ശരിക്കും നിങ്ങളുടെ സ്ഥാപനത്തിന് ബ്രാന്‍ഡിംഗ് ചെയ്യേണ്ടതുണ്ടോ? ഇതിന് വ്യക്തമായ ഉത്തരം നല്‍കണമെങ്കില്‍ കുറച്ച് ചരിത്രം പറയേണ്ടതുണ്ട്. എന്തിനെ ആശ്രയിച്ചാണ് ബിസിനസ്സില്‍ മത്സരങ്ങള്‍ ഉണ്ടായത് എന്നതിനെ കുറിച്ച് മനസിലാക്കാം.
വ്യവസായവിപ്ലവകാലത്ത് നിങ്ങളുടെ കയ്യില്‍ ഒരു യന്ത്രം ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് വ്യവസായത്തില്‍ വിജയിക്കാന്‍ കഴിയുമായിരുന്നു. കാരണം മറ്റുള്ളവരുടെ കയ്യില്‍ ഇല്ലാത്ത ഒരു യന്ത്രമായിരിക്കും അന്നത്തെ കാലത്ത് ബിസിനസ് വിജയത്തിന് കാരണമാവുക. പിന്നീട് കാലം കുറെ കഴിഞ്ഞപ്പോള്‍ നിങ്ങള്‍ക്ക് ഫാക്ടറിയും, നല്ല പരിശീലനം സിദ്ധിച്ച തൊഴിലാളികളും ഉണ്ടെങ്കില്‍ മാര്‍ക്കറ്റില്‍ വിജയിക്കാന്‍ കഴിയുമായിരുന്നു. പിന്നീട് എല്ലാവര്‍ക്കും ഫാക്ടറികളായപ്പോള്‍ നിങ്ങള്‍ക്ക് മറ്റുള്ളവരെക്കാളും മൂലധനം ഉണ്ടെങ്കില്‍ വിജയിക്കാന്‍ കഴിയും എന്ന അവസ്ഥയിലെത്തി. കാലം വീണ്ടും കഴിഞ്ഞപ്പോള്‍ എല്ലാര്‍ക്കും ഫാക്ടറി നിര്‍മിക്കാനും, തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കാനും, മൂലധനം ശേഖരിക്കാനും കഴിയുന്ന അവസ്ഥയെത്തി. അപ്പോള്‍ മത്സരത്തിന് കാരണമായത് Patent, copyright തുടങ്ങിയ intellectual property കള്‍ ആയിരുന്നു. പക്ഷെ ഇന്ന് ബ്രാന്‍ഡ് ഉണ്ടെങ്കില്‍ വിജയിക്കാം എന്ന അവസ്ഥയില്‍ എത്തിയിരിക്കുന്നു.
ഇനി എന്താണ് ബ്രാന്‍ഡ് എന്നത് എളുപ്പത്തില്‍ മനസിലാക്കാം. അത് മനസിലാക്കണം എങ്കില്‍ ബ്രാന്‍ഡ് എന്നത് ഒരു ലോഗോയോ, പാക്കിങ് ഡിസൈനോ, വെബ്‌സൈറ്റോ മാത്രമല്ല എന്ന് തിരിച്ചറിയുക. ഒരു ഉല്‍പ്പന്നത്തെ കുറിച്ച് നമ്മുടെ മനസ്സിലുള്ള ശക്തമായ ചിന്തയാണ് ബ്രാന്‍ഡ്. അത് ആ സ്ഥാപനത്തിന് നിയന്ത്രിക്കാന്‍ കഴിയില്ല. അതിനെ influence ചെയ്യാന്‍ മാത്രമേ കഴിയൂ. ബ്രാന്‍ഡ് എന്ന വാക്കിന് പകരമായി ഉപയോഗിക്കാന്‍ കഴിയുന്ന അതിന് അടുത്ത് നില്‍ക്കുന്ന വാക്ക് എന്തായിരിക്കും? Reputation അഥവാ മതിപ്പ്. നമ്മളെ കുറിച്ച് മതിപ്പ് തോന്നേണ്ടത് മറ്റുള്ളവര്‍ക്കാണ്, അതിനെ നിയന്ത്രിക്കാന്‍ ഒരു പരിധി വരെയെ നമുക്ക് കഴിയുകയുള്ളു. ബ്രാന്‍ഡിനും അതുപോലെ തന്നെയാണ്.
കുറച്ചു കൂടെ ലളിതമായി പറഞ്ഞാല്‍. എന്റെ സ്ഥാപനം നല്ലതാണെന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞാല്‍ അതാണ് മാര്‍ക്കറ്റിംഗ്. അതു ഞാന്‍ ഫോണ്‍ ചെയ്ത് പറയുകയാണെങ്കില്‍ അതാണ് ടെലിമാര്‍ക്കറ്റിംഗ്, എന്റെ സ്ഥാപനത്തെ കുറിച്ച് നല്ലൊരു വാര്‍ത്ത മാധ്യമങ്ങളില്‍ വരുകയാണെങ്കില്‍ അതാണ് പബ്ലിക് റിലേഷന്‍. ഇനി ഞാന്‍ നിരന്തരമായി എന്റെ സ്ഥാപനം മികച്ചതാണെന്ന് പറയുകയാണെങ്കില്‍ അതിനെ advertisement എന്ന് വിളിക്കാം. ഇനി ഒരു ഡിസൈനിലൂടെ എന്റെ സ്ഥാപനം മികച്ചതാണെന്ന് അവതരിപ്പിക്കുകയാണെങ്കില്‍ അതിനെ ബിസിനസ്സ് ഗ്രാഫിക് ഡിസൈന്‍ എന്ന് പറയാം. എന്നാല്‍ നിങ്ങള്‍ പറയുകയാണ് എന്റെ സ്ഥാപനം മികച്ചതാണ് എന്ന്, എങ്കില്‍ അതാണ് ബ്രാന്‍ഡിംഗ്.
ബ്രാന്‍ഡിംങ്ങിന്റെ ലക്ഷ്യമെന്നത് ഉപഭോക്താക്കളെ ആനന്ദിപ്പിക്കുക (Delight) എന്നതാണ്. Delight എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് ഉപഭോക്താക്കള്‍ക്ക് ഒരു പ്രതീക്ഷ ഉണ്ടാകും ആ പ്രതീക്ഷക്ക് അപ്പുറത്ത് നമ്മുടെ ഉല്‍പ്പന്നം പ്രവര്‍ത്തിക്കുമ്പോള്‍ ഉപഭോക്താവിന്റെ മനസ്സിലുണ്ടാകുന്ന വികാരം. അത്തരത്തില്‍ ഉപഭോക്താക്കളെ ആനന്ദിപ്പിച്ചാല്‍ കൂടുതല്‍ ആളുകള്‍ ഉല്‍പ്പന്നം വാങ്ങും അതും ഉയര്‍ന്ന തുകയ്ക്ക്. ബ്രാന്‍ഡഡ് ഉല്‍പന്നങ്ങളുടെ വില എന്നത് അതിന്റെ ഉല്‍പാദന ചെലവും ലാഭവിഹിതവും അല്ല, ഉപഭോക്താക്കള്‍ ഇടുന്ന മൂല്യമാണ്. പക്ഷെ ഇതിന് ഒരു മറുവശം കൂടെ ഉണ്ട്. നമുക്ക് നല്‍കാന്‍ കഴിയുന്നതിനെക്കാളും കാര്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഉറപ്പ് നല്‍കിയാല്‍ അവര്‍ ഉയര്‍ന്ന പ്രതീക്ഷ വയ്ക്കും അത് നമുക്ക് നിറവേറ്റാന്‍ കഴിയാതെ ആകുമ്പോള്‍ അവക്ക് നിരാശ ഉണ്ടാകും, ഉല്‍പ്പന്നം വാങ്ങുന്നവരുടെ എണ്ണം കുറയും അത് ഉല്‍പ്പന്നത്തിന്റെ വില കുറയ്ക്കും.
അപ്പോള്‍ ബ്രാന്‍ഡ് വളര്‍ത്താനായി നമ്മുടെ സ്ഥാപനത്തിന്റെ വിഷന്‍ മുതല്‍ ഓരോഘട്ടവും വളരെ സൂക്ഷിച്ച് നിര്‍മിക്കേണ്ടതുണ്ട്. ഇനി ആദ്യം ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം. നിങ്ങളുടെ സ്ഥാപനത്തിന് ബ്രാന്‍ഡിംഗ് ആവശ്യമാണോ? നിങ്ങളുടെ സ്ഥാപനത്തിന്റെ ലക്ഷ്യം പണം ഉണ്ടാക്കുക എന്നത് മാത്രമാണെങ്കില്‍ നിങ്ങള്‍ ഡിമാന്റ് ്അനുസരിച്ച് മാര്‍ക്കറ്റില്‍ ഉല്‍പ്പന്നം ഇറക്കിയാല്‍ മതി. ആ സാഹചര്യത്തില്‍ ബ്രാന്‍ഡിംഗ് ആവശ്യമായി വരുന്നില്ല. എന്നാല്‍ നിങ്ങളുടെ ആഗ്രഹം നിങ്ങള്‍ ഇല്ല എങ്കിലും നിങ്ങളുടെ ബിസിനസ്സ് മുന്നോട്ട് പോകുന്ന അവസ്ഥയിലേക്ക് മാറണം എന്നാണെങ്കില്‍, ആളുകളുടെ ഒരു പ്രശ്‌നത്തെ പരിഹരിക്കുന്ന രീതിയില്‍ നിങ്ങളുടെ ഉല്‍പ്പന്നം മാറണം എങ്കില്‍, ആളുകള്‍ക്ക് ഒരു ആവശ്യം വരുമ്പോള്‍ നിങ്ങളുടെ ഉല്‍പ്പന്നത്തെ കുറിച്ച് ആളുകള്‍ ഓര്‍ക്കണം എന്നുണ്ടെങ്കില്‍ ഒപ്പം ധാരാളം പണം ഉണ്ടാകണമെങ്കില്‍ തീര്‍ച്ചയായും ബ്രാന്‍ഡിംഗ് അനിവാര്യമാണ്. മാത്രമല്ല നിങ്ങള്‍ ചെയ്യുന്ന ബിസിനസ്സിനോട് നിങ്ങള്‍ക്ക് ഒരു ഇഷ്ടം വേണം. എനിക്ക് ഒരു റെസ്‌റ്റോറന്റ് ആണ് ഉള്ളത് എന്നാല്‍ എനിക്ക് പാചകം ഒട്ടും ഇഷ്ടമല്ല എങ്കില്‍ ഒരിക്കലും ബ്രാന്‍ഡായി വളരാന്‍ കഴിയണമെന്നില്ല.
(ബ്രാന്‍ഡിസം എല്‍എല്‍പിയുടെ ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റാണ് ലേഖകന്‍. ഫോണ്‍ +91 8281868299)
Read DhanamOnline in English
Subscribe to Dhanam Magazine