Managing Business

ബിസിനസ് കൂട്ടാന്‍ വാരിക്കോരി സൗജന്യങ്ങള്‍ നല്‍കണോ?

സൗജന്യ സേവനങ്ങള്‍ നല്‍കുന്നത് ഭാവിയില്‍ ബിസിനസ് വളര്‍ത്താന്‍ ഉപകരിക്കുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ?

Siju Rajan

സൗജന്യ സേവനം നല്‍കുക എന്നത് ഇന്ന് ബിസിനസ്സില്‍ പലരും ചെയ്യുന്ന ഒന്നാണ്. എന്നാല്‍ ഈ സൗജന്യ സേവനം നല്‍കുന്നത് പല സാഹചര്യങ്ങളിലും ഗുണകരമായി ഭവിക്കാറില്ല. ആളുകള്‍ പണം ചെലവഴിച്ചു വാങ്ങുന്നതില്‍ മാത്രമേ മൂല്യം കാണൂ എന്നതിനാല്‍ത്തന്നെയാണ് സൗജന്യ സേവനം നല്‍കുന്നത് ബിസിനസ്സിന് ദീര്‍ഘകാലത്തേക്ക് ഗുണം ചെയ്യാത്തത്. ചെറിയ ബിസിനസിനെ സംബന്ധിച്ച് സൗജന്യ സേവനവും ഉല്‍പ്പന്നവും നല്‍കുന്നത് ഹ്രസ്വകാലത്തേക്ക് ഉപകാരപ്പെടുമെങ്കിലും, ഒരിക്കല്‍ സൗജന്യം നിര്‍ത്തി അത് വിലയ്ക്ക് നല്‍കാന്‍ തുടങ്ങിയാല്‍ ആളുകളുടെ കൊഴിഞ്ഞുപോക്ക് വീക്ഷിക്കാന്‍ കഴിയും. അതിനാല്‍ വളരെ തന്ത്രപരമായിവേണം സൗജന്യം നല്‍കുവാന്‍. ഏതെല്ലാം സാഹചര്യങ്ങളിലാണ് സൗജന്യ സേവനം നല്‍കേണ്ടത്?

1. Business Promotion: സൗജന്യമായി ഒരു ഉല്‍പ്പന്നം നല്‍കുമ്പോള്‍ അത് സ്വീകരിക്കുന്ന വ്യക്തി ഭാവിയില്‍ കൂടുതല്‍ ഉല്‍പ്പന്നം പണം ചെലവഴിച്ച് വാങ്ങും എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അല്ലാത്തപക്ഷം അതൊരു പാഴ്‌ച്ചെലവായി മാറും. സൗജന്യം നല്‍കുന്നത് മാര്‍ക്കറ്റിംഗിന്റെ ഭാഗമായി മാത്രം കാണരുത്. നിങ്ങളുടെ ഉല്‍പ്പന്നത്തിന് ഒരു മൂല്യമുണ്ട്. ആ മൂല്യം, ഉല്‍പ്പന്നമോ സേവനമോ സൗജന്യമായി നല്‍കുന്നതുവഴി ഇല്ലാതാവരുത്. ആയതിനാല്‍ സൗജന്യമായി നല്‍കുന്ന ഓരോ ഉല്‍പ്പന്നത്തിനും ഭാവിയില്‍ അതെ വ്യക്തിയില്‍ നിന്നും പണം തിരിച്ചുപിടിക്കാന്‍ കഴിയണം.

2. Razor and blade pricing: ഒരു ഉല്‍പ്പന്നത്തിന്റെ ഒരു ഭാഗം മാത്രം സൗജന്യമായി നല്‍കി അത് പ്രവര്‍ത്തന യോഗ്യമാക്കുന്നതിനുള്ള ഭാഗത്തിന് കൂടുതല്‍ വില നിശ്ചയിക്കുന്ന രീതിയാണിത്. Gillette കമ്പനി നല്ലരീതിയില്‍ പ്രയോഗിച്ച് വിജയിച്ച രീതിയായതിനാലാണ് ഈ പേരില്‍ അറിയപ്പെടുന്നത്. Gillette ന്റെ Razor നെക്കാളും കൂടുതല്‍ വില blade ന് ഉണ്ട്. blade ഇല്ലാതെ Razor ഉപയോഗിക്കാനും കഴിയുകയില്ല. ഇതിനോടൊപ്പം തന്നെ ചേര്‍ത്തുപറയാവുന്ന ഒന്നാണ് ഫ്രീമിയം ബിസിനസ് രീതി. തുടക്കത്തിലേ സേവനം സൗജന്യമായി നല്‍കി തുടര്‍ന്നുള്ള സേവനങ്ങള്‍ക്ക് തുക ഈടാക്കുക. തുടര്‍ന്നുള്ള സേവനം അത്രമാത്രം ആളുകളെ സ്വാധീനിക്കുന്ന ഒന്നാവണം.

3 . Elite Customer Group: എല്ലാ ബിസിനസ്സുകളിലും elite customer എന്ന ഒരു വിഭാഗമുണ്ടാകും ഉണ്ടാകും. ഇത്തരം ഉപഭോക്താക്കള്‍ ബിസിനസ്സിന്റെ വളര്‍ച്ചക്ക് വലിയ രീതിയില്‍ പങ്കുവഹിക്കുന്ന കൂട്ടരായിരിക്കും. ഇവര്‍ സ്ഥാപനത്തില്‍ നിന്നും കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ നിരന്തരമായി വാങ്ങുന്നവരാവും. ഇത്തരം ഉപഭോക്താക്കളെ നിലനിര്‍ത്തണമെങ്കില്‍ സൗജന്യമായി ചില കാര്യങ്ങള്‍ ചെയ്തുകൊടുക്കുന്നത് സഹായകരമാകും. ഉത്സവകാലങ്ങളിലോ, വ്യക്തിപരമായ ആഘോഷദിനങ്ങളിലോ സമ്മാനരൂപത്തില്‍ നല്‍കുന്നതും നല്ല ബന്ധം സ്ഥാപിക്കാന്‍ ഉപകരിക്കും. അത് ബിസിനസ്സില്‍ അവരെ നിലനിര്‍ത്താനും സഹായിക്കും.

ഓര്‍ക്കുക സൗജന്യം നല്‍കുന്ന എന്നത് പലപ്പോഴും ബിസിനസിന് ഗുണത്തേക്കാളും കൂടുതല്‍ ദോഷമായിരിക്കും ചെയ്യുക. അതിനാല്‍ വളരെയധികം ശ്രദ്ധിച്ചുമാത്രം സൗജന്യം നല്‍കുക.

പല സംരംഭകരും ബിസിനസ് ആരംഭിക്കുന്നതിന് മുമ്പ്തന്നെ പറയുന്ന ഒരു കാര്യമാണ്, ബിസിനസ്സില്‍ ചാരിറ്റിക്ക് വേണ്ടി ഒരു തുക മാറ്റിവയ്ക്കണം എന്ന്. അത് നല്ലകാര്യമാണ് എങ്കില്‍കൂടി ബിസിനസ് break even കടന്നതിനുശേഷം മാത്രം വലിയ തോതില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളെ കുറിച്ച് ചിന്തിക്കുന്നതാവും അഭികാമ്യം. ബിസിനസ്സിന്റെ പ്രഥമലക്ഷ്യം ലാഭം തന്നെയാണ്.

Siju Rajan Business Branding Strategist BRANDisam LLP www.sijurajan.com +91 8281868299

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT