Image courtesy: Canva
Managing Business

വിതരണക്കാരില്ലാത്ത വിപണിയിൽ വിൽപ്പന എങ്ങനെ നിലനിർത്താം? Direct-to-Retail മോഡൽ അറിയാം

വിതരണക്കാരില്ലാത്ത മേഖലകളില്‍ ഡയറക്റ്റ് ടു റീറ്റെയ്ല്‍ സംവിധാനം നടപ്പാക്കുന്നതിലൂടെ കൂടുതല്‍ ലാഭം നേടാനും ബിസിനസ് വളര്‍ത്താനും കഴിയും

Tiny Philip

സ്വന്തമായി ജോലി ചെയ്യുന്ന വിതരണക്കാരുടെ ഉയര്‍ന്ന സാന്ദ്രതയുള്ള നെറ്റ്‌വര്‍ക്കിലേക്ക് മാറുന്നത് ആത്യന്തിക ലക്ഷ്യമാണെങ്കിലും ഉല്‍പാദകരുടെ വിതരണ ശൃംഖലയില്‍ താല്‍ക്കാലികമായ കവറേജ് ഗ്യാപുകള്‍ ഉണ്ടാകാം. പല ഡിപ്പോ പ്രദേശങ്ങളിലും അനുയോജ്യമായ പങ്കാളികളെ പെട്ടെന്ന് ലഭിക്കാത്തതോ, നെറ്റ്‌വര്‍ക്ക് വേഗത്തില്‍ വിപുലപ്പെടുത്തുമ്പോള്‍ ചില മൈക്രോ ടെറിട്ടറികള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നതോ കൊണ്ടാവാം അത്.

അനുയോജ്യരായ വിതരണക്കാരെ കാത്തിരുന്ന് ഒരു പ്രാദേശിക ഡിപ്പോ പ്രദേശം സേവനം നല്‍കാതെ മാറ്റിവെക്കുന്നത് വെയര്‍ഹൗസ് ഉപയോഗിക്കപ്പെടാതെ കിടക്കാനും അടിസ്ഥാന സൗകര്യങ്ങള്‍ പാഴാകാനും വിപണിയിലെ പങ്ക് നഷ്ടപ്പെടാനും ഇടയാക്കും. പ്രാദേശിക ഡിപ്പോയില്‍ നിന്ന് നേരിട്ട് റീറ്റെയ്ല്‍ വ്യാപാരികളിലേക്ക് സാധനങ്ങള്‍ എത്തിക്കുന്ന ഡയറക്റ്റ് ടു റീറ്റെയ്ല്‍ (DTR) സംവിധാനം നടപ്പാക്കുക എന്നതാണ് ഇതിനുള്ള പരിഹാരം.

Figure: Direct-to-Retail (DTR) Depot Operations Engine

ഡയറക്റ്റ് ടു റീറ്റെയ്ല്‍ സാമ്പത്തിക സമവാക്യം

സെല്‍ഫ് വര്‍ക്കിങ്ങായ വിതരണക്കാരില്ലാത്ത പ്രദേശങ്ങളില്‍ നിര്‍മാതാക്കള്‍ ഇടനിലക്കാരെ പൂര്‍ണമായി ഒഴിവാക്കി, റീറ്റെയ്ല്‍ വ്യാപാരികള്‍ക്ക് നേരിട്ട് സാധനങ്ങള്‍ വില്‍ക്കുന്നു. നേരിട്ട് ഓര്‍ഡറുകള്‍ അയക്കുന്നതിനാല്‍ സാധാരണ എംആര്‍പി നിരക്കിലാണ് വില്‍ക്കുന്നത്. വിതരണക്കാരുടെ ലാഭവിഹിതം പൂര്‍ണമായി ഒഴിവാകുന്നതിലൂടെ നിര്‍മാതാവിന് മുഴുവന്‍ ലാഭവും ലഭിക്കുന്നു.

അധികമായി ലഭിക്കുന്ന ലാഭം പ്രവര്‍ത്തനച്ചെലവുകള്‍ക്ക് ഉപയോഗിക്കാനാകും, ഒപ്പം ഉല്‍പന്നങ്ങളുടെ വില മത്സരക്ഷമമാക്കി നിര്‍ത്താനും കഴിയും. റീറ്റെയ്ല്‍ വ്യാപാരികളുമായി നേരിട്ട് ബന്ധം ഉള്ളതിനാല്‍ വിപണിയിലെ ആവശ്യം, ഉല്‍പന്നങ്ങളുടെ വില്‍പന വേഗത, വിലനിര്‍ണയം എന്നിവ കൃത്യമായി നിരീക്ഷിക്കാനും കഴിയുന്നു.

ഡിടിആര്‍ സംവിധാനം നടപ്പാക്കുമ്പോള്‍ പരമ്പരാഗത രീതിയിലേക്ക് തിരികെ പോകുക എന്നതല്ല അര്‍ത്ഥം. പരമാവധി ക്രെഡിറ്റ് നല്‍കാതിരിക്കുകയും പണമിടപാട് കര്‍ശനമാക്കുകയും കുറഞ്ഞ പ്രവര്‍ത്തനച്ചെലവ് വരുത്തുകയും ചെയ്യാന്‍ ശ്രദ്ധിക്കണം.

ഡിജിറ്റല്‍ റീറ്റെയ്ല്‍ ലീഡ് ജനറേഷനും കേന്ദ്രീകൃത റൂട്ട് പ്ലാനിങ്ങും

പരമ്പരാഗത സെയ്ല്‍സ് ജീവനക്കാരെ ഉപയോഗിച്ച് കടകളില്‍ നേരിട്ട് കയറിയിറങ്ങുന്നതിന് പകരം കേന്ദ്രീകൃതമായി ഡിജിറ്റല്‍ ചാനലുകള്‍ വഴി ഡിമാന്‍ഡ് സൃഷ്ടിക്കുന്നു.

  • ഹൈപ്പര്‍-ലോക്കല്‍ ആഡ് ടാര്‍ഗെറ്റിങ്: റീറ്റെയ്ല്‍ ഷോപ്പ് ഉടമകളെ നിര്‍മാതാവില്‍ നിന്ന് നേരിട്ട് വാങ്ങാന്‍ ക്ഷണിച്ചുകൊണ്ട് പ്രാദേശിക ഡിപ്പോ പരിധിക്കുള്ളില്‍ മാത്രം പ്രത്യേകമായി മെറ്റ പരസ്യങ്ങള്‍ നല്‍കുന്നു.

  • കേന്ദ്രീകൃത പരിശോധന (Cetnral Vetting): വരുന്ന അന്വേഷണങ്ങള്‍ കേന്ദ്ര സെയ്ല്‍സ് ടീം പരിശോധിച്ച് കടയുടെ ആധികാരികതയും ഓര്‍ഡര്‍ ചെയ്യാനുള്ള ശേഷിയും വിലയിരുത്തുന്നു.

  • റൂട്ട് ഒപ്റ്റിമൈസേഷന്‍ (Route Optimization): സ്ഥിരീകരിച്ച റീറ്റെയ്ല്‍ ലീഡുകളെ കേന്ദ്ര സെയ്ല്‍സ് ടീം കൃത്യമായി ഭൂമിശാസ്ത്രപരമായ ഡെലിവറി റൂട്ടുകളായി ക്രമീകരിക്കുന്നു.

    ഇത് ഫീല്‍ഡ് മാനേജരുടെ യാത്രക്കായി സമയം പാഴാകുന്നത് ഒഴിവാക്കുന്നു.

ഏരിയ ബിസിനസ് ഡെവലപ്‌മെന്റ് മാനേജറുടെ റോള്‍

ഡെലിവറി റൂട്ടുകള്‍ തയാറാക്കിക്കഴിഞ്ഞാല്‍ ഏരിയ ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ (ABDM) ആ റൂട്ടുകളില്‍ കൃത്യമായ സന്ദര്‍ശനങ്ങള്‍ നടത്തുന്നു. അവരുടെ ശ്രദ്ധ മുഴുവന്‍ ബിസിനസ് വളര്‍ച്ചയിലാണ്:

1. കീ അക്കൗണ്ട് ഓണ്‍ബോര്‍ഡിങ് (Key Account Onboarding): കൂടുതല്‍ ഓര്‍ഡറുകള്‍ നല്‍കുന്ന റീറ്റെയ്ല്‍ വ്യാപാരികളെ നേരിട്ട് കണ്ട് സംസാരിച്ച് അവരെ നേരിട്ട് ഓര്‍ഡര്‍ ചെയ്യുന്ന അക്കൗണ്ടുകളാക്കി മാറ്റുന്നു.

2. പുതിയ ഉല്‍പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കല്‍ (New SKU Placement): നിലവിലുള്ള റീറ്റെയ്ല്‍ കടകളില്‍ പുതിയ ഉല്‍പന്ന ലൈനുകള്‍ ലഭ്യമാക്കുന്നു.

ഡിസ്ട്രിബ്യൂട്ടര്‍ അക്കൗണ്ടുകള്‍ പോലെ തന്നെ ഒരു റീറ്റെയ്ല്‍ അക്കൗണ്ട് തുടര്‍ച്ചയായി മൂന്ന് മാസം കൃത്യമായി ഓര്‍ഡര്‍ നല്‍കിയാല്‍ മാത്രമെ ABDMന് ഒറ്റത്തവണയുള്ള ഇന്‍സെന്റീവ് ലഭിക്കൂ. ഇത് ആത്മാര്‍ത്ഥതയുള്ള ദീര്‍ഘകാല പങ്കാളികളെ കണ്ടെത്താന്‍ ജീവനക്കാരെ സഹായിക്കുന്നു.

പണമിടപാടുകളിലെ അച്ചടക്കവും ഡിപ്പോ ലോജിസ്റ്റിക്‌സ് നടത്തിപ്പും

വര്‍ക്കിങ് ക്യാപിറ്റല്‍ സംരക്ഷിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ ലളിതമാക്കുന്നതിനുമായി നേരിട്ടുള്ള ചില്ലറ വില്‍പന കര്‍ശനമായ സാമ്പത്തിക വ്യവസ്ഥകളിലാണ് പ്രവര്‍ത്തിക്കുന്നത്:

  • മുന്‍കൂര്‍ പണം, അല്ലെങ്കില്‍ ക്യാഷ് ഓണ്‍ ഡെലിവറി: സാധനങ്ങള്‍ ലഭിക്കുമ്പോള്‍ ചില്ലറ വ്യാപാരികള്‍ മുന്‍കൂറായോ, ക്യാഷ് ഓണ്‍ ഡെലിവറി വഴിയോ പണം നല്‍കുന്നു. കടം അനുവദിക്കുന്നതല്ല.

  • തുടര്‍ച്ചയായി ചെറിയ അളവില്‍ എത്തിക്കല്‍ (Frequent Small Dispatches): പ്രാദേശിക ഡിപ്പോ കുറഞ്ഞ അളവിലുള്ള സാധനങ്ങള്‍ ഇടക്കിടെ റീറ്റെയ്ല്‍ വില്‍പന കേന്ദ്രങ്ങളിലേക്ക് നേരിട്ട് അയക്കുന്നു. ഇതിലൂടെ വ്യാപാരികള്‍ക്ക് വലിയ മുതല്‍മുടക്കില്ലാതെ തന്നെ സ്റ്റോക്ക് നിലനിര്‍ത്താന്‍ സഹായിക്കുന്നു.

  • സീസണ്‍ അനുസരിച്ചുള്ള ലക്ഷ്യങ്ങള്‍ (Seaosn Wise Volume Targets): തങ്ങളുടെ നേരിട്ടുള്ള വിതരണ ആനുകൂല്യങ്ങള്‍ നിലനിര്‍ത്താന്‍ വ്യാപാരികള്‍ സീസണ്‍ അനുസരിച്ചുള്ള പര്‍ച്ചേസിങ് ലക്ഷ്യങ്ങള്‍ പാലിക്കുമെന്ന് ഉറപ്പുനല്‍കുന്നു.

സെന്‍ട്രല്‍ ടെലി-ഓര്‍ഡറിങ്ങിലേക്കുള്ള മാറ്റം

ഒരു റീറ്റെയ്ല്‍ അക്കൗണ്ട് തുടര്‍ച്ചയായി മൂന്ന് മാസം കടം കൂടാതെ കൃത്യമായി ഓര്‍ഡര്‍ ചെയ്താല്‍, ആ അക്കൗണ്ട് പൂര്‍ണമായും കേന്ദ്ര സെന്‍ട്രല്‍ സെയ്ല്‍സ് ടീമിന് കൈമാറും. കേന്ദ്ര സെയ്ല്‍സ് ടീം പതിവായുള്ള പ്രതിമാസ ടെലി-ഓര്‍ഡറുകളും റീ-ഓര്‍ഡര്‍ റിമൈന്‍ഡറുകളും കൈകാര്യം ചെയ്യുന്നു. ഈ മാറ്റം മൂലം ഫീല്‍ഡ് ABDMകള്‍ക്ക് പതിവ് ഓര്‍ഡര്‍ എടുക്കേണ്ട ആവശ്യം വരുന്നില്ല. ഇത് പുതിയ റീറ്റെയ്ല്‍ റൂട്ടുകള്‍ തുറക്കുന്നതിനോ, അല്ലെങ്കില്‍ അനുയോജ്യമായ ഒരു പങ്കാളിയെ കണ്ടെത്തിക്കഴിഞ്ഞാല്‍ ആ പ്രദേശം സെല്‍ഫ് വര്‍ക്കിങ് ഡിസ്ട്രിബ്യൂട്ടര്‍ക്ക് കൈമാറുന്നതിനോ അവരെ പ്രാപ്തരാക്കുന്നു.

ഉപസംഹാരം

വിതരണത്തിന് ആളില്ലാത്ത പ്രദേശങ്ങളും കവറേജ് ഗ്യാപുകളും കാരണം ഡിപ്പോകള്‍ വെറുതെ കിടക്കുകയോ, വരുമാനം നഷ്ടപ്പെടുകയോ ചെയ്യേണ്ടതില്ല. ഹൈപ്പര്‍-ലോക്കല്‍ ഡിജിറ്റല്‍ പരസ്യങ്ങള്‍, കേന്ദ്രീകൃത റൂട്ട് പ്ലാനിങ്, കര്‍ശനമായ മുന്‍കൂര്‍ പണമിടപാടുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു ഡയറക്റ്റ് ടു റീറ്റെയ്ല്‍ സംവിധാനം നടപ്പാക്കുന്നതിലൂടെ നിര്‍മാതാക്കള്‍ക്ക് പ്രാദേശിക ഡിപ്പോകളില്‍ നിന്ന് നേരിട്ട് റീറ്റെയ്ല്‍ വ്യാപാരത്തിന് സേവനം നല്‍കാനും ലാഭം നേടാനും സാധിക്കും.

ഈ നേരിട്ടുള്ള സമീപനം മൂലം ഡിപ്പോയുടെ ശേഷി പരമാവധി പ്രയോജനപ്പെടുത്താനും മുഴുവന്‍ വ്യാപാര ലാഭവും നേടിയെടുക്കാനും പണമിടപാടുകളില്‍ കര്‍ശനമായ അച്ചടക്കം പാലിക്കാനും കഴിയുന്നു. ഇത് സ്ഥിരമായ ഒരു തന്ത്രമായോ, അല്ലെങ്കില്‍ സെല്‍ഫ് വര്‍ക്കിങ് ഡിസ്ട്രിബ്യൂട്ടര്‍മാരെ കണ്ടെത്തുന്നതുവരെയുള്ള ഒരു പാലമായോ പ്രവര്‍ത്തിക്കുന്നു. ഒപ്പം ഡയറക്റ്റ് ടു റീറ്റെയ്ല്‍ സംവിധാനം ആധുനികവും സുസ്ഥിരവുമായ, കടമില്ലാത്ത ശക്തമായ ഒരു ബിസിനസ് കോട്ട കെട്ടിപ്പടുക്കാന്‍ സഹായിക്കുന്നു.

(Originally published in Dhanam Magazine October 15, 2026 issue.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT