Image courtesy: Canva
Managing Business

ബിസിനസ് തുടങ്ങാന്‍ ഫണ്ട് വേണോ? ഇതാ ഒരുവഴി

സ്വന്തമായൊരു ബിസിനസ് പലരുടെയും മോഹമാണ്. നിങ്ങള്‍ക്കിപ്പോള്‍ ജോലിയുണ്ടെങ്കില്‍ ഈ വഴിയൊന്ന് നോക്കൂ. ആരുടെയും മുന്നില്‍ കൈ നീട്ടാതെ ബിസിനസ് തുടങ്ങാം

Dhanam News Desk

ബാലചന്ദ്രന്‍ വിശ്വറാം

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ മുതല്‍ സ്റ്റാര്‍ട്ടപ്പുകളെ വരെ വലയ്ക്കുന്ന ഒരു സുപ്രധാന പ്രശ്നം ഫണ്ടിംഗാണ്. എന്തുകൊണ്ടാണ് ഇവര്‍ക്ക് മതിയായ ഫണ്ട് സമാഹരിക്കാന്‍ പറ്റാത്തത്? അതിന് പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്.

1. റിസ്‌ക് ക്യാപിറ്റല്‍ ഫണ്ടിംഗ് രംഗം ഇപ്പോഴും നമ്മുടെ നാട്ടില്‍ കാര്യമായ തോതില്‍ വളര്‍ച്ച നേടിയിട്ടില്ല. കുടുംബങ്ങള്‍ കൂടുതലും സ്ഥിര നിക്ഷേപമാണ് താല്‍പ്പര്യപ്പെടുന്നത്. സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് മികച്ച ആശയമുണ്ടാകും. പക്ഷേ പൂര്‍ണ പ്രവര്‍ത്തനസജ്ജമായ ഒരു ഉല്‍പ്പന്നമോ റവന്യു മോഡലോ ഉണ്ടാകണമെന്നില്ല. ബാങ്കുകള്‍ ഇത്തരം ബിസിനസുകളെ ഹൈ റിസ്‌ക് കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തുക. അതേസമയം നിലവില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതോ, അല്ലെങ്കില്‍ മതിയായ ഈട് നല്‍കാന്‍ സാധിക്കുന്നതോ ആയ സംരംഭങ്ങള്‍ക്ക് ബാങ്കുകള്‍ വായ്പകള്‍ ലഭ്യമാക്കുകയും ചെയ്യാറുണ്ട്.

2. ഏയ്ഞ്ചല്‍, സീഡ്, സീരീസ് ഫണ്ടുകള്‍, ഐപിഒ എന്നിങ്ങനെയുള്ള ഫണ്ടിംഗ് രീതികള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കാത്തത്. ഇന്‍വെസ്റ്റ്മെന്റ് അഡൈ്വസര്‍/ബാങ്കര്‍/കണ്‍സള്‍ട്ടന്റ് എന്നിങ്ങനെയുള്ളവരുമായി ഗൗരവമായ ചര്‍ച്ചകള്‍ ഒരിക്കല്‍ പോലും നടത്തിയിട്ടുണ്ടാവില്ല. സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് അവരുടെ ആശയങ്ങള്‍ അവതരിപ്പിക്കാനും നിക്ഷേപകരെ ആകര്‍ഷിക്കാനും യഥേഷ്ടം അവസരങ്ങള്‍ ഇവിടെയില്ല. ഇക്വിറ്റി/ഡെറ്റ് ഫണ്ടിംഗ് സാധ്യതകള്‍ കുറവായതുകൊണ്ട് സ്വന്തമായി പണം സമാഹരിക്കുകയെന്ന താരതമ്യേന എളുപ്പമായ രീതിയാണ് സ്റ്റാര്‍ട്ടപ്പുകള്‍ സ്വീകരിക്കുന്നത്. പ്രവര്‍ത്തനസജ്ജമായ ഒരു ഉല്‍പ്പന്നം അല്ലെങ്കില്‍ സേവനം വികസിപ്പിച്ചെടുക്കും വരെ സ്വന്തം പണംകൊണ്ട് സംരംഭത്തെ പിടിച്ചുനിര്‍ത്തുന്നതാകും കൂടുതല്‍ നല്ലത്. നിങ്ങളുടെ ബിസിനസ് മോഡല്‍ എന്താണെന്ന് തെളിമയോടെ വിവരിക്കാന്‍ പറ്റുന്ന ഘട്ടത്തില്‍ നിങ്ങള്‍ക്ക് ഇക്വിറ്റി നിക്ഷേപത്തിനായി വെഞ്ച്വര്‍ ക്യാപിറ്റല്‍ അല്ലെങ്കില്‍ ഏയ്ഞ്ചല്‍ നിക്ഷേപകരെ സമീപിക്കാം.

ബിസിനസ് തുടങ്ങണോ, നിക്ഷേപം ഇന്നേ തുടങ്ങാം!

പ്രവര്‍ത്തനസജ്ജമായ ഒരു ഉല്‍പ്പന്നമോ കൃത്യമായ റവന്യു മോഡലോ ഇല്ലാതെ ഇക്വിറ്റി നിക്ഷേപകരെ ലഭിക്കാന്‍ ബുദ്ധിമുട്ടാണ്. അതുവരെ എത്താന്‍ അപ്പോള്‍ എന്താണ് വഴി? സ്വന്തമായി സംരംഭം തുടങ്ങണമെന്ന മോഹം മനസില്‍ ഉദിക്കുമ്പോള്‍ തന്നെ അതിനുള്ള പ്രാരംഭ മൂലധനത്തിനുള്ള മാര്‍ഗവും തിരഞ്ഞെടുക്കുക.

ഉദാഹരണത്തിന് ബിസിനസ് തുടങ്ങാന്‍ 20 ലക്ഷം രൂപയും ബിസിനസില്‍ നിന്ന് വരുമാനം കിട്ടിത്തുടങ്ങും വരെ പിടിച്ചുനില്‍ക്കാന്‍ പ്രതിമാസ ചെലവിലേക്കായി 50,000 രൂപയും വേണമെന്നിരിക്കട്ടെ. ബിസിനസ് ആശയം തലയില്‍ കയറി നടക്കുന്നവര്‍ പലരും ഈ സാമ്പത്തിക യാഥാര്‍ത്ഥ്യം പലപ്പോഴും മനസിലാക്കാറില്ല. അതുകൊണ്ടാണ് സ്വന്തം കയ്യില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമൊക്കെ പണം വാങ്ങി എങ്ങനെയെങ്കിലും സംരംഭങ്ങള്‍ തുടങ്ങുന്നത്. പക്ഷേ കൃത്യമായി വരുമാനം വരുന്നതുവരെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി പണമില്ലാത്തതിനാല്‍ പാതിവഴിയില്‍ നിലച്ചുപോവുകയും ചെയ്യുന്നു. അതൊഴിവാക്കാന്‍ സംരംഭകര്‍ക്ക് തന്നെ സ്വന്തമായൊരു ഫണ്ടിംഗ് രീതി ഉണ്ടായിരിക്കണം.

സ്വന്തമായൊരു ബിസിനസാണ് ലക്ഷ്യമെങ്കില്‍ അതിന്റെ മൂലധന സമാഹരണത്തിനായി ഇന്നേ തുനിഞ്ഞിറങ്ങാം. മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലൂടെ അത് സാധ്യമാക്കാനാവും.

മ്യൂച്വല്‍ ഫണ്ടിലൂടെ എങ്ങനെ ബിസിനസ് തുടങ്ങുന്നതിനുള്ള മൂലധനം സമാഹരിക്കാമെന്ന് നമുക്ക് നോക്കാം.ഇങ്ങനെയൊരു സാഹചര്യം മനസില്‍ കാണൂ.

$ അഞ്ച് വര്‍ഷത്തിന് ശേഷം നിങ്ങള്‍ക്ക് സംരംഭം തുടങ്ങണം.

$ അപ്പോള്‍ ബിസിനസ് തുടങ്ങാന്‍ 20 ലക്ഷം രൂപ കയ്യില്‍ വേണം. പ്രതിമാസ ചെലവുകള്‍ക്കായി 50,000 രൂപയും ലഭിക്കണം.

ബിസിനസ് തുടങ്ങാനുള്ള 20 ലക്ഷത്തിന് എന്ത് വേണം?

ഇപ്പോള്‍ 27,000 രൂപ പ്രതിമാസം അടയ്ക്കുന്ന എസ്‌ഐപി ചേര്‍ന്നാല്‍ അഞ്ച് വര്‍ഷത്തിന് ശേഷം ഈ തുക നിങ്ങള്‍ക്ക് സമാഹരിക്കാനാകും. ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ കാണുന്ന അത്ര ചാഞ്ചാട്ടമില്ലാത്ത ഡെറ്റ് ഫണ്ടുകള്‍ ശരാശരി ഓമ്പത് ശതമാനം വാര്‍ഷിക നേട്ടം നല്‍കുന്നുണ്ട്. ഇക്വിറ്റി ഫണ്ടുകളാണെങ്കില്‍ നേട്ട സാധ്യത 13 ശതമാനം വരെയാകാം.

പ്രതിമാസ ചെലവുകള്‍ക്കായുള്ള ഫണ്ട് സമാഹരണം

ഈ തുക സമാഹരിക്കല്‍ കുറച്ച് ബുദ്ധിമുട്ടേറിയതാണ്. പക്ഷേ അത് കണ്ടെത്തിയില്ലെങ്കില്‍ കാര്യങ്ങള്‍ അവതാളത്തിലാകും. ബിസിനസില്‍ നിന്ന് വരുമാനം ലഭിക്കും വരെ വാടക, ശമ്പളം എല്ലാം വേണമല്ലോ. അതിനായി സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനും സിസ്റ്റമാറ്റിക് വിത്ത്ഡ്രോവല്‍ പ്ലാനും ചേര്‍ന്നുള്ള രീതിയാണ് അഭികാമ്യം.

സ്റ്റെപ്പ് 1. പ്രതിമാസം 12,000 രൂപ നിക്ഷേപിക്കുന്ന ഒരു ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് എസ്ഐപി തുടങ്ങുക. ഇതിന് ഏകദേശം 13 ശതമാനം വാര്‍ഷിക നേട്ടം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

സ്റ്റെപ്പ് 2: അഞ്ച് വര്‍ഷത്തിന് ശേഷം ഇതിന്റെ മെച്വൂരിറ്റി വാല്യു ഏകദേശം 10.18 ലക്ഷമായിട്ടുണ്ടാകും (ഗ്രാഫ് നോക്കുക).

സ്റ്റെപ്പ് 3: 61-ാം മാസം മുതല്‍, അതായത് അഞ്ച് വര്‍ഷം തികഞ്ഞ ശേഷമുള്ള ആദ്യമാസം മുതല്‍ സിസ്റ്റമാറ്റിക് വിത്ത്ഡ്രോവല്‍ പ്ലാന്‍ (മ്യുച്വല്‍ ഫണ്ട് നിക്ഷേപത്തില്‍ നിന്ന് നിശ്ചിത തുക പ്രതിമാസം പിന്‍വലിക്കുന്ന രീതി) വഴി 50,000 രൂപ പിന്‍വലിക്കുക.

സ്റ്റെപ്പ് 4: ഫണ്ടിന് തുടര്‍ന്നും 13 ശതമാനം വാര്‍ഷിക നേട്ടം ലഭിച്ചുകൊണ്ടിരിക്കും. 61-ാം മാസം മുതല്‍ 97-ാം മാസം വരെ പ്രതിമാസം 50,000 രൂപ പിന്‍വലിച്ചാലും ഫണ്ടില്‍ 5.54 ലക്ഷം രൂപയുണ്ടാകും.

സ്റ്റെപ്പ് 5: ബാക്കിവരുന്ന 5.54 ലക്ഷം രൂപ ആവശ്യമെങ്കില്‍ ബിസിനസ് വിപുലീകരണത്തിന് വിനിയോഗിക്കാം. അല്ലെങ്കില്‍ അവശ്യഘട്ടത്തില്‍ ഉപയോഗിക്കാനായി സൂക്ഷിക്കുകയും ചെയ്യാം.

അതായത് നിങ്ങള്‍ രണ്ട് എസ്ഐപികള്‍, 20 ലക്ഷത്തിന്റെ പ്രാരംഭ മൂലധനത്തിനായി 27,000 രൂപയുടെയും 50,000 രൂപ പ്രതിമാസ ചെലവ് കണ്ടെത്താനായി 12,000 രൂപയുടെയും തുടങ്ങിയാല്‍ അഞ്ച് വര്‍ഷം കഴിയുമ്പോള്‍ ഫണ്ടിനായി ഓടിനടക്കാതെ തന്നെ ഒരു സംരംഭത്തിന് തുടക്കമിടാനാകും.

അതിനായി ഇപ്പോള്‍ തന്നെ പ്രതിമാസം 39,000 രൂപ (27,000+12,000) മാറ്റിവെയ്ക്കാന്‍ തയാറാവുക.

നിലവില്‍ നിങ്ങള്‍ ജോലി ചെയ്യുകയാണെങ്കില്‍ ഈ തുക ബിസിനസ് സ്വപ്നത്തിലേക്കായി മാറ്റിവെയ്ക്കൂ. അഞ്ച് വര്‍ഷത്തിന് ശേഷം സംരംഭം തുടങ്ങാം. അതിന് ശേഷം മൂന്ന് വര്‍ഷത്തോളം പ്രതിമാസം നിശ്ചിത തുക നിങ്ങള്‍ക്ക് കയ്യില്‍ വരും. അപ്പോഴേക്കും നിങ്ങളുടെ ബിസിനസ് പിടിച്ചുനില്‍ക്കാന്‍ കരുത്ത് നേടും. അതോടെ ബാങ്കുകളില്‍ നിന്നോ അല്ലെങ്കില്‍ ഏയ്ഞ്ചല്‍ ഫണ്ടിംഗോ വിസി ഫണ്ടോ സമാഹരിച്ച് ബിസിനസിനെ അടുത്ത തലത്തിലേക്ക് വളര്‍ത്താനുമാകും.

(ഫിനാന്‍ഷ്യല്‍ അഡ്വൈസറാണ് ലേഖകന്‍)

(Originally published in Dhanam Magazine October 31, 2025 issue.)

Do you need funds to start a business? Here's a way

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT