

1. ഒരു വിഭാഗം ഉല്‍പ്പന്നം: ഏതെങ്കിലും ഒരു വിഭാഗം ഉല്‍പ്പന്നം മാത്രമാണ് ഇറക്കാന്‍ ഉദ്ദേശിക്കുന്നത് എങ്കില്‍ ബ്രാന്‍ഡിന്റെ പേരും കമ്പനിയുടെ പേരും ഒന്നാക്കി നല്‍കാം. ആ പേരിന് ട്രേഡ്മാര്‍ക് ലഭിക്കും എന്ന് ഉറപ്പുലഭിച്ചതിനുശേഷം അന്തിമതീരുമാനം എടുക്കാന്‍ ശ്രദ്ധിക്കുക. ഉദാഹരണത്തിന് ഭക്ഷണവുമായി ബന്ധപ്പെട്ട ബിസിനസ് മാത്രമാണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എങ്കില്‍ കമ്പനി നാമവും, ബ്രാന്‍ഡ് നാമവും ഒന്നാക്കി കൊടുക്കാം. എന്നാല്‍ മറ്റൊരു വിഭാഗമായ ശുചീകരണവുമായി ബന്ധപ്പെട്ട ഉല്‍പ്പന്നം കൂടെ ഇറക്കാന്‍ തയ്യാറെടുക്കുന്നു എങ്കില്‍ ബ്രാന്‍ഡുകള്‍ക്ക് വ്യത്യസ്തമായ പേരുകള്‍ പരിഗണിക്കുന്നതാണ് നല്ലത്. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്കും ശുചീകരണ ഉത്പന്നങ്ങള്‍ക്കും ഒരേ പേര് നല്‍കാന്‍ കഴിയില്ലല്ലോ.

2. കൂടുതല്‍ നിക്ഷേപം സ്വീകരിക്കാന്‍: പുറമെ നിന്നും ധാരാളം നിക്ഷേപം സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ അവിടെ കമ്പനിയുടെ പേരിനെ ആളുകള്‍ അറിയുംവിധം പരസ്യപ്പെടുത്തേണ്ടതുണ്ട്. അത് ലളിതമാക്കാന്‍ കമ്പനിയുടെ പേര് എന്താണോ അതുതന്നെ ബ്രാന്‍ഡിന്റെ പേര് ആകുന്നതാണ് ഉചിതം. രണ്ടും വ്യത്യാസപ്പെടുത്തുന്നതില്‍ പ്രശ്‌നമില്ല, എങ്കിലും ആയാസരഹിതമായി കമ്പനിയുടെ പേരിനെ ജനങ്ങളിലേക്ക് എത്തിക്കാന്‍ രണ്ടും ഒന്നാക്കുന്നത് സഹായകരമാകും.

3. സേവന മേഖല: പൊതുവേ സേവനമേഖലയിലുള്ള സംരംഭങ്ങളിലാണ് ബ്രാന്‍ഡിന്റെ പേരും കമ്പനിയുടെ പേരും ഒന്നായി കാണുന്നത്. കാരണം ഉല്പാദന മേഖലയെ അപേക്ഷിച്ച് സേവന മേഖലയില്‍ അധികം വിഭാഗങ്ങള്‍ ഉണ്ടാവാറില്ല. എല്ലാ സേവനങ്ങള്‍ക്കും ഒരേ പേര് നല്‍കുന്നത് ബ്രാന്‍ഡിങ്ങിനെ ബാധിക്കുന്നതായി കണ്ടിട്ടില്ല.

4. കമ്പനിയുടെ പേരില്‍ അറിയപ്പെടാന്‍: ചിലര്‍ക്ക് കമ്പനിയുടെ പേരില്‍ തന്നെ അറിയപ്പെടാനായിരിക്കും ആഗ്രഹം. ആ പേരിനെ തന്നെ ബ്രാന്‍ഡ് ചെയ്ത് ജനങ്ങളുടെ മുന്നില്‍ എത്തിക്കാനായി പലരും രണ്ടിനും ഒരു പേര് നല്‍കാറുണ്ട്. ഇത്തരത്തില്‍ നല്‍കുമ്പോഴുള്ള ഒരു പ്രധാന പോരായ്മ, മറ്റ് മേഖലകളില്‍ ഉത്പന്നം ഇറക്കാന്‍ കഴിയില്ല എന്നതാണ്.

ഇനി ധാരാളം മേഖലകളില്‍ കൈവയ്ക്കാന്‍ ആഗ്രഹിക്കുന്ന സംരംഭകനാണ് നിങ്ങള്‍ എങ്കില്‍ തീര്‍ച്ചയായും നിയമപരമായ കാര്യങ്ങള്‍ക്ക് ഒരു പേരും ഓരോ മേഖലക്കും വ്യത്യസ്ത ബ്രാന്‍ഡ് നാമവും സ്വീകരിക്കുന്നതാവും ഉചിതം. നിങ്ങള്‍ തിരഞ്ഞെടുക്കുന്ന കമ്പനി നാമത്തിന് ട്രേഡ്മാര്‍ക്കിന് അപേക്ഷിക്കേണ്ടത് നിര്‍ബന്ധമുള്ള കാര്യമല്ല. എന്നാല്‍ തിരഞ്ഞെടുക്കുന്ന ഓരോ ബ്രാന്‍ഡ് നാമത്തിനും അതിനു അനുയോജ്യമായ ക്ലാസ്സില്‍ ട്രേഡ്മാര്‍ക് ലഭ്യമാണെന്ന് ഉറപ്പുവരുത്തുക.

Siju Rajan Business Branding Strategist BRANDisam LLP www.sijurajan.com +91 8281868299

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT