Managing Business

ഈ 5 മാര്‍ഗങ്ങള്‍ പരീക്ഷിക്കൂ, പ്രൊഡക്റ്റിവിറ്റി ഇരട്ടിയാകും

Dhanam News Desk

ഓഫീസില്‍ വളരെ നേരത്തെ വരുകയും ഇരുട്ടിയിട്ട് മാത്രം ഇറങ്ങുകയും ചെയ്യുന്നവരുണ്ട്. എന്നാല്‍ അതുകൊണ്ട് അവര്‍ മറ്റുള്ളവരെക്കാള്‍ ജോലി ചെയ്യുന്നുണ്ടെന്ന് അര്‍ത്ഥമില്ല. നിങ്ങള്‍ എത്ര നേരം ജോലി ചെയ്യുന്നു എന്നതില്ല കാര്യം, എത്രമാത്രം കാര്യക്ഷമതയോടെ ചെയ്യുന്നു എന്നത് മാത്രമാണ് പ്രധാനം.

കൃത്യസമയത്ത് ഓഫീസിലെത്തുകയും പ്രസരിപ്പോടെ കാര്യങ്ങള്‍ ചെയ്തുതീര്‍ത്ത് കൃത്യസമയത്ത് സംതൃപ്തിയോടെ ഓഫീസില്‍ നിന്ന് ഇറങ്ങാന്‍ സാധിക്കണമെങ്കില്‍ നിങ്ങളുടെ ജോലിയിലെ പ്രൊഡക്റ്റിവിറ്റി കൂട്ടണം.ലളിതമായ മാര്‍ഗങ്ങളിലൂടെ നിങ്ങളുടെ ഉല്‍പ്പാദനക്ഷമത ഉയര്‍ത്താന്‍ കഴിയും.

1. മള്‍ട്ടിടാസ്‌കിംഗ് വേണ്ട

ഫോണില്‍ സംസാരിച്ചുകൊണ്ട് ഇ-മെയ്ല്‍ അയക്കുക, ചാറ്റ് ചെയ്തുകൊണ്ട് പ്രസന്റേഷന്‍ തയാറാക്കുക... തുടങ്ങിയ കാര്യങ്ങള്‍ വേണ്ട. പലകാര്യങ്ങള്‍ ഒരുമിച്ചു ചെയ്യുന്നത് നിങ്ങളുടെ ഉല്‍പ്പാദനക്ഷമതയെ ബാധിക്കും. തെറ്റും പറ്റാം. ചെയ്യുന്ന കാര്യത്തില്‍ പൂര്‍ണ്ണശ്രദ്ധ കൊടുക്കുക.

2. ചെറിയ ഇടവേളകള്‍

മടുപ്പ് തോന്നുമ്പോള്‍ എഴുന്നേറ്റ് ചെറിയ ഇടവേളകളെടുക്കുക. കാലും കൈയ്യുമൊക്കെ സ്‌ട്രെച്ച് ചെയ്യുക. ചെറിയൊരു നടത്തമാകാം.

3. ലഞ്ച് ബ്രേക്ക്

ലഞ്ച് ബ്രേക്ക് ഭക്ഷണം കഴിക്കാന്‍ മാത്രമുള്ളതല്ല. നിങ്ങളുടെ മനസിനെ കൂടി ചാര്‍ജ് ചെയ്യാനുള്ളതാണ്. കൈയില്‍ ഒരു ബര്‍ഗറുമായി സിസ്റ്റത്തിന്റെ മുന്നിലിരുന്ന് ജോലി ചെയ്യുന്നവരെക്കാള്‍ പ്രൊഡക്റ്റീവ് ആയിട്ടുള്ളത് ലഞ്ച് ബ്രേക്ക് എടുക്കുന്നവര്‍ തന്നെയാണ്. ഈ സമയത്ത് ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാറ്റിവെക്കുക.

4. ധ്യാനം

രണ്ട് മിനിറ്റ് മെഡിറ്റേഷന്‍ കൊണ്ടുപോലും നിങ്ങളുടെ ഉല്‍പ്പാദനക്ഷമത ഏറെ വര്‍ധിപ്പിക്കാനാകും. മനസ് ശാന്തമാക്കി ജോലിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മെഡിറ്റേഷന്‍ സഹായിക്കും.

5. വ്യായാമം

വ്യായാമത്തിലൂടെ ശരീരത്തിനും മനസിനും പ്രയോജനം ലഭിക്കുക മാത്രമല്ല, ജോലിയില്‍ നിങ്ങളുടെ പ്രൊഡക്റ്റിവിറ്റിയും കൂടും. അതിനായി രാവിലെ വ്യായാമം ചെയ്തശേഷം ഓഫീസിലെത്തി ജോലി തുടങ്ങുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT