പലപ്പോഴും തെറ്റായി മനസിലാക്കപ്പെടുന്ന ഒന്നാണ് ഫ്രാഞ്ചൈസിങ് ബിസിനസ്. സംരംഭകത്വത്തിനും വളര്‍ച്ചക്കും സവിശേഷമായ അവസരങ്ങള്‍ നല്‍കുന്ന, ഊര്‍ജസ്വലവും വികസിച്ചുകൊണ്ടിരിക്കുന്നതുമായ ഒരു ബിസിനസ് മോഡലാണിത്. ഫ്രാഞ്ചൈസിങ് വളരെ വ്യാപകമാണെങ്കിലും, അതിനെക്കുറിച്ച് ചില തെറ്റിദ്ധാരണകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഫ്രാഞ്ചൈസിങ് മേഖലയെക്കുറിച്ച് കൂടുതല്‍ വ്യക്തവും കൃത്യവുമായ ധാരണ നല്‍കുന്നതിനായി പ്രധാനപ്പെട്ട അഞ്ച് മിഥ്യാ ധാരണകളെ ഈ ലേഖനം വിശകലനം ചെയ്യുന്നു.
മിഥ്യ 1: സ്വയം ജോലി ചെയ്യുകയും പൂജ്യത്തില്‍ നിന്ന് ഒരു ബിസിനസ് ആരംഭിക്കുകയും ചെയ്താല്‍ മാത്രമെ ഒരു സംരംഭകനാകൂ.
ഈ ധാരണയെ വിദഗ്ധര്‍ അസംബന്ധമായി കണക്കാക്കുന്നു. സംരംഭകത്വം എന്നത് ഒരു സംരംഭം അടിത്തട്ടില്‍ നിന്ന് ആരംഭിക്കുന്നതിലൂടെ മാത്രം നിര്‍വചിക്കപ്പെടുന്ന ഒന്നല്ല. ഒരു ബിസിനസ് സ്വന്തമാക്കാനും സംരംഭകത്വ മനോഭാവം വളര്‍ത്താനുമുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗങ്ങളിലൊന്നായി ഒരു ഫ്രാഞ്ചൈസി ഉടമയാകുന്നതിലൂടെ കഴിയും. ഈ മാതൃക വ്യക്തികളെ ഒരു ചട്ടക്കൂട് പ്രയോജനപ്പെടുത്തി, അവരുടെ ബിസിനസ് വൈദഗ്ധ്യം ഉപയോഗപ്പെടുത്താന്‍ സഹായിക്കുന്നു.
മിഥ്യ 2: ഫ്രാഞ്ചൈസിങ് ഒരു ആധുനിക കണ്ടുപിടുത്തമാണ്.
പരക്കെയുള്ള ഇത്തരം വിശ്വാസത്തിന് വിരുദ്ധമായി, ഫ്രാഞ്ചൈസിങ്ങിന്റെ വേരുകള്‍ ആധുനിക കാലഘട്ടത്തിനും അപ്പുറത്തേക്ക് നീണ്ടുകിടക്കുന്നു. മധ്യ കാലഘട്ടത്തിന് മുമ്പുതന്നെ മധ്യ യൂറോപിലും ഇംഗ്ലണ്ടിലും നിലനിന്നിരുന്ന ആദ്യകാല സര്‍ക്കാര്‍ നിയന്ത്രണങ്ങളിലും സഭയുടെ വിപുലീകരണ ശ്രമങ്ങളിലും ഇതിന്റെ വേരുകള്‍ കണ്ടെത്താനാകും. മാനേജ്‌മെന്റിനും നികുതി പിരിവിനും പകരമായി രാജാവ് ഭൂമി അവകാശങ്ങള്‍ നല്‍കുന്നതും, 17-ാം നൂറ്റാണ്ടിലെ ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ വ്യാപാര ക്രമീകരണങ്ങളും ചരിത്ര പരമായ ഉദാഹരണങ്ങളാണ്.
ബ്രൂവറി വ്യവസായവും വാണിജ്യപരമായ സഹ- പങ്കാളിത്ത ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തിയിരുന്നു. അമേരിക്കയില്‍ 1731ല്‍ ബെഞ്ചമിന്‍ ഫ്രാങ്ക്ളിന്റെ പ്രിന്റിങ് ബിസിനസിലൂടെയാണ് വാണിജ്യ ഫ്രാഞ്ചൈസിങ് ആരംഭിച്ചത്. 1891ല്‍ അമേരിക്കന്‍ സംരംഭകയായ മാര്‍ത്താ മറ്റില്‍ഡ ഹാര്‍പ്പര്‍ തന്റെ ഹെയര്‍കെയര്‍ ബിസിനസിലൂടെ ആദ്യത്തെ ആധുനിക ഫ്രാഞ്ചൈസി സ്ഥാപിച്ചതായി പറയപ്പെടുന്നു.
മിഥ്യ 3: ഫ്രാഞ്ചൈസിങ്ങില്‍ ഫാസ്റ്റ്ഫുഡ് റെസ്റ്റൊറന്റുകള്‍ മാത്രമാണ് ഉള്‍പ്പെടുന്നത്.
ഫ്രാഞ്ചൈസിയെന്ന വാക്കുമായി ഫാസ്റ്റ്ഫുഡ് വളരെയേറെ ബന്ധപ്പെട്ടിരിക്കുന്നുവെങ്കിലും, യഥാര്‍ത്ഥത്തില്‍ ഫ്രാഞ്ചൈസിങ് ഏത് തരത്തിലുള്ള ബിസിനസിലും പ്രയോഗിക്കാന്‍ കഴിയുന്ന രീതിയാണ്.
-ജോബ് ഫ്രാഞ്ചൈസികള്‍: ട്രാവല്‍ ഏജന്‍സികള്‍, പുല്‍ത്തകിടി പരിപാലനം, പ്ലംബിങ്, ക്ലീനിങ് തുടങ്ങിയ സേവനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
- പ്രൊഡക്റ്റ് ഫ്രാഞ്ചൈസികള്‍: കാറുകള്‍, കാര്‍ റിപ്പയര്‍ ഭാഗങ്ങള്‍, വെന്‍ഡിങ് മെഷീനുകള്‍, സോഫ്റ്റ് ഡിങ്ക്‌സ് ബോട്ടിലിങ് പ്രവര്‍ത്തനങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
- ബിസിനസ് ഫോര്‍മാറ്റ് ഫ്രാഞ്ചൈസികള്‍: ഫാസ്റ്റ്ഫുഡ്, റീറ്റെയ്ല്‍, റെസ്റ്റൊ റന്റുകള്‍, ബിസിനസ് സേവനങ്ങള്‍, ഫിറ്റ്നസ് സെന്ററുകള്‍ തുടങ്ങിയ വ്യവസായങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഏറ്റവും സാധാരണമായ രീതിയാണിത്.
-ഇന്‍വെസ്റ്റ്‌മെന്റ് ഫ്രാഞ്ചൈസികള്‍: ഹോട്ടലുകളിലും വലിയ റെസ്റ്റൊറന്റുകളിലും കാണുന്നത് പോലെ വലിയ മൂലധനം ആവശ്യമുള്ള മാതൃകയാണിത്.
-കണ്‍വേര്‍ഷന്‍ ഫ്രാഞ്ചൈസികള്‍: റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാര്‍, ഫ്ളോറിസ്റ്റുകള്‍, ഹോം സര്‍വീസ് പ്രൊവൈഡര്‍മാര്‍ തുടങ്ങിയ സ്വതന്ത്ര ബിസിനസുകളെ ഒരു ഫ്രാഞ്ചൈസി സംവിധാനത്തിലേക്ക് മാറ്റുന്നത് ഇതില്‍ ഉള്‍പ്പെടുന്നു.
മിഥ്യ 4: ഒരു ഫ്രാഞ്ചൈസി ആകുന്നതിലൂടെ ലാഭകരമായ ബിസിനസ് ഉറപ്പുനല്‍കുന്നു.
ശക്തമായ ഒരു ഫ്രാഞ്ചൈസി ആശയം തെളിയിക്കപ്പെട്ടതും ലാഭകരവുമായിരിക്കണം. കൂടാതെ നിലവിലുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഗണ്യമായ ലാഭം കിട്ടുന്നുണ്ടെന്ന് തെളിയിക്കേണ്ടതുമുണ്ട്. എങ്കിലും, ഒരു ഫ്രാഞ്ചൈസിആകുക എന്നത് ഒരു ലാഭകരമായ ബിസിനസ് ഉറപ്പുനല്‍കുന്നില്ല എന്ന് മനസിലാക്കേണ്ടതുണ്ട്. പ്രാരംഭ ഫ്രാഞ്ചൈസി ഫീ നല്‍കിയാലും ബിസിനസ് ആശയത്തിന്റെ സുരക്ഷിതത്വവും ലാഭക്ഷമതയും വര്‍ധിപ്പിക്കുന്നതിന് വിപുലമായ പരിശോധനകള്‍ നടത്തിയിരിക്കണം. വിജയം എപ്പോഴും ഫലപ്രദമായ മാനേജ്‌മെന്റിനെയും വിപണി സാഹചര്യങ്ങളെയും ആശ്രയിച്ചിരിക്കുന്നു.
മിഥ്യ 5: സ്വതന്ത്ര സ്റ്റാര്‍ട്ടപ്പുകളെപ്പോലെ ഫ്രാഞ്ചൈസി ബിസിനസുകള്‍ക്കും ഉയര്‍ന്ന പരാജയ നിരക്കുണ്ട്.
ഇതൊരു വലിയ തെറ്റിദ്ധാരണയാണ്. ആധുനിക ഫ്രാഞ്ചൈസിങ്ങിന് ഉയര്‍ന്ന പരാജയ നിരക്കുകളില്ല. ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളുടെയും ഫ്രാഞ്ചൈസി ബിസിനസുകളുടെയും പരാജയ നിരക്കിലെ പ്രകടമായ വ്യത്യാസം ഐബിഎം, ഓക്സ്ഫഡ് പഠനം എടുത്തുകാണിക്കുന്നുണ്ട്. ഇന്ത്യയിലെ 90 ശതമാനം സ്റ്റാര്‍ട്ടപ്പുകളും ആദ്യ അഞ്ച് വര്‍ഷത്തിനുള്ളില്‍ പരാജയപ്പെടുമ്പോള്‍, അതേ കാലയളവില്‍ 15 ശതമാനം ഫ്രാഞ്ചൈസികള്‍ക്ക് മാത്രമെ പരാജയം സംഭവിക്കുന്നുള്ളൂ എന്നാണ് പഠനം സൂചിപ്പിക്കുന്നത്. തെളിയിക്കപ്പെട്ട ഒരു ബിസിനസ് മോഡലിന് പൂജ്യത്തില്‍ നിന്ന് തുടങ്ങുന്ന ഒരു സംരംഭത്തെ അപേക്ഷിച്ച് കുറഞ്ഞ നഷ്ട സാധ്യതയും ചെലവും മാത്രമെ ഉണ്ടാവുകയുള്ളൂവെന്ന് ഇതിലൂടെ വ്യക്തമാണ്.
- നിങ്ങളുടെ ഫ്രാഞ്ചൈസി ബിസിനസ് മോഡല്‍ വിപുലീകരിക്കുക: മുകളില്‍ പറഞ്ഞ വ്യത്യാസങ്ങള്‍ മനസിലാക്കുന്നതിലൂടെ, സംരംഭകര്‍ക്ക് ഫ്രാഞ്ചൈസിങ്ങില്‍ കൂടുതല്‍ വ്യക്തതയോടെ തീരുമാനങ്ങളെടുക്കാന്‍ കഴിയും. പരമ്പരാഗത സ്റ്റാര്‍ട്ടപ്പുകളെ അപേക്ഷിച്ച് റിസ്‌ക് കുറഞ്ഞതും തെളിയിക്കപ്പെട്ടതുമായ ബിസിനസ് മോഡലുകളുടെ പിന്തുണയുള്ള മികച്ചൊരു സംരംഭം സ്വന്തമാക്കാന്‍ ഇത് ആളുകള്‍ക്ക് അവസരം നല്‍കുന്നു.
(ഫ്രാഞ്ചൈസി മാനേജ്‌മെന്റില്‍ പി.എച്ച്.ഡി നേടിയ ഡോ. ചാക്കോച്ചന്‍ മത്തായിക്ക് ഈ മേഖലയിൽ 35 വര്‍ഷത്തിലേറെ പ്രവൃത്തി പരിചയമുണ്ട്. എന്‍.ഐ.ഐ.റ്റി, ആപ്ടെക്, കാഡ് സെന്റര്‍, കാവിന്‍ കെയര്‍ ഗ്രൂപ്പിന്റെ ഗ്രീന്‍ ട്രെന്‍ഡ്സ്, നാച്വറല്‍സ് സലൂണ്‍ ആന്‍ഡ് സ്പാ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകള്‍ക്കൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.നിലവില്‍ 'Franchising Rightway' എന്ന കമ്പനി നടത്തുന്നു. 'Hairs Culture' എന്ന സ്ഥാപനത്തിന്റെ സഹ-സ്ഥാപകന്‍ കൂടിയാണ്. ഫോണ്‍: 9884051455, ഇമെയില്‍: chacko@franchisingrightway.com)
(ധനം മാഗസിൻ മേയ് 31 ലക്കത്തിൽ പ്രസിദ്ധീകരിച്ചത്.)
Read DhanamOnline in English
Subscribe to Dhanam Magazine