Family Business

പോരാടാന്‍ ഉറച്ച് വള്ളി അരുണാചലം: മുരുഗപ്പ കുടുംബപ്പോര് കോടതിയിലേക്ക്

Dhanam News Desk

ഡയറക്റ്റര്‍ ബോര്‍ഡില്‍ അംഗത്വം നിഷേധിച്ച നടപടിയെ ചോദ്യം ചെയ്ത് മുരുഗപ്പ കുടുംബത്തിലെ വള്ളി അരുണാചലം കോടതിയെ സമീപിച്ചു. മുരുഗപ്പ ഗ്രൂപ്പിന്റെ ഹോള്‍ഡിംഗ് കമ്പനിയായ അമ്പാടി ഇന്‍വെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡ് മാനേജ്‌മെന്റിനും മുരുഗപ്പ കുടുംബാംഗങ്ങള്‍ക്കും വള്ളി അരുണാചലം വക്കീല്‍ നോട്ടീസ് അയച്ചു.

മുന്‍ എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ എം വി മുരുഗപ്പന്റെ മകളാണ് വള്ളി അരുണാചലം. 2017ല്‍ മുരുഗപ്പന്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. അമ്പാടി ഇന്‍വെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡിന്റെ ഡയറക്റ്റര്‍ ബോര്‍ഡില്‍ പുരുഷന്മാര്‍ മാത്രമാണുള്ളത്. മുരുഗപ്പ കുടുംബത്തിന്റെ പാരമ്പര്യം അനുസരിച്ച് പുരുഷന്മാര്‍ മാത്രമാണ് കമ്പനിയുടെ ഡയറക്റ്റര്‍മാരായി നിയമിതരാകുക.

എം വി മുരുഗപ്പന്‍ അന്തരിച്ചപ്പോള്‍ മുതല്‍ അദ്ദേഹത്തിന്റെ രണ്ടു പെണ്‍മക്കളില്‍ ഒരാളെ ഡയറക്റ്റര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തുകയോ അല്ലെങ്കില്‍ മുരുഗപ്പന്റെ വിധവയുടെയും രണ്ട് പെണ്‍മക്കളുടെയും കൈവശമുള്ള ഗ്രൂപ്പ് ഓഹരികള്‍ മാന്യമായ മൂല്യത്തിന് തിരികെ വാങ്ങുകയോ വേണമെന്ന ആവശ്യമാണ് വള്ളി അരുണാചലം മുന്നോട്ട് വെച്ചത്.

ഈ ആവശ്യങ്ങളില്‍ ഇതുവരെ തീരുമാനമെടുക്കാതെ തങ്ങളെ കബളിപ്പിക്കുകയാണെന്ന് വള്ളി പറയുന്നു. പ്രശ്‌നത്തില്‍ രമ്യമായി പരിഹാരം കാണാനുള്ള വഴി അടഞ്ഞതിനാലാണ് കോടതിയെ സമീപിച്ചതെന്നും അവര്‍ പറയുന്നു.

1900 ത്തില്‍ രൂപീകൃതമായ മുരുഗപ്പ ഗ്രൂപ്പിന് കീഴില്‍ ഇപ്പോള്‍ രണ്ടു ഡസനിലേറെ കമ്പനികളുണ്ട്. അതില്‍ ഒമ്പതെണ്ണം ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്തതാണ്.

കഴിഞ്ഞ മാസം നടന്ന ഗ്രൂപ്പിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ വള്ളി അരുണാചലത്തിന്റെ ഡയറക്റ്റര്‍ ബോര്‍ഡില്‍ അംഗത്വം വേണമെന്ന ആവശ്യം വോട്ടിനിട്ട് തള്ളുകയായിരുന്നു. അമ്പാടി ഇന്‍വെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡിന്റെ ഓഹരിയുടമകളില്‍ ഭൂരിഭാഗവും കുടുംബാംഗങ്ങള്‍ തന്നെയാണ്. വള്ളി അരുണാചലത്തിനും കുടുംബത്തിനും ഗ്രൂപ്പിന്റെ 8.15 ശതമാനം ഓഹരികളാണുള്ളത്.

കോടതി മുഖാന്തിരം അനുകൂല വിധി സമ്പാദിച്ചാല്‍, മുരുഗപ്പ ഗ്രൂപ്പിന്റെ ഡയറക്റ്റര്‍ ബോര്‍ഡിലെത്തുന്ന ആദ്യ വനിതയാകും വള്ളി അരുണാചലം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam YouTube Channel – youtube.com/dhanammagazine

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT